Thu. Apr 25th, 2024

രാജ്യത്തെ 130 കോടി ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ സമഗ്രവും സ്വയം നവീകരിക്കാൻ സാധിക്കുന്നതും അത്യാധുനികവുമായ  ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. 

പൗരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും പിന്തുടരാനുമുള്ള സംവിധാനം നിലവിൽ വരുന്നതോടുകൂടി പൗരന്മാരുടെ യാത്ര, ജോലി മാറ്റം, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങി എല്ലാ മേഖലകളും സര്‍ക്കാര്‍ നിരീക്ഷണത്തിന് കിഴില്‍ വരും. ഈ ഡാറ്റാബേസ് സംവിധാനം വഴിയുള്ള വിവരശേഖരണത്തിന് സാങ്കേതികമായ പരിധികളില്ല എന്നതാണ് പ്രധാനം. മറ്റെല്ലാ ഡാറ്റാബേസുകളുടെയും മാസ്റ്റർ ഡാറ്റാബേസ് ആയി ഇത് മാറും.

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് എന്ന പേരിൽ തുടക്കം

2019 ഒക്ടോബർ 4ന് നടന്ന സർക്കാർ യോഗത്തിൽ രാജ്യത്തെ ഓരോ കുടുംബങ്ങളെയും ‘ജിയോടാഗ്’ ചെയ്യണമെന്നും അതിനെ ഐഎസ്ആര്‍ഓ വികസിപ്പിച്ച ‘ഭുവന്‍’ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും നീതി ആയോഗ് സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.

നീതി ആയോഗ് ജനന-മരണ രജിസ്ട്രികളുമായി ബന്ധിപ്പിക്കുന്നു (screengrabs;copyrights:huffintonpost )

അഞ്ച് വർഷത്തിനിടയിൽ, നാഷണല്‍ സോഷ്യല്‍ രജിസ്ട്രിയെ ഇതുവരെ സർക്കാർ വിശേഷിപ്പിച്ചത് ദരിദ്രർക്ക് അനുകൂലമായ സർക്കാർ പദ്ധതികൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്ഇസിസി) വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും അവകാശങ്ങൾ ശരിയായ ആളുകളിൽ എത്തിക്കുന്നതിനുമുള്ള ഒരു പതിവ് പരിശീലനമായാണ്.

എന്നാല്‍ വിവരാവകാശ രേഖകള്‍ വഴി ഇപ്പോള്‍ പുറത്തായിരിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ പൗരനെയും എല്ലാ അര്‍ത്ഥത്തിലും നിരീക്ഷണ വിധേയമാകുന്ന ആധാര്‍ ആധാരമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് നാഷണല്‍ സോഷ്യല്‍ രജിസ്ട്രി എന്ന പേരില്‍ തയാറാക്കപ്പെടുന്നത് എന്നാണ്.

തത്സമയം തന്നെ സ്വയം അപ്‌ഡേറ്റുചെയ്യുന്ന ചലനാത്മകമായ എസ്ഇസിസി സൃഷ്ടിക്കുന്നു എന്ന രീതിയിൽ, ഓരോ പൗരന്റെയും മതം, ജാതി, വരുമാനം ആസ്തി, വിദ്യാഭ്യാസം, വൈവാഹിക നില, തൊഴില്‍, കുടുംബ വിവരങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്നതിന്എല്ലാ അര്‍ത്ഥത്തിലും നിരീക്ഷണ വിധേയമാകുന്ന ആധാര്‍ ആധാരമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് ഇത്.

പദ്ധതിപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ വിവരങ്ങൾ മാത്രമല്ല, ഓരോ ഇന്ത്യൻ പൗരന്റെയും വിവരങ്ങൾ ഇതുവഴി ശേഖരിക്കപ്പെടും. 2021ല്‍ സാമൂഹ്യ രജിസ്ട്രി നടപ്പിലാക്കുന്നതിനായി ഒരു വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അത് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്നത് പരീക്ഷിക്കാനുള്ള പൈലറ്റ് പദ്ധതിയുടെ ആസൂത്രണത്തില്‍ കമ്മിറ്റി അവസാനഘട്ടത്തിലാണ്.

