Fri. Nov 22nd, 2024

രാജീവ് ചന്ദ്രശേഖർ എന്ന കോടീശ്വരൻ ബിജെപിയുടെ രാജ്യസഭ എം പി അതിലുപരി ഇന്ത്യൻ മാധ്യമലോകത്തെ വ്യവസായ പ്രമുഖൻ. കേന്ദ്രസർക്കാർ വിലക്കുകൾ മാധ്യമങ്ങൾക്ക് മേലെ വരുന്ന സാഹചര്യത്തിൽ വലതുപക്ഷ ഹിന്ദുരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു ബിസിനസ്സുകാരന്റെ കൈകളിലാണ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ എന്നത് ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നു.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ രണ്ടു വാർത്താചാനലുകൾ 48 മണിക്കൂർ നേരത്തേക്ക് വാർത്താവിതരണ മന്ത്രാലയം വിലക്കുകയുണ്ടായി.

ഫെബ്രുവരി അവസാന വാരത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ ഉണ്ടായ വംശീയ അക്രമത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി അറിയിച്ചാണ് മന്ത്രാലയം ഓരോ ചാനലുകള്‍ക്കും ഒരേസമയം നോട്ടീസ് നല്‍കിയത്. രണ്ട് ചാനലുകള്‍ക്കും നല്‍കിയ നോട്ടീസിന്റെ ഒരു ഭാഗത്തിൽ “നോര്‍ത്ത് ഈസ്റ്റ് ദില്ലി അക്രമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിൽ ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണത്തെയും ഒരു പ്രത്യേക സമൂഹത്തോടൊപ്പമുള്ള പക്ഷത്തെയും ഉയര്‍ത്തിക്കാട്ടുന്ന രീതിയില്‍ കാണിച്ചിരിക്കുന്നു” എന്നു പറയുന്നു.
ഏഷ്യാനെറ്റ് ചാനൽ വിലക്കിക്കൊണ്ടുള്ള വാർത്താവിതരണ മന്ത്രാലയത്തിന്റെ നോട്ടീസ്

മീഡിയ വണ്ണിലേക്കുള്ള നോട്ടീസില്‍ അവരുടെ പ്രക്ഷേപണം “ആര്‍എസ്എസിനെ ചോദ്യം ചെയ്യുന്നു, ദില്ലി പോലീസിന്റെ നിഷ്‌ക്രിയത്വം ആരോപിക്കുന്നു.” മുസ്ലീം വിരുദ്ധ അക്രമത്തില്‍ ദില്ലി പോലീസിന്റെ നിഷ്‌ക്രിയത്വവും ഇടയ്ക്കിടെയുള്ള പങ്കാളിത്തവും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാന വാരം മുഴുവന്‍ അക്രമങ്ങള്‍ തുടരുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തതിനു പുറമെ 53 പേര്‍ മരിക്കാനും ഇടയായ അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്തതിനാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരം നടപടി. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന് വിലക്ക് മറികടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.

ക്രേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഒരു രാജ്യസഭാ എം പിയുടെ ചാനലിന് നിരുപാധികം മാപ്പുപറഞ്ഞു വിലക്ക് പിൻവലിപ്പിക്കേണ്ടി വന്നു. നേരോടെ നിർഭയം നിരന്തരം എന്ന ടാഗ് ലൈനിനു പോലും ചന്ദ്രശേഖരനു മുന്നിൽ മാധ്യമധർമം കാത്തുസൂക്ഷിക്കാൻ സാധിച്ചില്ല. 1993 ലാണ് ഏഷ്യാനെറ്റ് പ്രക്ഷേപണം ആരംഭിക്കുന്നത് രാജ്യത്ത് പ്രക്ഷേപണം ചെയ്ത ആദ്യത്തെ സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്. വാർത്തകളിൽ മലയാളിയുടെ പ്രിയപ്പെട്ട ന്യൂസ് ചാനലിലേയ്ക്കുള്ള ഏഷ്യാനെറ്റിന്റെ വളർച്ച പെട്ടെന്നായിരുന്നു. തുടർന്ന് 2006 ലാണ് രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റിന്റെ 51 ശതമാനം ഓഹരി വാങ്ങുന്നത്. 2008 ൽ ചാനലിന്റെ പകുതിയിലധികം ഓഹരികളും സ്റ്റാർ ഗ്രൂപ്പിന് കൈമാറി.

ആരാണ് രാജീവ് ചന്ദ്രശേഖർ ?

ഗുജറാത്തിലെ അഹമ്മദാബാദിൽ ജനനം, ഇലക്ട്രിക്കൽ എന്ജിനീറിങ് ബിരുദധാരി, കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നു കോർപറേറ്റ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് പഠനം തുടങ്ങി മികച്ച വിദ്യാഭ്യാസം നേടി. 1994 ൽ ബിപിഎൽ മൊബൈൽസ് എന്ന കമ്പനി തുടങ്ങി. 2005 ഇൽ ബിപിഎൽ മൊബൈൽസ് കമ്പനിയുടെ 64% ഓഹരികളും എസ്സാർ ഗ്രൂപ്പിന് വിട്ടുനൽകി.

