Fri. Nov 22nd, 2024
കൊച്ചി ബ്യൂറോ:

ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന്റെ പേരിൽ മലയാളം ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം 48 മണിക്കൂർ സമയം വിലക്കേർപ്പെടുത്തി. വിലക്ക് നിലവിൽ വന്ന മാർച്ച് 6 വൈകീട്ട് 7.30 മുതൽ രണ്ടു ചാനലുകളും കറുപ്പ് സ്ക്രീനാണ് കാണിക്കുന്നത്.

ഡൽഹി കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്ന് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസിലും ആര്‍എസ്എസ്സിനേയും ഡൽഹി പൊലീസിനെയും വിമര്‍ശിച്ചുവെന്ന് മീഡിയ വണ്‍ ചാനലിന് നൽകിയ ഉത്തരവിലും പറയുന്നു. മീഡിയ വണ്ണിന്റെ ഡല്‍ഹി കറസ്‌പോണ്ടന്റ് ആയ ഹസ്‌നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ചും നോട്ടീസില്‍ പറയുന്നുണ്ട്.

നിലവില്‍, ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് 7.30 മുതലാണ് നിരോധനം നടപ്പാക്കി തുടങ്ങിയത്. മാർച്ച് 8 ന് രാത്രി 7.30 ന് മാത്രമേ ചാനലുകൾക്ക് പ്രക്ഷേപണം പുനരാരംഭിക്കാൻ കഴിയൂ. വാര്‍ത്താമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലേക്ക് സര്‍ക്കാര്‍ ഇടപ്പെടുന്നതില്‍ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Screen-grab, Copyrights: Asianet news

ഏഷ്യാനെറ്റ് ഇക്കാര്യത്തിൽ പ്രതികരണം ഇതുവരെ അറിയിച്ചിട്ടില്ല. മീഡിയ വൺ പ്രതികരണം അറിയിച്ചിട്ടുണ്ട്.

മീഡിയ വൺ വാർത്താക്കുറിപ്പ്

ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിതമായ വംശഹത്യാശ്രമം കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ മാർച്ച് ആറിന് വൈകീട്ട് ഏഴര മുതൽ മാർച്ച് എട്ടിനു വൈകീട്ട് ഏഴര വരെ മീഡിയ വൺ ടി വിയുടെ സം‌പ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഖേദകരവും പ്രതിഷേധാർഹവുമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാനാകൂ.

ആർ എസ് എസ്സിനേയും ഡൽഹി പോലീസിനേയും വിമർശിച്ചുവെന്നത് സം‌പ്രേഷണം നിർത്തിവെക്കാനുള്ള കാരണമായി വാർത്താവിത്രണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷപ്രസംഗം റിപ്പോർട്ടുകളിൽ പരാമർശിച്ചതും അതിന്റെ പേരിൽ എഫ് ഐ ആർ റജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയ്യാറായില്ലെന്നു റിപ്പോർട്ട് ചെയ്തതും സാമുദായിക സൌഹൃദം തകർക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ചെയ്തിരിക്കുന്നത്.

ഇത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിനു തുല്യമാണ്. അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ ഈ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വൺ ടി വിയുടെ തീരുമാനം.

സി എൽ തോമസ്

എഡിറ്റർ ഇൻ ചീഫ്