Tue. Nov 5th, 2024
no need to change reservation in election chairmanship says HC

 

കൊച്ചി:

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരണം ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വൈകിയ വേളയിൽ തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടരുതെന്നു കാണിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും നൽകിയ അപ്പീലുകൾ പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി ചട്ടങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കഴിഞ്ഞ 12ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സംവരണ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 

തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ സംവരണം ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി ഇത്തവണ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. സംവരണസീറ്റുകൾ റൊട്ടേഷൻ പാലിച്ച് മാറ്റണമെന്നും നിർദ്ദേശിച്ചു.

എന്നാൽ 20 ഹർജികളിൽ പലതിലും കക്ഷിയായിരുന്നില്ലെന്നായിരുന്നു സർക്കാർ വാദം. സംവരണത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല സിംഗിൾ ബഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകിയത്.

941 ഗ്രാമപഞ്ചായത്തുകളിലെയും അധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരും.  ജില്ലപഞ്ചായത്തികളിൽ മലപ്പുറത്തേയും പാലക്കേടത്തേയും സംവരണവും മാറ്റേണ്ടിവരും.  ബ്ലോക്കുകളിലും മുൻസിപ്പാലിറ്റികളിലും മാറ്റം വരുത്തേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങൾ ആരംഭിച്ചശേഷം കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാവില്ല എന്ന വാദമാണു സർക്കാർ അപ്പീൽ കോടതിയിൽ ഉയർത്തിയത്.

പൊതുവിഭാഗത്തിനു കൂടി അവസരം ലഭിക്കുന്നതിനാണ് സംവരണ തത്വങ്ങളിൽ പരിവൃത്തി നിശ്ചയിച്ചിരിക്കുന്നത് എന്നതുൾപ്പടെയുള്ള കോടതിയുടെ നീരീക്ഷണത്തിൽ പോരായ്മകളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

https://www.youtube.com/watch?v=LUUf5GiEoic

By Athira Sreekumar

Digital Journalist at Woke Malayalam