2018ലെ സുപ്രീം കോടതിയുടെ വിധി പ്രകാരം വ്യക്തികളുടെ സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ചതിനാൽ ഇതിനെ മറികടക്കാന്‍ ആധാര്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഈ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

2019 ഒക്ടോബര്‍ നാലിന് ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ആധാര്‍ ആക്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് നിലവില്‍ വരികയാണെങ്കില്‍ ആധാര്‍ നിയമത്തിലെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യമായ ഭാഗങ്ങള്‍ക്കായിരിക്കും മാറ്റം വരിക.

ആധാർ നിയമ ഭേദഗതികൾ പുരോഗമിക്കുകയാണെന്ന് യുഐ‌ഡി‌ഐ അറിയിപ്പ്(screengrab;copyrights :huffingtonpost)

കേന്ദ്ര, സംസ്ഥാന തലങ്ങളിലെ വിവിധ മന്ത്രാലയങ്ങളിലും വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പുകളിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് സര്‍ക്കാര്‍ നിയന്ത്രിത വിവരങ്ങള്‍ അനായാസേന കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി ഒരു വിവര കൈമാറ്റ ചട്ടക്കൂട് തയ്യാറാക്കുന്നതിനെക്കുറിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.

2019 ജൂൺ 17 ലെ ഒരു ഫയലിൽ പറയുന്നതനുസരിച്ച്, ലോകബാങ്കും സഹകരണം വാഗ്ദാനം നൽകിയിട്ടുണ്ട്, കൂടാതെ ബാങ്കിന്റെ നോൺ-ലെൻഡിംഗ് ടെക്നിക്കൽ അസിസ്റ്റൻസ് പ്രോഗ്രാമിന് കീഴിൽ തുടക്കത്തിൽ 2 മില്യൺ ഡോളർ ഗ്രാന്റിന് നല്കാൻ സമ്മതിച്ചിട്ടുണ്ട്.

ലോകബാങ്കിന്റെ ഗ്രാന്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് (screengrab;copyrights:huffingtonpost)

ഇന്നത്തെ രൂപത്തില്‍ ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍, വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനായി സുതാര്യമല്ലാത്ത അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് സാധിക്കും. വ്യക്തികളെ പൗരന്മാരാണോ അല്ലയോ എന്ന് ഏകപക്ഷീയമായി തീരുമാനിക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മൻമോഹൻ സിംഗിന്റെ കാലത്തേ ജാതിയധിഷ്ഠിത സെൻസെസ്

2011 ൽ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന്റെ യുഡിഫ് സർക്കാർ 1931 ന് ശേഷം ഇന്ത്യയിലെ ആദ്യത്തെ ജാതി അധിഷ്ഠിത സെൻസസ് ആരംഭിച്ചു. ഓരോ ഇന്ത്യൻ പൗരന്റെയും ജാതി, വരുമാനം, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവ സജ്ജമാക്കുകയായിരുന്നു ലക്‌ഷ്യം. 

കേന്ദ്ര ഗ്രാമീണ വികസന വകുപ്പിനായിരുന്നു പദ്ധതിയുടെ ഏകോപന ചുമതലയെങ്കിലും മൂന്ന് വ്യത്യസ്ത സര്‍ക്കാര്‍ ഏജന്‍സികളാണ് അത് സംഘടിപ്പിച്ചത്. ഗ്രാമീണ ഇന്ത്യയുടെ ചുമതല കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനും നഗര സെന്‍സസിന്റെ ചുമതല കേന്ദ്ര പാര്‍പ്പിട, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മന്ത്രായത്തിനും രാഷ്ട്രീയ പ്രധാനമായ ജാതി സെന്‍സസിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമായിരുന്നു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും (ആര്‍ജിഐ) ഇന്ത്യന്‍ സെന്‍സസ് കമ്മീഷണറും ഈ പ്രക്രിയയുമായി സഹകരിച്ചു.

ആധാർ ആണ് സോഷ്യൽ രജിസ്ട്രിയുടെ അടിത്തറ, ഏക തിരിച്ചറിയൽ രേഖ എന്ന നിലയിലുള്ള ആധാറിന്റെ ഉപയോഗം നിരവധി വിവരങ്ങളിലേക്ക് പെട്ടന്ന് എത്തിപ്പെടാൻ സഹായകമാവും.ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന പാൻ കാർഡ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഒരു സംയുക്ത വിവര അടിത്തറ സൃഷ്ടിക്കുന്നതിൽ വളരെ എളുപ്പമായി.