പിന്നീട് 2005 ലാണ് ജൂപിറ്റർ കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പുത്തൻ ബിസിനസുമായി സാങ്കേതികവിദ്യ, മീഡിയ,ഹോസ്പിറ്റാലിറ്റി വിനോദം എന്നീ മേഖലകളിൽ ചുവടുറപ്പിച്ചു. ഏഷ്യാനെറ് ന്യൂസ്, കന്നഡ പ്രഭ, സുവർണ ന്യൂസ്, റിപ്പബ്ലിക് ചാനൽ, ബെസ്റ്റ് എഫ് എം, റേഡിയോ ഇൻഡിഗോ തുടങ്ങിയവ ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലാണ്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽ നിന്നുള്ള ബിജെപി രാജ്യസഭ എം പി കൂടിയാണ്.

2006 മുതൽ ഇത് മൂന്നാം തവണയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ എൻ ഡി എ കേരള ഘടകം വൈസ്ചെയർമാനാണ്. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി കോടികൾ ആസ്തിയുള്ള ബിസിനസ്സുകാരനാണ് ഇയാൾ.

എന്നാൽ കഴിഞ്ഞ മൂന്നു തവണയും രാജ്യസഭ ഇലക്ഷൻ സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ തന്റെ യഥാർത്ഥ സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇയാൾ ഇലക്ഷൻ കമ്മീഷനു മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നത്. സെക്ഷൻ 125 A ജനപ്രാതിനിധ്യനിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചതിനും, തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിനും ആറു വർഷം വരെ തടവ് ലഭിക്കാനുള്ള കുറ്റമാണ്.

രാജ്യസഭ ഇലക്ഷൻ സത്യവാങ്മൂലത്തിൽ മറച്ചുവെച്ച വിവരങ്ങൾ

ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയെന്ന നിലയിൽ 2018 മാർച്ച് 12 ന് രാജീവ് ചന്ദ്രശേഖർ തന്റെ സ്വത്തുക്കളും സമ്പത്തിന്റെ ഉറവിടങ്ങളും പട്ടികപ്പെടുത്തുന്ന ഒരു സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് നിർബന്ധിത നിബന്ധനയായ സത്യവാങ്മൂലത്തിൽ, ബിസിനസുകാരനായ അദ്ദേഹത്തിന്റെ വാർഷിക വരുമാനം 28 കോടി രൂപയും അദ്ദേഹത്തിന്റെ കുടുംബ ആസ്തി 65 കോടി രൂപയും ആണ്.

എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 7500 കോടിയോളം വരും. സത്യവാങ്മൂലത്തിൽ കൊടുത്ത വിവരങ്ങൾ പ്രകാരം വെക്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എസ്പിഎല്‍ ഇന്‍ഫോടെക് പിടിഇ, ജൂപ്പിറ്റര്‍ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മിന്‍സ്‌ക് ഡവലപ്പേര്‍സ്, ആര്‍സി സ്റ്റോക്ക്‌സ് ആൻഡ് സെക്യൂരിറ്റീസ്, സാങ്കുയിന്‍ ന്യൂ മീഡിയ എന്നിവയാണ് രാജീവ് ചന്ദ്രശേഖറിനു പങ്കാളിത്തമുള്ളത്. എന്നാൽ ചന്ദ്രശേഖര്‍ നിയന്ത്രിക്കുന്ന ഏറ്റവും വലിയ കമ്പനിയായ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന പേര് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയുമില്ല.

ഒരു നിക്ഷേപ, ധനകാര്യ സേവന സ്ഥാപനമായി വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന ഈ സ്ഥാപനം 2005 ല്‍ ചന്ദ്രശേഖര്‍ സ്ഥാപിച്ചു. ആദ്യ വര്‍ഷത്തില്‍ കമ്പനിക്ക് നാല് അനുബന്ധ സ്ഥാപനങ്ങളും 15.08 കോടി രൂപ വരുമാനവുമുണ്ടായിരുന്നു. അതിനുശേഷം, അത് അതിവേഗം വളര്‍ന്നു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ കമ്പനിയുടെ 2018 ഫയലിംഗുകള്‍ 58 സബ്സിഡിയറികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു – അവയില്‍, സുവര്‍ണ ന്യൂസ്, ഏഷ്യാനെറ്റ്, ഇന്‍ഡിഗോ 91.9 എഫ്എം, റിപ്പബ്ലിക് തുടങ്ങിയ മാധ്യമ കമ്പനികള്‍; ടെക്‌നോളജി കമ്പനിയായ ആക്‌സിസ്‌കേഡ്‌സ് പ്രതിരോധ സ്ഥാപനമായ ഇന്ത്യന്‍ എയ്‌റോ വെന്‍ചേഴ്‌സും ഉൾപ്പെടും.

