യെസ് ബാങ്ക്, സാമ്പത്തിക പ്രതിസന്ധി, കിട്ടാക്കടം, എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ്, സിബിഐ എഫ്ഐആര്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന ചൂടു പിടിച്ച ചര്‍ച്ചകള്‍. നോട്ടു നിരോധനത്തിന് ശേഷം എടിഎമ്മിനു മുമ്പില്‍ നീണ്ട നിരകള്‍ വീണ്ടും പ്രത്യക്ഷമായിട്ടുണ്ട്. യെസ് ബാങ്കിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം.
റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശയെ തുടര്‍ന്ന് യെസ് ബാങ്കിലെ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. കെടുകാര്യസ്ഥത മൂലവും അഴിമതിമൂലവും, പ്രതിസന്ധിയില്‍പെടുന്ന ബാങ്കുകളെ രക്ഷിക്കാന്‍ പൊതു മേഖല ബാങ്കുകളെ നിര്‍ബന്ധിക്കുന്നത് അതിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കില്ലേ എന്ന സംശയങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.
നേരത്തെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റു ചെയ്ത, ബാങ്കിന്‍റെ സ്ഥാപകന്‍ റാണ കപൂറിനെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡൂയിറ്റ് അര്‍ബന്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അനധികൃതമായി 600 കോടി രൂപ സമ്പാദിച്ചുവെന്നതാണ് കേസ്.
അതെ സമയം യെസ് ബാങ്കിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പോരടിക്കുകയാണ്. ബാങ്കിനെ പ്രതിസന്ധിയിലേക്ക് നയിച്ചതില്‍ ആരുടെ ഭരണകാലത്തെ സാമ്പത്തിക നയങ്ങള്‍ക്കാണ് ഉത്തരവാദിത്വം എന്നതു തന്നെയാണ് പോരിനു കാരണം.
ബാങ്കിനു മേല്‍, ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചതു മുതല്‍ പരിഭ്രാന്തിയിലായ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുകയാണ്. സത്യത്തിൽ മോറട്ടോറിയം ഇത്ര ഭയപ്പെടേണ്ട ഒന്നാണോ? യെസ് ബാങ്ക് നേരിടുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയോകുമോ?
യെസ് ബാങ്കിന് പിഴച്ചത് എവിടെ?
രാജ്യത്തെ നാലമാത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. റാണ കപൂറും അശോക് കപൂറും ചേർന്ന് 2004ലാണ് യെസ് ബാങ്ക് സ്ഥാപിക്കുന്നത്. സിൻഡിക്കേറ്റഡ് വായ്പകൾ ക്രമീകരിക്കുന്നതിലൂടെയും കോർപ്പറേറ്റ് ബാങ്കിംഗ് വഴിയുമാണ് യെസ് ബാങ്കിന് അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിച്ചിരുന്നത്.
തുടക്കത്തിൽ തന്നെ ബാങ്കിന്റെ വളർച്ച പെട്ടെന്നായിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് ഇന്ത്യയിലെ മികച്ച അഞ്ച് സ്വകാര്യ ബാങ്കുകളിൽ ഒന്നായി മാറി. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി സാധാരണ പല ബാങ്കുകളും നേരിടുന്ന പ്രതിസന്ധി യെസ് ബാങ്കിനെയും ബാധിച്ചു.
കിട്ടാകടങ്ങള്‍ വര്‍ധിച്ചു. നിക്ഷേപം കുറഞ്ഞു. കൂടുതല്‍ മൂലധന സമാഹരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു, എന്നിവ തന്നെയാണ് യെസ് ബാങ്ക് നേരിട്ട പ്രതിസന്ധികളും. ഈ പ്രതിസന്ധികള്‍ സ്വാഭാവികമായി ഉണ്ടായതാണോ അതോ നടത്തിപ്പിന്‍റെ പ്രശ്നം കൊണ്ടാണോ എന്നതാണ് ചോദ്യം.
മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ബാങ്കിലെ ആകെ വായ്പ നല്‍കിയത് 55,633 കോടി രൂപയായിരുന്നു. നിക്ഷേപമാകട്ടെ 74192 കോടി രൂപയും. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷമാകുമ്പോഴെക്കും വായ്പ നല്‍കി തുകയില്‍ നാലിരട്ടിയുടെ വര്‍ധനയാണ് ഉണ്ടായത്. അതായത് 2,24,505 കോടി രൂപയായി വര്‍ദ്ധിച്ചു.
എന്നാല്‍ ഇതേ കാലയളവില്‍ നിക്ഷേപ തുക ആനുപാതികമായി വര്‍ധിച്ചില്ല. അത് 2, 09.497 കോടി രൂപ മാത്രമായി. നിഷ്‌ക്രിയ ആസ്തി 7.39 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. അതായത് ബാങ്കിന്‍റെ പ്രതിസന്ധി അടിസ്ഥാനപരമാണെന്നും, അത് നടത്തിപ്പിലുണ്ടായ നിഷ്ക്രിയത്വം കാരണമാണെന്നും വ്യക്തം.
അനില്‍ അംബാനിയുടെ റിലയന്‍സ്, ദീവാന്‍ ഹൗസിംങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ജെറ്റ് എയർവേയ്സ് എന്നി സ്ഥാപനങ്ങള്‍ക്ക് വായ്പ കൊടുത്തും, നിക്ഷേപം സ്വീകരിച്ചുമാണ് യെസ് ബാങ്ക് വളര്‍ന്നത്. ഇത്തരത്തിലുള്ള അനാരോഗ്യകരമായ പ്രവര്ത്തനം കാരണം സ്ഥാപകന്‍ റാന കപൂറിന് വീണ്ടും മൂന്നു വര്‍ഷം കൂടി മാനേജിംങ് ഡയറക്ടറായി തുടരാനുള്ള അനുമതി റിസര്‍വ് ബാങ്ക് നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് റിസർവ് ബാങ്ക് ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും കാരണം പരസ്യപ്പെടുത്തിയിരുന്നില്ല. ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍ ഉത്തം പ്രകാശ് ഈ വര്‍ഷം ആദ്യം രാജിവെച്ചതോടെയാണ് പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞു തുടങ്ങിയത്.
