പുരുഷാധിപത്യത്തിനെതിരായ കനത്ത പ്രതിഷേധങ്ങള്‍ക്കാണ് മെക്സിക്കന്‍ നഗരം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാക്ഷിയായത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ തോത് ഉയര്‍ത്തിക്കാട്ടിയത് 80,000ത്തോളം വരുന്ന സ്ത്രീകളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു.
സ്ത്രീകള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ ചോദ്യം ചെയ്യാതെ നിഷ്ക്രിയരായി നില്‍ക്കുന്ന ഭരണകൂടത്തിനെതിരെയും തെരുവില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. മെക്സിക്കോയില്‍ ദിനം പ്രതി പത്ത് സ്ത്രീകളെങ്കിലും മരണപ്പെടുന്നതായും, സ്ത്രീകള്‍ ഇരകളായുള്ള 700ഓളം കേസുകള്‍ നിത്യേന രജിസ്റ്റര്‍ ചെയ്യപ്പെട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
രാജ്യത്തെ ഞെട്ടിച്ച പല കൊലപാതകങ്ങളിലും സ്ത്രീകളായിരുന്നു ഇര. സഹിക്കാനാവുന്നതിന്‍റെ പരമാവധി സഹിച്ചപ്പോഴാണ് മെക്സിക്കന്‍ സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അണിനിരത്തി ലോകത്തിന്‍റെ സമരചരിത്രത്തില്‍ തന്നെ ആദ്യത്തേതെന്ന് പറയാനാവുന്ന പ്രതിഷേധ പരിപാടികളാണ് മെക്സിക്കോയില്‍ നടക്കുന്നത്.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പരിഗണന ഇനിയെങ്കിലും ഉണ്ടാകണം. അതാണ് മെക്സിക്കോയിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. പുരുഷന്‍മാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്നാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്.
സമാധാനപരമായായിരുന്നു മാര്‍ച്ച് ആരംഭിച്ചതെങ്കിലും, പ്രതിഷേധക്കാരില്‍ ചിലര്‍ പെട്രോള്‍ ബോംബുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതോടെ പോലീസ് കണ്ണീര്‍ വാതകം തിരിച്ച് പ്രയോഗിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അറുപതോളം പേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ മാസം ക്രൂരമായി കൊല്ലപ്പെട്ട ഇന്‍ഗ്രിഡ് എസ്കാമില്ല എന്ന 25 കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെട്ടിടങ്ങളുടെ ചുവരുകളില്‍ അവളുടെ പേരെഴുതിയായിരുന്നു പ്രതിഷേധം. സ്വന്തം പങ്കാളിയില്‍ നിന്ന് പൈശാചികമായ പീഡനങ്ങളേറ്റു വാങ്ങിയായിരുന്നു എസ്കാമില്ലയുടെ മരണം.
യുവതിയുടെ ധാരുണ മരണത്തില്‍ പ്രതിഷേധിച്ച്, മെക്സിക്കന്‍ പ്രസിഡന്‍റ് , ആന്‍ഡ്രസ്സ് മാനുവല്‍ ലോപസ് ഒബ്രാഡര്‍, കുടുംബത്തോടൊപ്പം താമസിക്കുന്ന നാഷണല്‍ പാലസിനു മുന്നില്‍ വിവിധ വനിത സംഘടനകളുടെ നേതൃത്വത്തില്‍ അന്ന് പ്രതിഷേധവും നടത്തിയിരുന്നു. അധികാരികള്‍ ഇനിയെങ്കിലും ഉണരട്ടെ എന്നാണ് അവര്‍ ആഗ്രഹിച്ചത്. അങ്ങനെയെങ്കിലും അക്രമങ്ങള്‍ അവസാനിക്കട്ടെയെന്നും.
2016 ല്‍ കുടുംബത്തോടൊപ്പം ഒരു പിറന്നാള്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത് 20വയസ്സുകാരി ധാരുണമായി കൊല്ലപ്പെട്ടസംഭവത്തില്‍ മൂന്നു പ്രതികളാണ് തെളിവുകളുടെ അഭാവത്തില്‍ അവസാന നിമിഷം കേസില്‍ നിന്ന് ഊരിപ്പോയത്. ഒരു പതിറ്റാണ്ടിലേറെയായി മെക്സിക്കന്‍ ഭരണസംവിധാനം ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് മുന്നില്‍ നിസ്സംഗ മനോഭാവമാണ് കാട്ടുന്നതെന്നും നാഷണല്‍ സിറ്റിസണ്‍സ് ഒബ്സര്‍വേറ്ററി ഓണ്‍ ഫെമിനിസൈഡ് എന്ന സംഘടനയുടെ അദ്ധ്യക്ഷ മരിയ എസ്ട്രാഡ പറയുന്നു.
