Mon. Dec 23rd, 2024

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ട് അങ്കത്തട്ടിലേക്ക് കച്ചകെട്ടി ഇറങ്ങുകയാണ് ഭീം ആര്‍മി പാര്‍ട്ടി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ തന്റെ പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന വലിയ ലക്ഷ്യത്തിലെത്താന്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണനു സാധിക്കുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

ബഹുജന്മാരുടെ ശക്തമായ ശബ്ദമാകാന്‍ ആഗ്രഹിക്കുന്ന ചന്ദ്രശേഖര്‍ ആസാദ് സമുദായ അവകാശങ്ങള്‍ക്കായി തെരുവുകളില്‍ നടക്കുന്ന പോരാട്ട വീര്യത്തെ നിയമസഭയുടെ അകത്തളങ്ങളിലേക്ക് എത്തിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് വിലയിരുത്തുന്നത്.

‘ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ നമ്മുടെ അവകാശങ്ങളെ അടിച്ചമര്‍ത്തി വെച്ചിരിക്കുകയാണ്. അതിനെ അട്ടിമറിക്കാനുള്ള സമയമായി. അധികാരസ്ഥാനങ്ങള്‍ കയ്യാളേണ്ടത് നമ്മുടെ ആളുകള്‍ തന്നെയാണ്’ ആസാദ് മുഴക്കുന്ന ഇത്തരം ഭേരികള്‍ ഫലം കാണുമോ?

ഒബിസി വോട്ടുകളെയാണ് ചന്ദ്രശേഖര്‍ ആസാദ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഇതിനായി ഒബിസി നേതാവും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) നോതാവുമായ ഓം പ്രകാശ് രാജ്ബറുമായി കൈകൊടുത്ത് കഴിഞ്ഞു. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോടു ചേര്‍ന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും, എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ബറും

പൗരത്വ പ്രക്ഷോഭ വേദികളില്‍ നിറസാന്നിദ്ധ്യമായതും, ജയില്‍ വാസവും ചന്ദ്രശേഖര്‍ ആസാദിനെ, യുവാക്കള്‍ക്കിടയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയിലും വ്യക്തമായ ഒരു ചിത്രം മെനഞ്ഞെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. തങ്ങളുടെ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത ആസാദിനെ ‘മാസ്’ ആയാണ് അവര്‍ കാണുന്നത്.

ചന്ദ്രശേഖര്‍ ആസാദ് പൗരത്വ പ്രതിഷേധങ്ങളില്‍

ബിജെപിക്കെതിരെ ദളിത് ഐക്യമെന്ന ഭീം ആര്‍മിയുടെ ആശയം സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരു ബദലാകുമോ? ഗ്യാലറിയില്‍ ഇരുന്ന് കളി കാണാതെ, ഗോധയിലേക്കിറങ്ങുമ്പോള്‍ ഭാഗീധാരി കൂട്ടുകെട്ട് എത്രത്തോളം ഉപകാരപ്രദമാകുമെന്നതാണ് ചോദ്യം. മായാവതിക്കെതിരെ അണിനിരക്കാന്‍ ആസാദിന് സാധിക്കുമോ എന്നതും ഉത്തരം കാത്ത് കിടക്കുന്നു. ആസാദിന്‍റെ തീരുമാനങ്ങള്‍ യോഗിക്ക് പണിയും, കോണ്‍ഗ്രസ്സിന് പ്രതീക്ഷയുമാകുമ്പോഴാണ് കളി കാര്യമാകുന്നത്.

പുതിയ നേതാവും പുതിയ സഖ്യവും

ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായിരുന്ന എസ്ബിഎസ്പിയുമായി കൈകോര്‍ക്കാനുള്ള ഭീം ആര്‍മിയുടെ തീരുമാനം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചന്ദ്രശേഖര്‍ ആസാദിനു ചുറ്റും രൂപം കൊണ്ട നേതാവെന്ന ‘ഓറ’ ബിജെപിയെ ഭയപ്പെടുത്തുന്നുമുണ്ട്.

ചന്ദ്രശേഖര്‍ ആസാദ് ഭീം ആര്‍മിയെ രാഷ്ട്രീയ പാര്‍ട്ടിയായി കളത്തിലിറക്കാന്‍ തീരുമാനിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി ലഖ്‌നൗവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ച അതിലേറെ അപ്രതീക്ഷിതമായിരുന്നു.

2022 നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചവിട്ട് പടികള്‍ വേഗത്തില്‍ കയറാനുള്ള ഒരുക്കത്തിലാണ് ആസാദ്. ദളിതുകള്‍ക്കിടയില്‍ യുവാക്കളെ ഏകോപിപ്പിച്ച് ബിജെപിയെ നേരിടാനുള്ള നീക്കങ്ങളാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയം കൂടാതെ പറയുന്നു.

രാജ്ബര്‍, ബിജെപിയെ അവരുടെ സര്‍ക്കാരിന്റെ ഭാഗമായി കൊണ്ട് രൂക്ഷമായി വിമര്‍ശിച്ച നേതാവാണ്. ഒടുവില്‍ അദ്ദേഹം സഖ്യം വിടുകയും ചെയ്തു. ദളിതുകള്‍ക്കിടയില്‍ സത്യസന്ധനായ സീനിയര്‍ നേതാവെന്ന പേര് രാജ്ബറിനുണ്ട് ചന്ദ്രശേഖര്‍ ആസാദിന് ഈ ഇമേജ് അത്യാവശ്യമാണ്.

