ന്യൂ ഡല്‍ഹി:
വമ്പന്‍ ബിസിനസ് സ്ഥാപനങ്ങള്‍ മുതല്‍, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ വരെ കൊറോണ വൈറസിന്‍റെ പ്രത്യാഖാതങ്ങള്‍ക്ക് പാത്രമാവുകയാണ്. ഇന്ത്യയില്‍ ഊബര്‍, ഒല തുടങ്ങിയ റൈഡ് ഹെയ്‌ലിങ് കമ്പനികള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെയാണ് നഷ്ടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗപ്രതിരോധത്തിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങളും, സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങളും താല്‍ക്കാലിക കരാറുകളുടെ അടിസ്ഥാനത്തില്‍ ഹ്രസ്വ കാലയളവിലേക്കുള്ള ഇത്തരം തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് പല മെട്രോപൊളിറ്റന്‍ സിറ്റികളിലും, ഓഫീസ് യാത്രയ്ക്ക് ജനം ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങളെയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിലേക്ക് നീങ്ങിയത് ഈ ബിസിനസ് മേഖലയെ പിടിച്ചു കുലുക്കി.
സ്വിഗ്ഗി പോലുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലും അർബൻക്ലാപ് പോലുള്ള ഗാർഹിക സേവന മേഖലകളിലും വൈറസ് ബാധയുടെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം എന്ന ആശയം പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ബിസിനസ് പുനരുജ്ജീവിപ്പിക്കാന്‍, പ്രത്യക്ഷത്തില്‍ മറ്റ് വഴികളൊന്നുമില്ല.
ദിനംപ്രതി പൂര്‍ത്തിയാക്കുന്ന ജോലിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം തൊഴിലാളികള്‍ക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത്. അതിനാല്‍, അസുഖമുണ്ടായാൽ വീട്ടിൽ തന്നെ തുടരാനും സാധിക്കില്ല. എങ്ങനെയാണ് കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ഗവണ്‍മെന്‍റിന് ഇവരെ സംരക്ഷിക്കാനാവുക എന്നതാണ് ആശങ്കയുണ്ടാക്കുന്ന ചോദ്യം.
സുരക്ഷ പ്രാഥമിക നടപടി
ഗിഗ് തൊഴിലാളികള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന, ഡെലിവറി ബോയ്സും, ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും അപകടകരമായ സാഹചര്യത്തിലൂടെയാണ് ഈ കൊറോണക്കാലത്ത് കടന്നു പോകുന്നത്. പലരും വലിയ നഗരങ്ങളിലേക്ക് കുടിയേറിയവരും സുരക്ഷിതമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്നവരും ജോലി സംബന്ധമായ ഉപകരണങ്ങളും വാഹനങ്ങളും വായ്പ അടിസ്ഥാനത്തില്‍ സ്വന്തമാക്കിയവരുമാണ്.
ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പെയ്ഡ് ഹെല്‍ത്ത് ലീവുകളോ, ഇന്‍ഷുറന്‍സുകളോ ഇല്ല. നിലവിലെ ആരോഗ്യ പ്രതിസന്ധിക്ക് മുമ്പുതന്നെ, ഉബർ, ഓല ഡ്രൈവർമാരും സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകളും ന്യായമായ വരുമാനം, മികച്ച ആനുകൂല്യങ്ങൾ, കൂടുതൽ പ്രവർത്തനസമയം എന്നിവ ആവശ്യപ്പെട്ട് പണിമുടക്കുകൾ സംഘടിപ്പിച്ചിരുന്നു.
സാമ്പത്തിക മേഖലയ്ക്കും ജീവനും ഭീഷണിയായ ഈ പ്രതിസന്ധിയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്രിയാത്മകമായ വഴികളിലൂടെ നേരിടണം. ദശലക്ഷക്കണക്കിന് ദുർബലരായ തൊഴിലാളികൾ ദാരിദ്ര്യത്തിലേക്കും നിരാശയിലേക്കും വീഴാതിരിക്കാൻ സുരക്ഷിതമായ തൊഴിൽ, ഭക്ഷണം, പാർപ്പിടം എന്നിവ തന്നെയായിരിക്കണം പ്രാഥമിക നടപടികള്‍.
രോഗത്തില്‍ നിന്ന് സ്വയം പരിരക്ഷ ലഭിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കണം. കൂടാതെ, ശമ്പളമുള്ള അസുഖ അവധി ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെയും, തൊഴിലുടമകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാവുകയും വേണം.
