#ദിനസരികള്‍ 1049
പ്രാക്കുകള്‍
കാച്ച പതിയെ എഴുന്നേറ്റു. വീണത് വെള്ളത്തിലേക്കാണ്. അതുകൊണ്ട് ആകെ നനഞ്ഞിരിക്കുന്നു. കൈകാലുകളില്‍ പറ്റിയിരിക്കുന്ന ചെളി അവള്‍ കണ്ടത്തില്‍ നിന്നുകൊണ്ടു തന്നെ കഴുകി. നനഞ്ഞ മുണ്ടിന്റെ കോന്തല പിടിച്ച് കുറച്ചു വെള്ളം പിഴിഞ്ഞു കളഞ്ഞു. പിന്നെ തിടുക്കത്തില്‍ കണ്ടത്തില്‍ നിന്നും കരയിലേക്ക് കയറി. നിലത്തിട്ട നെല്ലിന്റെ പൊതിയും ചുള്ളിക്കമ്പിന്റെ കെട്ടും അവള്‍ കൈയ്യിലെടുത്തു.
പത്തി പോയ വഴിയില്‍ നോക്കി അവളെന്തോ പറയുന്നുണ്ടായിരുന്നു. സമയം എത്രയായെന്ന് അറിഞ്ഞു കൂട. എന്തായാലും വൈകിയിരിക്കുന്നു. ഇനി എത്രയും വേഗം കുട്ടികളുടെ അടുത്തെത്തണം. കാച്ചയുടെ കാലുകള്‍ വേഗം വേഗം ചലിച്ചു. വായിലുറഞ്ഞു കൂടിയ തുപ്പല്‍ അവള്‍ പുറത്തേക്ക് ആഞ്ഞു തുപ്പി. അരയിലെ പൊതിയില്‍ നിന്നും ഒരു കഷണം പുകയില എടുത്ത് വായിലിട്ട് അമര്‍ത്തിക്കടിച്ചു. പുകയിലയുടെ ചവര്‍പ്പും കടുപ്പവും അവള്‍ക്ക് രസിച്ചു.
കാച്ച കൂരയിലേക്ക് എത്തുമ്പോഴും കുരുന്തന്‍ വന്നിട്ടുണ്ടായിരുന്നില്ല. അതായിരുന്നു അവളുടെ പേടി. രാവിലെ മുതലാളി മാനന്തവാടിയ്ക്ക് പറഞ്ഞു വിട്ടതാണ്. ഇത്രയും ദൂരം നടന്നാണ് എത്തേണ്ടത്. മുതലാളിയ്ക്ക് ആവശ്യമുള്ള സാധനങ്ങളും ചന്തയില്‍ നിന്നും തലച്ചുമടായി എത്തിക്കണം. പോയി വരുമ്പോഴേക്കും എത്ര കരുത്തനാണെങ്കിലും മടുത്തുപോകും. അതുകൊണ്ട് കുരുന്തനെത്തുമ്പോഴേക്കും പണി കഴിഞ്ഞുവന്ന് ഇത്തിരി കഞ്ഞി വെച്ചുവെയ്ക്കണമെന്നായിരുന്നു കാച്ചയുടെ ആഗ്രഹം.
എന്നാല്‍ പത്തിയുടെ മുന്നില്‍ പെട്ടതോടെ നേരം വൈകി. ഇനി ഏതു നേരത്തും കുരുന്തന്‍ എത്താം. വഴിയ്ക്ക് മൊട്ടയില്‍ റാക്കുകടയില്‍ മാത്രമേ ഒരല്പം താമസിക്കൂ. വല്ലപ്പോഴുമേ ഉള്ളുവെങ്കിലും മാനന്തവാടിയ്ക്ക് പോകമ്പോഴൊക്കെ കുരുന്തന്‍ റാക്കു കുടിക്കാറുണ്ട്. ക്ഷീണം മാറാനെന്നാണ് ന്യായം പറയുക. പക്ഷേ കുടി കഴിഞ്ഞാല്‍ മറ്റുള്ള ആണുങ്ങളെപ്പോലെ ബഹളങ്ങളൊന്നുമുണ്ടാക്കില്ല. നല്ല ചിരിയാണ്.