ഓം പ്രകാശ് രാജ്ബറും ചന്ദ്രശേഖര്‍ ആസാദും

ഭീം ആര്‍മി അക്രമകാരിയായ പാര്‍ട്ടിയാണെന്ന ആരോപണങ്ങളെ ഇത് ഇല്ലാതാക്കുമെന്നത് തന്നെയാണ് കാരണം. രാജ്ബറിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടാനാവില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്. എന്നാല്‍ ആസാദിന്‍റെ പുതിയ നീക്കം ബിജെപിക്ക് പ്രത്യേകിച്ചും, ആദിത്യനാഥിന് തലവേദനയാകുന്നു.

ദളിത് മാത്രമല്ല, മുസ്ലീം വോട്ടുകളെ കൂടെ ചേര്‍ക്കാനുള്ള നീക്കങ്ങളും ആസാദ് നടത്തുന്നുണ്ട്. വിഖ്യാത കവി മുനാവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണയെയും ആസാദ് നേരിട്ടെത്തി കണ്ടു.

ചന്ദ്രശേഖര്‍ ആസാദ് സുമയ്യ റാണയ്ക്കൊപ്പം

ലഖ്‌നൗവിലെ ക്ലോക്ക് ടവര്‍ എന്നറിയപ്പെടുന്ന ഗണ്ടാഗറില്‍ സുമയ്യയുടെ നേതൃത്വത്തിലാണ് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നത്. ഇതിലൂടെ വലിയൊരു വിഭാഗം മുസ്ലീങ്ങളുടെ പിന്തുണയും ആസാദിന് ലഭിക്കും. പ്രധാനമായും ഈ വിഭാഗത്തിന്റെ വോട്ടുകള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കമാണ്.

ആശങ്കയില്‍ ബിഎസ്പി, പ്രതീക്ഷയില്‍ കോണ്‍ഗ്രസ്, പണി പേടിച്ച് യോഗി

ബിഎസ്പിയിലെ മുന്‍ നേതാക്കളുമായി ചന്ദ്രശേഖര്‍ ആസാദ് കൂടിക്കാഴ്ച നടത്തിയത് മായാവതിക്ക് വന്‍ തിരിച്ചടിയാണ്. ആ ദിവസം തന്നെ മുന്‍ ബിഎസ്പി നേതാക്കളായ രാംലഖന്‍, ചൗരസ്യ, ഇസാരുള്‍ ഹഖ്, അശോക് ചൗധരി എന്നിവര്‍ ഭീം ആര്‍മിയില്‍ ചേര്‍ന്നപ്പോള്‍ സംഗതി അല്‍പം സീരിയസായി.

ബിഎസ്പി നേതാവ് മായാവതി

മായാവതി ആസാദിന്റെ രൂക്ഷ വിമര്‍ശകനാണ്, ബിഎസ്പിയുമായി യോജിച്ച് പോകില്ലെന്ന് പലപ്പോഴും ഭീം ആര്‍മി തെളിയിച്ചതാണ്. ബിഎസ്പിയില്‍ അംബേദ്ക്കര്‍ ആശയം പുലര്‍ത്തുന്നവരെല്ലാം ഭീം ആര്‍മിയിലേക്ക് ചേക്കേറുന്ന കാലാവസ്ഥയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കുന്നത്.

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് കോണ്‍ഗ്രസുമായി ചേരുന്നതിന് യാതൊരു എതിര്‍പ്പുമില്ല എന്നതാണ് വിമര്‍ശനങ്ങളുടെ നടുക്ക് നിന്ന് പതറുന്ന മുഖ്യ പ്രതിപക്ഷത്തിന് ആശ്വാസമാകുന്നത്. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ ആസാദിനെ കാണാന്‍ പ്രിയങ്ക ഗാന്ധി പോയതും കൂട്ടിവായിക്കേണ്ടതാണ്.

ചന്ദ്രശേഖര്‍ ആസാദും പ്രിയങ്ക ഗാന്ധിയും

സമാജ്‌വാദി പാര്‍ട്ടി വിട്ട് മറ്റൊരു സഖ്യത്തിനാണ് ഇവിടെ സാധ്യതയുദിക്കുന്നത്. എസ്പിയുമായി മത്സരിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഭീം ആര്‍മിക്കൊപ്പം ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. ദളിത് ഐക്യത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാമെന്നത് നഷ്ടപ്പെട്ട മുഖം സംരക്ഷിക്കാനുള്ള നടപടിയുമാകും.

ഒബിസികളും ദളിതുകളുമാണ് ബിജെപിയെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ആസാദിനൊപ്പമാണെന്നതാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ കിട്ടിയ എട്ടിന്‍റെ പണി. മോദി ഫാക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഫലിക്കില്ലെന്ന് യോഗി വിസ്മരിക്കാതിരുന്നാല്‍ നന്ന്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്

“ഞങ്ങള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു. എന്നു കരുതി ഞങ്ങള്‍ ഭീരുക്കളല്ല. ചെരിപ്പുകളുണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് ഞങ്ങള്‍ക്കറിയാം, അതുപയോഗിച്ച് ആളുകളെ എറിയാനും അറിയാം” എന്ന് ആസാദ് പറയുമ്പോള്‍, പ്രതിഫലിക്കുന്നത് അടിച്ചമര്‍ത്തലിനെതിരായ ഒരു ജനതയുടെ രോഷമാണ്.

മേല്‍മീശ പിരിച്ച്, സണ്‍ഗ്ലാസ് വച്ച്, രാഷ്ട്രീയത്തില്‍ ഇന്നേവരെ ഇല്ലാത്ത ഗ്ലാമര്‍പരിവേഷമായി യുവാക്കള്‍ക്കിടയില്‍ അവതരിച്ച പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുട്ട്മാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ആസാദ് എന്ന യുവാവ്, ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ പുലരി സമ്മാനിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ട പൂരം തന്നെയാണ്.