സോമാറ്റോ, സ്വിഗ്ഗി പോലുള്ള പ്ലാറ്റ്‌ഫോമുകൾ അവരുടെ ഡെലിവറി ജീവനക്കാര്‍ക്കുള്ള ഇൻഷുറൻസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
രണ്ടാമതായി, വൈറസ് ബാധ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വരുമാനം നഷ്‌ടപ്പെടുകയോ വില്‍പ്പന കുറയുകയോ ചെയ്താല്‍, തൊഴിലാളികളെ സഹായിക്കുന്നതിന് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നൽകണം. തൊഴിലാളികള്‍ക്ക് സാമ്പത്തികമായ ഞെരുക്കങ്ങളില്ല എന്നുറപ്പു വരുത്താന്‍ ഇത് നിര്‍ണ്ണായകമാണ്.
പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ടെക് തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇത് ദിവസ വേതനത്തെ ആശ്രയിക്കുന്നവരിലേക്കും വ്യാപിപ്പിക്കുകയാണ് വേണ്ടത്.
താമസ സൗകര്യങ്ങള്‍ സുരക്ഷിതമാക്കുക എന്നതാണ് മറ്റൊരു നടപടി. ഇത് വാടകയില്‍ ഇളവു വരുത്തിയോ , വായ്പകളുടെ പലിശ തിരിച്ചടക്കാനുള്ള തീയതി നീട്ടിയോ പരിഗണിക്കാം. ഭക്ഷ്യ സുരക്ഷയാണ് മറ്റൊന്ന്. ഇതാനായി പൊതു വിതരണ സമ്പ്രദായം സാര്‍വത്രികമാക്കാന്‍ സര്‍ക്കാരിനു സാധിക്കും. തമിഴ്നാട്ടില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് വേണ്ടത്.
അടിയന്തര നടപടിക്ക് യുബിഐ
2016-2017 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വെ വിശദമായി ചര്‍ച്ച ചെയ്ത ആശയമാണ് മിനിമം വേതനം അഥവാ യൂണിവേഴ്സല്‍ ബേസിക് ഇന്‍കം (യുബിഐ). അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന തൊഴിലാളികള്‍ക്ക് യുബിഐ പ്രകാരം ഹ്രസ്വകാല അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ തൊഴിലുടമകള്‍ക്കും സര്‍ക്കാരിനും സാധിക്കും.
യുബിഐ, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലെയല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴിലാളികളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും, ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനും ഇത്തരം നടപടികള്‍ക്ക് സാധിക്കും. ആര്‍ക്ക് നല്‍കണം? എത്ര നല്‍കണം? തുടങ്ങിയ ചോദ്യങ്ങളാണ് ഇവിടെ ഉത്തരം കിട്ടാതെ കിടക്കുന്നത്.
ലോകത്തെവിടെയായാലും ദിവസ വേതനം പറ്റുന്ന തൊഴിലാളികള്‍ സര്‍ക്കാരിന്‍റെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും പരിഗണനയിലുണ്ട്. സുരക്ഷിതമല്ലാത്ത, കുറഞ്ഞ വേതനം ലഭിക്കുന്ന, സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കുള്ള പിന്തുണ സ്ഥാപനവൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ലേബർ പാർട്ടി മേധാവി ജെറമി കോർബിൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ആഹ്വാനം ചെയ്തിരുന്നു.
അമേരിക്കയില്‍ ഗിഗ് തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും സ്വതന്ത്ര കരാറുകാർക്കും തൊഴിലില്ലായ്മ ഇൻഷുറൻസ് ആവശ്യമാണെന്നത് ബേര്‍ണി സാന്‍റേഴ്സും ആവശ്യപ്പെട്ടുണ്ട്. കൊവിഡ് 19, പ്രതികൂലമായ ബാധിച്ച ഇറ്റലിയില്‍, വായ്പാ തിരിച്ചടവും, ടാക്സി ബില്ലുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളികള്‍ക്ക്, പെയ്ഡ് സിക്ക് ലീവുകള്‍ ഉറപ്പുവരുത്താന്‍, ഗൂഗിള്‍ പ്രത്യേകം ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് കാരണം ബുദ്ധിമുട്ടുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 75% നല്‍കി ഡാനിഷ് സര്‍ക്കാരും മാതൃകയാകുന്നു.
ഇന്ത്യയിലും, ദിവസ വേതനം പറ്റുന്ന തൊഴിലാളികളെ കൂടുതല്‍ പരിഗണിക്കണം. ഹ്രസ്വകാലയളവിലേക്ക് പരിഹാരമാകാന്‍ യുബിഐ പോലുള്ള പദ്ധതികള്‍ക്ക് സാധിക്കും. പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായ ആളുകൾക്കായി ശക്തമായ സാമൂഹിക സുരക്ഷാ വലകൾ സൃഷ്ടിക്കുന്നത് വരും ദിവസങ്ങളിലെ പ്രവചനാതീതമായ പ്രതിസന്ധികള്‍ നേരിടാന്‍ നമ്മെ പ്രാപ്തമാക്കും.