സംസാരം വളരെ കുറച്ചേയുണ്ടാകുകയുള്ളു. എവിടെയെങ്കിലും മൂടിപ്പുതച്ച് വെറുതെ ഇരിക്കുക എന്നതാണ് അത്തരം സമയങ്ങളില്‍ ഏറെ ഇഷ്ടം. ചിലപ്പോഴൊക്കെ കുട്ടികളെ വിളിച്ച് അടുത്തിരുത്തി കഥകളും പറഞ്ഞു കൊടുക്കും. കാടിന്റെ കഥ.
കുട്ടികള്‍ തീ കൂട്ടിയിരിക്കുന്നു. മൂന്നു പേരും തീ കായുകയാണ്. കാച്ചയെ കണ്ടപ്പോള്‍ അവര്‍ എഴുന്നേറ്റ് വന്നു. മൂത്തവന്‍ ഓടിച്ചെന്ന് തീയുടെ സമീപത്തു വെച്ചിരുന്ന കൂവയില പൊതിഞ്ഞ ഒരു കെട്ട് എടുത്തുകൊണ്ടു വന്നു. അവന്‍ അത് കാച്ചയെ തുറന്ന് കാണിച്ചു. സാമാന്യം വലുപ്പമുള്ള ഒരു കാട്ടുകോഴിയാണ്. കുട്ടികള്‍ അതിന്റെ പൂടയെല്ലാം പറിച്ച് വൃത്തിയാക്കി വെച്ചിരിക്കുന്നു. ചുടാനുള്ള പുറപ്പാടിലാണ്. അങ്ങനെയാണെങ്കില്‍ വേഗം കഞ്ഞി കൂടിയുണ്ടാക്കിയാല്‍ കോഴി ചുട്ടതുമുണ്ടല്ലോയെന്ന് അവളോര്‍ത്തു.
ഏറ്റവും ഇളയ കുട്ടിയായ തേയിയെ കാച്ച കൈയ്യിലെടുത്തു. ഞൂലിയെക്കാള്‍ ഇളയതാണ്. തേയിക്ക് നാലു വയസ്സായിട്ടുണ്ടാകണം. എടുത്ത പാടെ അവള്‍ കോഴിയെ പിടിച്ച കഥയുടെ കെട്ടഴിക്കാന്‍ തുടങ്ങി. അത് അവളുടെ ശീലമാണ്. പകല്‍ നേരങ്ങളില്‍ കണ്ടതും കേട്ടതുമെല്ലാം വൈകീട്ട് അവള്‍ കാച്ചയെ പറഞ്ഞു കേള്‍പ്പിക്കും. അവള്‍ക്ക് അറിയാവുന്ന വാക്കുകള്‍ കൊണ്ട് കൊഞ്ചുന്നത് കേട്ടിരിക്കുകയെന്നത് കാച്ചയ്ക്ക് ഏറെ ഇഷ്ടവുമാണ്. പക്ഷേ ഇന്ന് സമയമില്ല.
കുട്ടികളെ തീക്കായാന്‍ വിട്ട് അവള്‍ കൂരയുടെ അകത്തേത്ത് നടന്നു.
അകത്തു കയറി നനഞ്ഞ തുണിയാകെ പറിച്ചുമാറ്റി. തോര്‍ത്തില്‍ പൊതിഞ്ഞു വെച്ചിരുന്ന നെല്ലഴിച്ച് മുറത്തിലേക്കിട്ടു. പാറ്റി പതിരെല്ലാം കളഞ്ഞ് നിലത്ത് കുഴിച്ചിട്ടിരിക്കുന്ന ഉരലിലിട്ട് ഒലക്കകൊണ്ട് പതിയെ തെരകി ഉമി കളയാന്‍ തുടങ്ങി.
