ന്യൂഡല്‍ഹി:
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയുടെ അന്തിമ റിപ്പോർട്ട് വരാത്തതിനാലാണ് വൈകുന്നതെന്ന് ഗവർണറുടെ ഓഫീസ്. റിപ്പോർട്ട് കൃത്യമായി വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന തമിഴ്നാട് സർക്കാരിൻ്റെ ശുപാർശ കണക്കിലെടുത്താണ് ഗവർണറുടെ ഓഫീസ് ഇക്കാര്യം മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചത്.