പ്രതിഷേധ സ്വരങ്ങളുയര്‍ന്ന വനിതാ ദിനം
വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയിലധിഷ്ടിതമാണ് അന്താരാഷ്ട്ര വനിത ദിനം എന്ന ആശയം. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും ഈ ദിനത്തോട് ചേര്‍ത്ത് വായിക്കേണ്ട ചരിത്ര നിമിഷങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം ആത്യന്തികമായി ഓര്‍മ്മിപ്പിക്കുന്നത്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
ലോകത്ത് ഒരോ മൂന്ന് സെക്കന്‍റിലും ഒരു സ്ത്രീ വീതം ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു, തെരുവുകള്‍ പുരുഷന്‍റെ അധീനതയിലാണെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം വനിത ദിനത്തില്‍ ലോകത്തെ പല പ്രമുഖ തെരുവുകളും കണ്ടത് അവകാശലംഘനങ്ങളുടെ ഭാണ്ഡമഴിച്ച് പ്രതിഷേധിക്കുന്ന പെണ്‍കരുത്തിനെയാണ്. യുകെയിലിം യുഎസിലും വനിതകള്‍ ശമ്പളം നല്‍കുന്നതിലുള്ള ലിംഗവിവേചനത്തിനെതിരെ തെരുവില്‍ സംഘടിക്കുകയും, മീ റ്റൂ പ്രസ്ഥാനത്തെ ആഘോഷിക്കുകയും ചെയ്തു.
പാകിസ്ഥാനില്‍ വനിതകളുടെ മാര്‍ച്ച് ഫലപ്രയോഗത്തിലൂടെ തടയുമെന്ന് യാഥാസ്ഥിതിക വിഭാഗക്കാര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള എല്ലാ ക്രമീകരണങ്ങലും അദികൃതര്‍ നടത്തിയിരുന്നു. രാജ്യത്തെ പ്രധാന ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി മാര്‍ച്ചിനെ പ്രതിരോധിക്കാനായി മറ്റൊരു മാര്‍ച്ച് ആഹ്വാനം ചെയ്തിരുന്നു.
രാജ്യം കൊറോണ ഭീതിയില്‍ വന്‍ അച്ചടക്ക നടപടികള്‍ മുന്നോട്ട് വച്ചിരുന്നു എങ്കിലും, സ്പെയിനിലെ മാഡ്രിഡ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന മാര്‍ച്ചില്‍ നിരവധിപേരാണ് പങ്കെടുത്തത്. “അവകാശത്തോടെ, തടസ്സങ്ങളില്ലാതെ, അതിര്‍ത്തികളില്ലാതെ ഫെമിനിസ്റ്റുകള്‍” എന്ന ബാനറുകള്‍ പിടിച്ചായിരുന്നു മാര്‍ച്ച്.
കഴിഞ്ഞ വര്‍ഷം 35,000 പോരായിരുന്നു മാഡ്രിഡ് നഗരത്തില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്. ഇത്തവണ ഇത് 12,000 ആയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനു പിന്നാലെ ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ എതിര്‍ത്തുകൊണ്ടായിരുന്നു തുര്‍ക്കിയില്‍ വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് നടന്നത്. ഈസ്താംബുളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളടങ്ങുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തതാണ് പ്രകോപനമുണ്ടാക്കിയയെന്നായിരുന്നു പോലീസ് ഭാഷ്യം.
ബ്രസീലിയന്‍ നഗരങ്ങളായ സാവോ പോളോ, റിയോ ഡി ജനീറോ, ബ്രസീലിയ എന്നിവിടങ്ങളില്‍ തീവ്ര വലതുപക്ഷവാദിയായ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊനാരൊയുടെ ഭരണത്തെ ്പലപിച്ചുകൊണ്ടായിരുന്നു പതിനായിരക്കണക്കിന് സ്ത്രീകള്‍ മാര്‍ച്ച് നടത്തിയത്.
അവകാശ ലംഘനങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്, സമത്വത്തിലധിഷ്ടിതമായ ഒരു സമൂഹ്യ ജീവിതത്തിനു വേണ്ടിയാണ് ഈ പെണ്‍ശബ്ദങ്ങള്‍ തെരുവില്‍ മുറവിളി കൂട്ടുന്നത്. അടുത്ത വനിതാ ദിനമെങ്കിലും അവര്‍ക്ക് ആഘോഷിക്കാനുള്ള ദിനമാകട്ടെ, പ്രതിഷേധങ്ങള്‍ ഫലം കാണട്ടെ.