രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന് ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇപ്പോഴിതാ ബിജെപിയെയും ആര്‍എസ്എസ്സിനെയും നരേന്ദ്രമോദിസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന അഡ്വ ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്.
ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാർഷ്ട്യം മാത്രമാണെന്ന് ആര്‍എസ്എസ്സും ബിജെപിയും പറയാതെ പറയുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അതുകൊണ്ടാണല്ലോ ഒരു ദേശവിരുദ്ധന്റെ, ശാസ്ത്രവിരുദ്ധന്റെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രസ്ഥാപനത്തിന് ഇടാൻ തീരുമാനിച്ചത്. ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് കേരളത്തിലെ മാലിന്യ ഓടകൾക്കു വേണമെങ്കിൽ നരേന്ദ്രമോദിയുടെയോ ഹർഷവർദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്. പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലല്ലോയെന്ന് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. പക്ഷെ അവർക്ക് അതുകൊണ്ടും മാറ്റമുണ്ടാകില്ല. ഒരു ഓടയുടെ പേരിൽ പോലും ജനങ്ങൾ സ്മരിക്കേണ്ട പേരുകളല്ല ഇതൊന്നും അദ്ദേഹം പരിഹസിക്കുന്നു.
നാളെ ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുമ്പോഴും ഇമ്മാതിരി തോന്നിയവാസം കാണിച്ചാൽ നാം അംഗീകരിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ നടപടിയെ പ്രതിരോധിക്കേണ്ടതെന്നും ഹരീഷ് വാസുദേവന്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂരിപക്ഷ അഭിപ്രായം കത്ത് ആയി എഴുതിയത് സ്വാഗതാർഹമാണ്. കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്‌സിൻ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ പൽപ്പുവിന്റെ പേരിടണം എന്ന ഡോ.ശശി തരൂരിന്റെ നിർദ്ദേശവും സ്വാഗതാർഹമാണ്. കേന്ദ്രസർക്കാർ എന്ത് പേരിട്ടാലും ഞങ്ങൾ അതിനെ ഡോ പൽപ്പുവിന്റെ പേരിൽ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം. സംസ്ഥാന സർക്കാർ ഔദ്യോഗിക രേഖകളിൽ ഡോ പൽപ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം. ജനങ്ങൾ, മാധ്യമങ്ങൾ ഒക്കെ ഡോ പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമായി മാത്രം കണ്ടാൽ കേന്ദ്രമിടുന്ന പേര് ക്രമേണ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാകും. ഡോ പൽപ്പുവിന്റെ പേരിൽ ആ സ്ഥാപനത്തെ ജനകീയമാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്ന് ഹരീഷ് വാസുദേവന്‍ ആഹ്വാനം ചെയ്യുന്നു.
അഡ്വ ഹരീഷ് വാസുദേവന്‍റെ പോസ്റ്റിന്‍നെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് അഴുക്കുച്ചാലിനോട് ഉപമിച്ചതിനെതിരെ മോദി അനുകൂലികളും ആ ഉപമ തന്നെയാണ് ഉത്തമമെന്ന് മോദി വിരുദ്ധരും പറയുന്നു. സംസ്കാരം പഠിക്കാന് നിങ്ങള് ആദ്യം മുതല് വിദ്യാഭ്യാസം തുടങ്ങണമെന്നാണ് ഹരീഷ് വാസുദേവനോട് ബിജെപി അനുഭാവികളുടെ ഉപദേശം. എന്തൊക്കെയായാലും പ്രധാനമന്ത്രിയെ അഴുക്ക് ചാലിനോട് ഉപമിച്ചതോടെ മറ്റൊരു വിവാദം കൂടി മുളപൊട്ടി.
https://www.facebook.com/690677639/posts/10158986777227640/?d=n