ന്യൂ ഡല്‍ഹി:
നിയമ വൃത്തങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഒരു ഭരണകൂടം തങ്ങളുടെ അധികാരം ഉപയോഗിച്ച്, വിരമിച്ച ചീഫ് ജസ്റ്റിസിന് രാജ്യസഭയില്‍ അംഗത്വം നല്‍കുന്നത് ഇതാദ്യമായാണ്.
മുൻ സിജെഐയെ സർക്കാർ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുമ്പോള്‍, ഭരണ നിര്‍വ്വഹണവും, നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള ഭരണഘടനാപരമായ അധികാര വിഭജനത്തെക്കുറിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്.
റാഫേല്‍ അഴിമതി, അയോദ്ധ്യ കേസ് തുടങ്ങി രാജ്യത്ത് സുപ്രധാനമായ പല കേസുകളിലും വിധി കല്‍പ്പിച്ച ബെഞ്ചില്‍ അംഗമായിരുന്ന ഗൊഗോയ്, ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലെത്തുന്നതിനു പിന്നിലെ രാഷ്ട്രീയ നേട്ടങ്ങളും ചര്‍ച്ചയാകുന്നു.
“ഗൊഗോയിയെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ ആശ്ചര്യമില്ല, എന്നാല്‍ അത് ഇത്ര നേരത്തെ ആകുമെന്ന് കരുതിയില്ല, ഈ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സമഗ്രത എന്നിവ പുനർനിർവചിക്കുന്നു”, റിട്ടയര്‍ഡ് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെയായിരുന്നു.
വിരമിക്കലിനു ശേഷം ലഭിക്കുന്ന പദവികള്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ പ്രതികൂലമായി ബാധിക്കുമോ? ഇത്തരത്തില്‍ ഗവര്‍ണ്ണര്‍ പദവിയും രാജ്യസഭാ സീറ്റും വച്ചു നീട്ടി പ്രലോഭിപ്പിക്കുമ്പോള്‍ നമ്മുടെ ജഡ്ജിമാര്‍ വശംവദരാകുന്നുണ്ടോ? എന്താണ് ഈ രാജ്യസഭാ സീറ്റിനു പുറകിലെ രാഷ്ട്രീയം?
ഗൊഗോയിയുടെ ‘സമഗ്ര’ സംഭാവനകള്‍
വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുക. ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഈ രാഷ്ട്രത്തിന് നല്‍കിയ സംഭാവനകള്‍ എന്തൊക്കെ? എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.
അയോദ്ധ്യയും ശബരിമലയും എന്‍പിആറും കശ്മീര്‍ വിഷയവുമായിരുന്നു വിരമിക്കുന്നതിനു മുമ്പ് അദ്ദേഹം കൈകൈര്യം ചെയ്ത സുപ്രധാന കേസുകള്‍. തെറ്റ് ചെയ്തവര്‍ക്ക് സമ്മാനം നല്‍കുന്ന വിധിയാണ് അയോദ്ധ്യ കേസിലുണ്ടായിരുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ പറഞ്ഞിരുന്നു.
ഇത്തരം വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നുയര്‍ന്നപ്പോഴും രാഷ്ട്രം ആഹ്ളാദത്തോടെ സ്വീകരിച്ച വിധിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മാത്രമേ പറയാന്‍ സാധിച്ചുള്ളൂ.
ശബരിമല കേസിലും അസ്സമിലെ എന്‍പിആര്‍ കേസിലും കശ്മീര്‍ വിഷയത്തിലും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങുന്ന ബഞ്ച് കൈക്കൊണ്ട നിലപാടുകള്‍ നിശിത വിമര്‍ശനത്തിന് പാത്രമായവ തന്നെയാണ്.
മുദ്ര വെച്ച കവറുകളാണ് ജസ്റ്റിസ് ഗൊഗോയുടെ ഒരു സുപ്രധാന സംഭാവന. റാഫേല്‍, സിബിഐ ഡയറക്ടറെ പുറത്താക്കല്‍, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയ കേസുകളില്‍ വിവരങ്ങള്‍ മുദ്ര വെച്ച കവറുകളില്‍ നല്‍കാന്‍ ജസ്റ്റിസ് ഗൊഗൊയ് ആവശ്യപ്പെട്ടത് ജനാധിപത്യ ഇന്ത്യയ്ക്ക് പുതുമയായിരുന്നു. അങ്ങനെ, കോടതി നടപടികള്‍ സുതാര്യമായിരിക്കണമെന്ന അടിസ്ഥാന തത്വത്തിന്റെ നഗ്നമായ ലംഘനമാണിതെന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം ഇടം കൊടുത്തു.
ലൈംഗികാരോപണമാണ് മറ്റൊരു നേട്ടം. 2019 ഏപ്രിൽ 19നായിരുന്നു അദ്ദേഹത്തിന്റെ ജൂനിയർ കോർട്ട് അസിസ്റ്റന്റായിരുന്ന ഒരു യുവതി, 22 ജഡ്‌ജിമാർക്ക് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. 2018 ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വെച്ച് തനിക്കുനേരെ ഗൊഗോയ് ലൈംഗികമായ ആക്രമണത്തിന് മുതിര്‍ന്നു എന്നായിരുന്നു പരാതി.
എന്നാൽ, ഇതൊക്കെയും വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങളാണെന്നും താൻ നിരപരാധിയാണെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി. താമസിയാതെ യുവതിയെ ഒഫീഷ്യൽ ഡ്യൂട്ടികളിൽ നിന്ന് പിരിച്ചുവിടുകയും, ബന്ധുക്കളായ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ അച്ചടക്ക നടപടികളുണ്ടാവുകയും ചെയ്തതാണ് നാം പിന്നീട് കണ്ടത്.