നന്നായി ഉണങ്ങിയ നെല്ലാണ്. അതുകൊണ്ട് ഉമി പോകാന്‍ അത്ര വിഷമമില്ല. എന്നാലും പാറ്റി പെറുക്കിയെടുക്കാന്‍ സമയമെടുക്കും. അവള്‍ പതിയെ എഴുന്നേറ്റു. തട്ടിന്റെ മുകളില്‍ മുളംകുറ്റിയുടെ അപ്പുറത്ത് വെച്ചിരുന്ന സാമാന്യം വലിപ്പമുളള ഒരു നൂറന്‍ കിഴങ്ങ് കൈ നീട്ടിയെടുത്തു. അതില്‍ പകുതി പൊട്ടിച്ചെടുത്തിട്ട് ബാക്കി തിരികെ വച്ചു. അതുമായി അവള്‍ പുറത്തേക്ക് നടന്നു കഞ്ഞിയാകുമ്പോഴേക്കും കുട്ടികള്‍ ചുട്ടു തിന്നട്ടെ.
കുഞ്ഞുങ്ങള്‍ നൂറന്‍ കിഴങ്ങു കണ്ടപ്പോള്‍ ചിരിച്ചു. മൂത്തവന്‍ കൈകള്‍ നീട്ടി കിഴങ്ങ് വാങ്ങി. തേയി അവന്റെയടുത്തേക്ക് നീങ്ങിയിരുന്നു. കിഴങ്ങില്‍ നിന്നും ഒരു കഷണം കടിച്ചെടുത്ത് മാതന്‍ തേയിയ്ക്കു നേരെ നീട്ടി. അതുകണ്ടപ്പോള്‍ ഞൂലിയും അവന്റെയടുത്തേക്ക് വന്നു. ഒരു കഷണം അവള്‍ക്കും കിട്ടി.
കുരുന്തന്‍ പതിവിലും വൈകുന്നുവല്ലോവെന്ന് ചിന്തിച്ചുകൊണ്ട് കാച്ച കുറച്ചു നേരം കുട്ടികളുടെ അടുത്തുനിന്നു. അതിനുശേഷം പണിതീര്‍ക്കാനുള്ള വെപ്രാളത്തില്‍ അകത്തേക്ക് മടങ്ങി.
ഉമി കളഞ്ഞ് നുറുങ്ങിക്കിട്ടിയ അരി കഴുകി മണ്‍കലത്തിലിട്ട് അടുപ്പത്ത് വെച്ചു. കലത്തിന്റെ അരികു ലേശം പൊട്ടിയിട്ടുണ്ട് എന്ന കാര്യം അവള്‍ ശ്രദ്ധിച്ചു. അടുത്ത കാവിന് പുതിയത് വാങ്ങണം. കലം മാത്രമല്ല, പാത്രങ്ങളൊന്നുമില്ല. മീന്‍ചട്ടിയുടെ കഷണം മാത്രമാണുള്ളത്. മീന്‍ വല്ലപ്പോഴുമാണ് കിട്ടുന്നതെങ്കിലും പാത്രം വേണ്ടതാണ്. അതുപോലെ വെള്ളം കുടിക്കാനുമൊന്നുമില്ല. ചെറിയ ചുരയ്ക്കയാണ് അതിനായി ഉപയോഗിക്കുന്നത്. മൂന്നോ നാലോ ചുരയ്ക്കാത്തോടുണ്ട്. തല്ക്കാലം അതുമതി.
എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അവള്‍ അടുപ്പിന് സമീപത്തേക്ക് ഇരുന്നു. അടുപ്പ് കത്തിക്കാന്‍ ഉപയോഗിച്ച ചുള്ളിവിറകുകള്‍ കത്തിത്തീരുന്നു. കാച്ച ഇത്തിരി കട്ടികൂടിയ വിറകുകഷണങ്ങള്‍ അടുപ്പിലേക്ക് തള്ളി. കുറച്ചു നേരം പുകഞ്ഞതിന് ശേഷം തീ നന്നായി കത്താന്‍ തുടങ്ങി.
