കൊച്ചി:
എം ശിവശങ്കറിനെതിരെ 150 പേജുള്ള സത്യവാങമൂലവുമായി ഇ ഡി ഹൈക്കോടതിയിൽ.
എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന് എൻഫോഴ്സ്മെന്‍റ്.
ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ ജാമ്യത്തിന് ശ്രമിക്കുന്നത്.
സ്വപ്നയുടെ പേരിലുള്ള എസ്ബിഐയിലെയും ഫെഡറൽ ബാങ്കിലെയും ലോക്കറുകളിലെ ഒരു കോടി രൂപ ആരുടേതാണെന്ന ചോദ്യം ആദ്യം മുതലേ ഉയർന്നിരുന്നതാണ്.
ഷാർജ ഭരണാധികാരി സമ്മാനമായി തന്നതാണെന്ന് ആദ്യവും പിന്നീട് അച്ഛൻ വിവാഹസമ്മാനമായി തന്നതാണെന്ന് പിന്നീടും പരസ്പരവിരുദ്ധമായ മൊഴികളാണ് സ്വപ്ന പറഞ്ഞത്.
എന്നാൽ കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലിൽ വച്ച് സ്വപ്നയുടെ വിശദമായ മൊഴിയെടുത്തപ്പോൾ എവിടെ നിന്നാണ് ഈ പണംലഭിച്ചതെന്ന് സ്വപ്ന വ്യക്തമാക്കിയെന്നാണ് ഇഡി സത്യവാങ്മൂലത്തിൽ പറയുന്നത്.
ശിവശങ്കറിന്‍റെ പണമാണ് ഒരു കോടി രൂപയെന്നാണ് ഇപ്പോൾ സ്വപ്ന പറയുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് ബിൽഡേഴ്സ് ശിവശങ്കറിന് നൽകിയ കമ്മീഷനാണിത്.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് കേസിൽ എം ശിവശങ്കറിനായി ഹാജരാകുന്നത്.
https://www.youtube.com/watch?v=Uh9uzYmqJ8g