ബാങ്ക് അധികൃതരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
മണി ലോണ്ടറിംങ് ആക്ട് അനുസരിച്ചാണ് യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴിസ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ദീവാന്‍ ഹൗസിംങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (ഡിഎച്ച്എഫ്എല്‍) എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ വായ്പയില്‍ തിരിമറി കാണിച്ചുവെന്നാണ് ആരോപണം.
കപൂറിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഡൂയിറ്റ് അര്‍ബന്‍ വെഞ്ച്വേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ദീവാന്‍ ഹൗസി്ംങ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ബാങ്കിംങ്ങ് ഇതര സ്ഥാപനത്തില്‍ നിന്ന് 600 കോടിയുടെ വായ്പ ലഭിച്ചു. ദീവാന്‍ ഹൗസിംങ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ യെസ് ബാങ്കിന് 3000 കോടി യോളം രൂപ വായ്പ തിരിച്ച് നല്‍കാനുള്ള സമയത്തായിരുന്നു ഇത്തരത്തില്‍ വായ്പ കിട്ടിയത്.
ഇത് തട്ടിപ്പാണെന്ന പ്രഥമിക കണ്ടെത്തിലിന്റെ പുറത്താണ് അന്വേഷണം. റാണ കുപറിന്റെ ബന്ദു ഡയറക്ടറായ കമ്പനിയാണ് ഡൂയിറ്റ് അര്‍ബന്‍ വെഞ്ച്വേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2012 ലാണ് ഈ കമ്പനി നിലവില്‍വന്നത്.
2019 മാര്‍ച്ച് വരെ കമ്പനി 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്കാക്കുന്നത്. വായ്പ തിരച്ചടവ് ഒഴിവാക്കി കിട്ടുന്നതിനുള്ള കൈക്കൂലിയാണ് ഇതെന്ന സംശയമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ബാങ്കിംങ് സംവിധാനത്തിന്മേലുള്ള ആര്‍ബിഐയുടെ നിരീക്ഷണ സംവിധാനത്തിന്റെ പരിമിതി തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ബാങ്കിംങ് രംഗത്തിന്റെ പ്രശ്‌നമല്ലെന്ന് വരുത്താനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. എന്നാല്‍ ചില ക്രെഡിറ്റ് റേറ്റിംങ് ഏജന്‍സികളില്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുത്തില്ലെങ്കില്‍ അത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കും.
പ്രതിസന്ധിക്ക് നടുവിലെ രാഷ്ട്രീയ പോര്
ഇന്ത്യയുടെ ഓരോ സാമ്പത്തിക പ്രശ്നങ്ങളിലും ഗാന്ധി കുടുംബത്തിന് മുഖ്യപങ്കുണ്ടെന്ന ആരോപണമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. അറസ്റ്റിലായ റാണ കപൂര്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വദ്രയില്‍നിന്ന് ഒരു പെയിന്റിങ് വാങ്ങിയതുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്ത് ബിജെപിയുടെ ഐടി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അമിത് മാളവ്യയാണ് രംഗത്ത് വന്നത്.
എന്നാല്‍, ബാങ്കിന്റെ വായ്പകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതിന്റെ ഉത്തരവാദികള്‍ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമാണെന്നാണ് കോണ്‍ഗ്രസ്സ് തിരിച്ചടിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നോട്ട് നിരോധനത്തിനു ശേഷം എങ്ങനെയാണ് ബാങ്കിന്റെ വായ്പ 100 ശതമാനത്തോളം ഉയര്‍ന്നത് ? ഈ സമയത്തൊക്കെ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ഉറങ്ങുകയായിരുന്നോ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ഉന്നയിച്ചത്.
2004 മുതൽ 2014 വരെ കോൺഗ്രസ് ഭരിച്ച പത്തു വർഷങ്ങളിൽ അവർ കാര്യങ്ങൾ കൈകാര്യം ചെയ്തതിലെ പിഴവു കാരണം ഈ സർക്കാരിനു നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചത്. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ലെന്നും ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ സിബിഐയും അന്വേഷണ ഏജന്‍സികളും പരിശോധിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ അക്കൗണ്ട് ഉടമകള്‍ക്കു പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ഇത് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകളും നടക്കില്ല. യുപിഐ വ്യവഹാരങ്ങളും നടക്കില്ല.
യെസ് ബാങ്ക് പാർട്ണർ ആയിട്ടുള്ള സ്വിഗി, ഫോൺ പേ തുടങ്ങിയ 20 ആപ്പുകൾ വഴി പണമിടപാടുകള്‍ സാധിക്കില്ല എന്നാല്‍ ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ ഇക്കാലയളവിൽ ഉപയോഗിക്കാം.
പണം പിൻവലിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്കിലുള്ള പണം സുരക്ഷിതമായിരിക്കും എന്നാണ് ആർബിഐയുടെ വാഗ്ദാനം. യെസ് ബാങ്ക് വഴി അടക്കുന്ന മാസ അടവുകളോ വായ്പകളോ ഇൻഷുറൻസുകളോ മറ്റ് മാസാമാസമുള്ള പണ അടവുകളോ ഉണ്ടെങ്കിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും നിര്‍ദ്ദേശമുണ്ട്.