യുവതിയുടെ അഭിഭാഷകയായിരുന്ന വൃന്ദ ഗ്രോവര്‍ ഗൊഗോയിയുടെ രാജ്യസഭ നാമനിര്‍ദ്ദേശത്തെ നോക്കിക്കണ്ടത് ഇങ്ങനെ, “ഒരു സ്ത്രീയുടെ വിശ്വസനീയമായ ലൈംഗിക പീഡന ആരോപണങ്ങൾ ശക്തരായ പുരുഷന്മാരുടെ പ്രശസ്തിയോ പ്രതീക്ഷകളോ നശിപ്പിക്കുന്നില്ല”
കോണ്‍ഗ്രസ് മാതൃക നടപ്പാക്കി മോദി
1983 ജനുവരിയിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബഹാറുൽ ഇസ്ലാമാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ സുപ്രീം കോടതി ജഡ്ജി. ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. എന്നാല്‍, ബഹാറുൽ ഇസ്ലാം ജഡ്ജിയാകുന്നതിന് മുമ്പ് 1962 മുതൽ 1972 വരെ രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ച വ്യക്തിയാണ്.
പട്ന അർബൻ കോപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിൽ നിന്ന്, അന്ന് ബീഹാർ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജഗന്നാഥ് മിശ്രയെ സ്വതന്ത്രനാക്കിയതിനുള്ള പ്രതിഫലമായാണ് ഇസ്‌ലാമിന്റെ നാമനിർദ്ദേശത്തെ രാഷ്ട്രീയ ലോകം വ്യാഖ്യാനിച്ചത്.
1992 ൽ സിജെഐ സ്ഥാനത്ത് നിന്ന് വിരമിച്ച ജസ്റ്റിസ് രണഗനാഥ് മിശ്ര 1998 ൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാ എംപി ആയിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസ്സ് ആയിരുന്നില്ല ഭരണത്തിലുണ്ടായിരുന്നത്, അടല്‍ ബിഹാരി വാജ്പേയ് നയിക്കുന്ന ബിജെപി സര്‍ക്കാരായിരുന്നു. അതിനാൽ, ജുഡീഷ്യറിയെ സ്വാധീനിക്കാൻ സർക്കാർ അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.
ജസ്റ്റിസ് രണഗനാഥ് മിശ്ര കമ്മീഷനായിരുന്നു, 1984 ലെ സിക്ക് വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതരായ കോണ്‍ഗ്രസ് നേതാക്കളെ രക്ഷപ്പെടുത്തിയത്. ഇതിനുള്ള പ്രത്യുപകാരമായാണ്, സോണിയ ഗാന്ധി അദ്ദേഹത്തെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതെന്ന ആരോപണം പരക്കെ ഉണ്ടായിരുന്നു.
വിരമിക്കലിനു ശേഷം ജഡ്ജിമാര്‍ക്ക് പ്രധാന തസ്തികകള്‍ വാഗ്ദാനം ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ജസ്റ്റിസ് എം ഹിദായത്തുല്ല 1970 ൽ സിജെഐ ആയി വിരമിക്കുകയും, 1979 ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി നിയമിതനാവുകയും ചെയ്തിരുന്നു.
1973 ല്‍ ജസ്റ്റിസ് കെഎസ് ഹെഗ്ഡയെ, ഇന്ദിരഗാന്ധി, സുപ്രീം കോടതിയില്‍ നിന്ന് അസാധുവാക്കുകയും, പകരം സിജെഐ സ്ഥാനത്തേക്ക് എഎന്‍ റേയെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന ഹെഗ്ഡെ, ബംഗളൂരുവില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലെടത്തുകയും, 1977 മുതല്‍ 1980 വരെ സ്പീക്കര്‍ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.
1958 ൽ ബോംബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി വിരമിച്ച എംസി ചഗ്ലയെ അമേരിക്കയിലെ ഇന്ത്യയുടെ അംബാസഡറായും തുടർന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ജവഹര്‍ലാല്‍ നെഹ്റു നിയമിച്ചിരുന്നു.
ടു ജി കുംഭകോണം പുറത്തുകൊണ്ടുവന്ന സിഎജി വിനോദ റായിക്ക് ബാങ്കസ് ബോര്‍ഡ് ബ്യൂറോ ചെയര്‍മാന്‍ പദവി നല്‍കിയത് മോദി സര്‍ക്കാരാണ്. മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം നിഷേധിച്ച ഡെല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗര്‍ വിരമിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള അപ്പല്ലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനായതും നാം കണ്ടു.
മുന്‍ സിജെഐ ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവർണറായി നിയമിച്ചുകൊണ്ട് 2014 ല്‍ മോദി സര്‍ക്കാര്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 2013 ൽ സദാശിവം സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചെങ്കിലും അമിത് ഷാ പ്രതിയായ, തുളസി റാം പ്രജാപതിയുടെ കസ്റ്റഡി കൊലപാതക കേസ് കൈകാര്യം ചെയ്ത ബഞ്ചിന്‍റെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.
“രണ്ടു തരം ജഡ്ജിമാരുണ്ട്. നിയമം അറിയുന്നവരും നിയമ മന്ത്രിയെ അറിയുന്നവരും. വിരമിക്കുന്നതിനു ശേഷം ലഭിക്കുന്ന ജോലികളാണ് വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത്”, അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി യുപിഎ ഭരണകാലത്ത് പറഞ്ഞു വച്ച വാക്കുകളാണിവ. സമകാലിക അവസ്ഥയില്‍ നാം പരിശോധിക്കേണ്ട വസ്തുതയാണിത്.