അവള്‍ക്ക് ഛര്‍ദ്ദിക്കണമെന്ന് തോന്നി. കൂരയുടെ പിന്നിലേക്ക് ഇറങ്ങി കാച്ച കുന്തിച്ചിരുന്നു. ശരീരത്തില്‍ പത്തി പിടിച്ചുലച്ചയിടങ്ങള്‍ വേദനിക്കുന്നതായി അവള്‍ക്കു തോന്നി. അതാലോചിച്ചപ്പോള്‍ മനംപിരട്ടല്‍ കൂടി വന്നു. “മൃഗം” എന്നു പ്രാകിക്കൊണ്ട് അവള്‍ ഓക്കാനിച്ചു.
അപ്പോഴേക്കും പുറത്തുനിന്നും കുട്ടികളുടെ ഒച്ചപ്പാടു കേട്ടു. കുരുന്തന്‍ എത്തിയതാണ്. കാച്ച വേഗം മുഖം തുടച്ച് എഴുന്നേറ്റു. അവള്‍ കുട്ടികളുടെ അടുത്തേക്ക് ചെന്നു. കുരുന്തന്‍ മക്കളോടൊപ്പം തീകായുകയാണ്. അയാള്‍ കൊണ്ടുവന്ന രണ്ടു കൊണ്ടു വന്ന രണ്ടു വലിയ കപ്പകളും ഒരു കടലാസുപൊതിയും അടുത്തു വെച്ചിരിക്കുന്നു. അങ്ങനെ പതിവില്ലാത്തതാണ്. കൈയ്യിലുള്ളത് എന്തുതന്നെയായാലും തന്നെ ഏല്പിച്ചതിനു ശേഷമേ കുട്ടികളുമായി കൂടാറുള്ളു. പക്ഷേ ഇന്ന് പതിവു തെറ്റിയിരിക്കുന്നു.
കാച്ച കുരന്തനെ സൂക്ഷിച്ചു നോക്കി. അയാള്‍ തീയിലേക്ക് കണ്ണുകളൂന്നി ഇരിക്കുയായിരുന്നു. കുട്ടികള്‍ കൊടുത്ത കോഴി ചുട്ടെടുക്കാനുള്ള ശ്രമമാണ് എന്നു മനസ്സിലാക്കിയ കാച്ച കപ്പയും കടലാസുപൊതിയുമെടുത്ത് അകത്തേക്ക് കയറി.
പൊതി അഴിച്ചു നോക്കി. ഉണക്ക മീനാണ്. അവള്‍ ഒന്നു മണത്തു നോക്കി. വളരെ അപൂര്‍വ്വമായി മാത്രമേ ഉണക്കമീന്‍ കിട്ടാറുള്ളു. ഇതുമേടിക്കാന്‍ എവിടുന്നാണ് കാശ് എന്നറിയില്ല. ഒരു പക്ഷേ താനറിയാതെ കറപ്പത്തോലോ കാട്ടുതേനോ അയാള്‍ക്ക് കിട്ടിയിട്ടുണ്ടാകണം. മാനന്തവാടിയില്‍ പോയപ്പോള്‍ അതു വിറ്റു കിട്ടിയ കാശിനായിരിക്കണം ഇതു വാങ്ങിച്ചത്. ഉണക്കമീന്‍ പൊതിയഴിച്ച് അവള്‍ നാലോ അഞ്ചോ മീനെടുത്ത് കനലിലേക്കിട്ടു.