ചന്ദ്രശേഖറിന്റെ മിക്ക ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും വരുമാനത്തിന്റെയും മുഖ്യ സ്രോതസ് സാങ്കേതികവിദ്യ, എയ്റോസ്പേസ്, മീഡിയ, സംഗീതം, വിനോദം, ഹോസ്പിറ്റാലിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴിയാണ്. വെബ്സൈറ്റ് പറയുന്നതുപോലെ കമ്പനി ഒരു ബില്യണ്‍ ഡോളറിലധികം (7100 കോടി രൂപ) നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നു. 2018 മാര്‍ച്ചില്‍ ഇത് 1,026 കോടി രൂപയുടെ മൊത്ത വരുമാനം റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ രാജീവ് ചന്ദ്രശേഖർ നൽകിയ കമ്പനികളുടെ വരുമാനം വളരെ ചെറുതാണ്. അതുകൂടാതെ കോടികൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങളുടെ ഒരു ആരാധകനായ രാജീവിന്റെ കയ്യിൽ 1942 മോഡൽ ഇരുചക്രവാഹനം മാത്രമാണുള്ളതെന്നാണ് സത്യവാങ്മൂലത്തിൽ. 140 കോടി വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് വിമാനം ഉള്ള കാര്യം സൂചിപ്പിച്ചതുപോലുമില്ല.

ബാംഗ്ലൂരിൽ 9600 സ്‌ക്വയർ ഫീറ്റ് വരുന്ന 6 പ്ലോട്ടുകൾ, ബാംഗ്ലൂരിൽ 120 കോടിയോളം രൂപ വിലമതിക്കുന്ന 1.3 ഏക്കർ സ്ഥലം തുടങ്ങിയവയും മറച്ചുവച്ചു. പകരം താമസിക്കുന്ന വീടും സ്ഥലവും ഉൾപ്പെടെ 12 കോടി മാത്രമാണ് സത്യവാങമൂലത്തിൽ കൊടുത്തിരിക്കുന്നത്. എന്തിനധികം കേരളത്തിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകം നിരാമയ റിസോർട്ട് ഒരിടയ്ക്കു വാർത്തകളിൽ നിറസാന്നിധ്യമായിരുന്നു.

പ്രതിരോധ രംഗത്തെ ഇന്ത്യൻ എയ്റോ വെഞ്ചേഴ്സിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തിനുള്ള ഷെയർ

പ്രതിരോധ മേഖലയിലും രാജീവ് ചന്ദ്രശേഖർ എന്ന ബിസിനസുകാരൻ നേട്ടങ്ങളുണ്ടാക്കി. പ്രതിരോധ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്ന സമയത്ത് പ്രതിരോധ മേഖലയിലെ ആക്‌സിസ്‌കേഡ്സ് പോലുള്ള കമ്പനികളെ സ്വന്തമാക്കി. ഇവയില്‍ ആദ്യത്തേത് ഇന്ത്യന്‍ എയ്റോ വെഞ്ച്വറാണ് പരിശീലന പൈലറ്റുമാര്‍ മുതല്‍ വിമാനങ്ങള്‍ പരിപാലിക്കുന്നത് വരെ വിമാനത്തിന് ആജീവനാന്ത പിന്തുണ നല്‍കുകയാണ് ഇത് ലക്ഷ്യമിടുന്നത്.

81.98% ഓഹരിയുള്ള അതിന്റെ ഏറ്റവും വലിയ നിക്ഷേപകന്‍ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളും എഞ്ചിനീയറിംഗുമാണ്. ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളുടെയും എഞ്ചിനീയറിംഗിന്റെയും 99.99%വും ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ഉടമസ്ഥതയിലാണ്. ഈ വിധം മറച്ചുവച്ച ആസ്തികളുടെ കണക്കെടുക്കുമ്പോൾ പെരുംനുണയുടെ ചീട്ടുകൊട്ടാരങ്ങൾ ഓരോന്നായി തകർന്നുവീഴുന്നതു കാണാം.

ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു കോർപ്പറേറ്റ് എന്ന നിലയിൽ രാജീവ് ചന്ദ്രശേഖർ എന്ന ബിസിനസ്സുകാരനെ തുറന്നുകാട്ടുകതന്നെ വേണം. ജനാധിപത്യത്തിന്റെ നാലാം തൂണിനുമേൽ അയാൾ അവസാന ആണിയടിക്കും മുൻപ് കൂർമ്മ ബുദ്ധിയുള്ള ആ ബിസിനസ്സുകാരനെ ജനം തിരിച്ചറിയട്ടെ .