തിരുവനന്തപുരം:
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. അഴിമതിയും വിവാദങ്ങളും തന്നെയാണ് മുന്നണികൾ ആയുധമാക്കിയിരുന്നത്. എൽഡിഎഫിന് സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ ക്രമക്കേട്, ബംഗളുരു മയക്കുമരുന്ന് കേസ് തുടങ്ങിയവ വെല്ലുവിളിയാകുമ്പോൾ പാലാരിവട്ടം അഴിമതി കേസ്, ഫാഷൻ ഗോൾഡ് തട്ടിപ്പ്, പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് അന്വേഷണം ഒക്കെയാണ് യുഡിഎഫിന് തിരിച്ചടിയാകുക.
ബിജെപിയിലും സംസ്ഥാന നേതാക്കൾക്കിടയിലെ പൊട്ടിത്തെറികൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രൻ അടക്കമുള്ള പാർട്ടിയിലെ പ്രമുഖർ മാറിനിൽക്കുന്നത് തോരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം.
കലാശക്കൊട്ട് പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് അതുകൊണ്ട് തന്നെ വാക്ക് പോര് കടുപ്പിച്ച് ആവേശം നിലനിർത്തി മുന്നേറുകയാണ് മുന്നണികൾ. ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം.
ആകെ 28,26,190 സമ്മതിദായകരാണ് ഡിസംബർ എട്ടിനു വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലേക്ക് എത്തുക. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലായി 6,465 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. 3,281 പോളിങ് സ്‌റ്റേഷനുകളിലായാണു വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പോളിങ് ബൂത്തുകളെല്ലാം നാളെ (07 ഡിസംബർ) അണുവിമുക്തമാക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നു പോളിങ് സാമഗ്രികളുടെ വിതരണവും നാളെ ആരംഭിക്കും.
കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിന് അകത്ത് സാനിറ്റൈസറും നിർബന്ധമാണ്. പോളിങ് ബൂത്തിനു പുറത്ത് വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം അടയാളമിടുകയും ചെയ്യും.
ആകെ വോട്ടർമാരിൽ 14,89,287 പേർ സ്ത്രീകളും 13,36,882 പേർ പുരുഷന്മാരും 21 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ത്രിതല പഞ്ചായത്തുകളിൽ 18,37,307 പേർക്കാണു സമ്മതിനാവകാശമുള്ളത്. ഇതിൽ 8,63,363 പേർ പുരുഷന്മാരും 9,73,932 പേർ സ്ത്രീകളും 12 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.