Sat. Apr 27th, 2024
fake vote casted in kannur; Local body election 2020
കണ്ണൂർ:

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട് നടന്നത്.

സിപിഎംകാരാണ് തന്റെ വോട്ട് ചെയ്തതെന്ന് പ്രേമദാസ്‌ ആരോപിക്കുന്നു. പോളിംഗ് തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെയാണ് സംഭവം നടന്നതെന്ന് പ്രേമദാസ്‌ പറയുന്നു. പ്രേമദാസ്‌ ക്യു നിന്നപ്പോൾ ഇയാളുടെ പേര് ആദ്യം വിളിക്കുന്ന പോലെ തോന്നിയിരുന്നു. പക്ഷെ കാര്യമാക്കിയില്ല. പിന്നീട് വോട്ട് ചെയ്യാൻ ചെന്നപ്പോൾ പ്രേമദാസ്‌ നേരത്തെ വോട്ട് ചെയ്തതായാണ്ഉദ്യോഗസ്ഥർ അറിയിച്ചത്.

ആ സമയത്ത് ഓപ്പൺ വോട്ടിങ് ചിലത് നടന്നുവെന്നും അതിനിടയിൽ സി പി എം പ്രവർത്തകർ തന്റെ പേരിൽ കള്ളവോട്ട് ചെയ്തതാകാമെന്നുമാണ് പ്രേമദാസ്‌ പറയുന്നത്. കടന്നപ്പള്ളിയിലും  കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകനെ പിടികൂടി.

അതേസമയം, കാസർഗോഡ് മംഗൽപ്പാടിയിൽ ഇരുപതാം വാർഡിൽ മകന്റെ വോട്ട് പിതാവ് മാറി ചെയ്തു. എംഎം അസ്ലമിന്റെ വോട്ട് പിതാവ് മുനീർ മാറി ചെയ്യുകയായിരുന്നു. സ്ലിപ് മാറി പോയതാണ് പ്രശ്നമായത്. പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥരുടെയോ ഏജന്റുമാരുടെയോ ശ്രദ്ധയിൽ ഇത് പെട്ടില്ലെന്നുള്ളതാണ് വിചിത്രം.

മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. താനൂരിലെ പതിനാറാം വാർഡിൽ  മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.

മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനെ ലീഗ് പ്രവർത്തകർ തല്ലി ചതച്ചു എന്നാണ് ആരോപണം. പോലീസ് സ്ഥിഗതികൾ ശാന്തമാക്കി.

കോടത്തൂരിൽ ഓപ്പൺ വോട്ടിങ്ങിനു പ്രായമായ ഒരു സ്ത്രീയെ എൽഡിഎഫ് പ്രവർത്തകർ കൊണ്ടുവന്നപ്പോൾ ബന്ധുക്കൾ ഇല്ലാതെ വോട്ടിങ് പറ്റില്ലെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞതോടെയാണ് സംഘർഷമായത്.

ഇപ്പോൾ രണ്ട് ഇടതും പോളിംഗ് സുഗമമായി പോകുന്നു.

ഉച്ചയോട് അടുക്കുമ്പോൾ തന്നെ അമ്പത് ശതമാനം പോളിംഗിലേക്ക് നാല് ജില്ലയും എത്തി. ആന്തൂർ മുൻസിപ്പാലിറ്റിയിൽ റെക്കോർഡ് പോളിംഗാണ്. 70% പോളിംഗ് ഇതിനോടകം ഇവിടെ പിന്നിട്ടുകഴിഞ്ഞു. നഗര മേഖലകളെക്കാൾ പോളിംഗ് കൂടുതൽ ഗ്രാമപ്രദേശങ്ങളിലാണ്.

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് ദിവസം ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. പത്തൊന്‍പതാം വാര്‍ഡ് ബിജെപി  സ്ഥാനാര്‍ഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയിലാണ് സംഭവം. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു.  നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി (68) ആണ് മരിച്ചത്. ബേപ്പൂര്‍ എല്‍ .പി സ്‌കൂളില്‍ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 9.30 ഓടെ വോട്ട് ചെയ്ത് തിരിച്ച പോവുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

https://www.youtube.com/watch?v=mSzVo1JkTUA

By Arya MR