റിയാദ്:
റിയാദിലെ ഇന്ത്യൻ എംമ്പസി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ സൗദി പൊലീസ് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ 13 വർഷമായി കുടുംബസമേതം റിയാദില്‍ കഴിയുന്ന ഡൊമിനിക്കിനെയാണ് ഇക്കഴിഞ്ഞ ജൂലായ് എട്ടിന് സൗദി പൊലീസ് അറസ്റ്റ് ചെയ്ത് അല്‍ ഹെയര്‍ ജയിലിലടച്ചത്.
ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്ന ഡൊമിനിക് റിയാദ് എംബസ്സിയിൽ നടക്കുന്ന അഴിമതിക്കെതിരായി നിരവധി വര്‍ഷങ്ങളായി പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്‍റെ ഭാഗമായി നിരവധി വിവരാവകാശ അപേക്ഷകള്‍ എംബസിയില്‍ നല്‍കിയിട്ടുണ്ട്.
കൊവിഡ് കാലത്ത് എംബസ്സിയുടെ വീഴ്ചകള്‍ മൂലം പ്രവാസികള്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍, ഡൊമിനിക് ഫയല്‍ ചെയ്ത ഏതാനും വിവരാവകാശ അപേക്ഷകള്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഡൊമിനിക്കിനെതിരെ കേസ് ഫയല്‍ ചെയ്യും എന്നും അദ്ദേഹത്തിന്‍റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു.
എംബസ്സിയിലെ അഴിമതിക്കെതിരെ അടിസ്ഥാനരഹിതമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 3-ാം തീയ്യതി എംബസി ഡൊമിനിക്കിന് നോട്ടീസും അയച്ചിരുന്നു. എംബസ്സിയില്‍ ഹാജരായി അഴിമതി സംബന്ധിച്ച തെളിവുകള്‍ കൈമാറണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും എന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കൊവിഡ് ബാധിതനായ ഒരാളുമായി സമ്പര്‍ക്കം വന്നതിനാല്‍ ഡൊമിനിക്കിന് റൂം ഐസൊലേഷനില്‍ പോകേണ്ടി വന്നതിനാല്‍ എംബസിയില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യം അദ്ദേഹം എംബസിയില്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഇപ്പോള്‍ ഡൊമിനിക്കിന്‍റെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, മന്ത്രി വി മുരളീധരന്‍, നോര്‍ക്ക തുടങ്ങിയ അധികാരികള്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മോചനത്തിനായി ജോസ് കെ മാണി എംപി റിയാദിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിന് യാതോരുവിധ പ്രതികരണവും ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.