ഇരുട്ടു കനത്തു വന്നു. അടുത്ത കൂരകളിലെങ്ങും ആളനക്കമില്ല. എല്ലാവരും കിടന്നിട്ടുണ്ടാകണം. ഇന്ന് ആ മൃഗം കാരണം ഏറെ താമസിച്ചിരിക്കുന്നു. നാളെ കോഴി കൂവുന്നതിന് മുമ്പേ കണ്ടത്തിലിറങ്ങേണ്ടതാണ്. താമസിച്ചാല്‍ പത്തിയുടെ ആളുകള്‍ ഇങ്ങോട്ടേക്കെത്തും. പാണലിന്റെ വടി പുറത്തു വീഴും. അതിനുമുമ്പേ വയലിലേക്ക് ഇറങ്ങണം.
കഞ്ഞി വെന്തിരിക്കുന്നു. കടലാസുകഷണങ്ങള്‍ കൂട്ടിപ്പിടിച്ച് കാച്ച കലം ഇറക്കിവെച്ചു. കാച്ച പുറത്തേയ്ക്ക് വരുമ്പോഴേക്കും തീയുടെ ചൂടില്‍ കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു. ചുട്ടെടുത്ത കോഴി കൂവയിലയില്‍ അനാഥമായിക്കിടന്നു. കാലുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തിയാണ് കുരുന്തനിരിക്കുന്നതെങ്കിലും ഉറങ്ങിയിട്ടില്ലെന്ന് കാച്ചയ്ക്ക് മനസ്സിലായി.
കാച്ച പതിയെ കുരന്തനെ സമീപിച്ചു. കുട്ടികള്‍ ഉണരാതിരിക്കാന്‍ അവള്‍ ശ്രദ്ധ വെച്ചു. ഏറെ നേരം കുരുന്തന് സമീപം അവളിരുന്നിട്ടും അയാള്‍ അവളുടെ നേരേ തിരിഞ്ഞതേയില്ല. കാച്ചയ്ക്കും ഉറക്കം വന്നു തുടങ്ങിയിരുന്നു. അവള്‍ അകത്തുപോയി ചാക്കു തുന്നിക്കൂട്ടിയ പായ എടുത്തു കൊണ്ടുവന്ന് തീക്കൂണ്ഡത്തിന് സമീപം വിരിച്ചു. കുട്ടികളെ പായിലേക്ക് എടുത്തു കിടത്തി. തണുപ്പില്ലാത്ത രാത്രിയായിരുന്നിട്ടുപോലും പഴയൊരു കമ്പിളിയുടെ കഷണം വലിച്ച് അവള്‍ ഉടലാകെ മൂടി.
രാത്രിയില്‍ എപ്പോഴോ കുരുന്തന്‍ അവളെ തേടി.
ഉറക്കം ഞെട്ടിയ കാച്ച കുരുന്തന്റെ കൈകളെ തിരിച്ചറിഞ്ഞു. ഏറെ നേരം കഴിഞ്ഞ് കുരുന്തന്‍ പറഞ്ഞു.
“ഏങ്കണ്ട്.”
എന്തു കണ്ടുവെന്ന് കാച്ച ചോദിച്ചില്ല. കാച്ചയ്ക്ക് ആരോ തന്റെ തൊണ്ടയില്‍ ഞെക്കിപ്പിടിക്കുന്നതായി തോന്നി. അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. അയാള്‍ എല്ലാം കണ്ടിരിക്കുന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. അതുകൊണ്ടായിരിക്കണം പതിവിലുമേറെ റാക്കു കുടിച്ചത്. ചിരികളിതമാശകളുമായി കളിക്കാറുള്ളയാള്‍ ഒന്നും മിണ്ടാതെ കെട്ടിരുന്നത്.
അന്ന് കുരുന്തന് പതിവിലുമേറെ കരുത്തുണ്ടായിരുന്നു.
പുലര്‍ച്ചേ എപ്പോഴോ കാച്ച ഒന്നു മയങ്ങിപ്പോയി. മയക്കത്തിലേക്ക് വഴുതിവീഴുന്നതിനു മുമ്പേ കുരുന്തന്റെ ഉറച്ച ശബ്ദം അവള്‍ കേട്ടു.
“കൊല്ലണം അവനെ.”
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.