Sun. Nov 17th, 2024
വാഷിങ്ടണ്‍:

19 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ താലിബാനും അമേരിക്കയുമായി നാളെ സമാധാന കരാര്‍ ഒപ്പുവയ്ക്കുകയാണ്. താലിബാനെ ഇതുവരെ അംഗീകരിക്കാത്ത ഇന്ത്യ ആദ്യമായി സമാധാന കരാറില്‍ ഔദ്യോഗികമായി ഭാഗമാകുന്നു എന്നതാണ് ഇത്തവണ പ്രത്യേകത. 

ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ യാഥാർഥ്യമായാൽ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കും. അഫ്ഗാനിൽ പുതിയൊരു യുഗം പിറക്കുമോ എന്നാണ് ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കുന്നത്.

നാളെ കരാർ ഒപ്പിടുമ്പോൾ മുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികൾ സാക്ഷികളാകും. അതെ സമയം, അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പ്രതിനിധിയെ അയച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങൾ താലിബാനെ വിശ്വസിക്കുന്നില്ല, അതുകൊണ്ടു പ്രതിനിധിയെ അയയ്ക്കുന്നില്ല’ എന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

2016 ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നിയോഗിച്ച 13,000 യുഎസ് സൈനികരുടെ പിൻമാറ്റമാകും കരാറിലെ പ്രധാന വ്യവസ്ഥയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഏതാനും മാസത്തിനുള്ളിൽ 8600 സൈനികരെ പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്.

അഷ്റഫ് ഗനി, അഫ്ഗാൻ പ്രസിഡന്റ്

എന്നാല്‍, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി ചർച്ച ആരംഭിക്കാമെന്ന താലിബാന്റെ ഉറപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ കൂടുതൽ സേനയുടെ പിൻമാറ്റം ഉണ്ടാകൂ. അൽഖായിദ, ഐഎസ് തുടങ്ങിയ ഭീകര സംഘങ്ങളുടെ ആക്രമണത്തിന് അഫ്ഗാനിസ്ഥാൻ വേദിയാകില്ലെന്ന ഉറപ്പും താലിബാ‍ൻ നൽകേണ്ടി വരും.

നാറ്റോയും അമേരിക്കയും അഫ്ഗാനിലെത്തിയ കഥ

1979 മുതല്‍ 10 വര്‍ഷം നീണ്ട സോവിയറ്റ് അധിനിവേശത്തിനും ഇതിനെതിരെ ഉയര്‍ന്നുവന്ന മുജാഹിദീന്‍ പോരാട്ടത്തിനും ശേഷം രക്തച്ചൊരിച്ചില്‍ കണ്ട് അറപ്പ് മാറിയ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.

 

അന്ന്, അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ മേഖലകള്‍ സോവിയറ്റ് യൂണിയനെതിരെ പോരാടാന്‍ അമേരിക്കയും പാക്കിസ്ഥാനുമൊക്കെ ചേര്‍ന്ന് രൂപം കൊടുത്ത മുജാഹിദീനുകളുടെ താവളമായിരുന്നു. ഇതാണ് പിന്നീട് താലിബാനും അല്‍-ക്വയ്ദയും അടക്കമുള്ള വിവിധ ഭീകര സംഘടനകളായി പരിണമിച്ചത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയാണ് യഥാര്‍ത്ഥത്തില്‍ ലോകത്തിലെ ഒരുവിധപ്പെട്ട ഭീകര സംഘടനകളുടെയെല്ലാം താവളം.

സോവിയറ്റ് അധിനിവേശം അവസാനിച്ചപ്പോള്‍, നിലവില്‍ വന്ന ഭരണകൂടത്തെ അട്ടിമറിച്ചാണ് 1996-ല്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തത്.  60,000-ത്തോളം സാധാരണക്കാരാണ് അന്നുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. സൗദി അറേബ്യ, പാക്കിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ മാത്രമാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അന്ന് അംഗീകരിച്ചത്.

അഹമ്മദ് ഷാ മസൗദ്, താലിബാന്‍ ഭരണകൂടത്തിനെതിരെ പോരാടാന്‍ രൂപം കൊടുത്ത നോര്‍ത്തേണ്‍ അലയന്‍സിന്റെ തലവനായിരുന്നു അദ്ദേഹം. ഇന്ന് അഫ്ഗാനിസ്ഥാന്റെ ദേശീയ ഹീറോ എന്ന രീതിയില്‍ അനുസ്മരിക്കപ്പെടുന്നതും അഹമ്മദ് ഷാ മസൗദ് തന്നെ.

അഹമ്മദ് ഷാ മസൗദ്

സോവിയറ്റുകള്‍ക്കെതിരെ പോരാടിയ സൈനിക കമാന്‍ഡറായിരുന്ന മസൗദ് താലിബാന്‍ അടക്കമുള്ള സംഘടനകളുടെ തീവ്ര ഇസ്ലാമിസത്തിനും ഭീകരവാദത്തിനും എതിരായിരുന്നു. പാക്കിസ്ഥാനും സൗദി അറേബ്യയും താലിബാന് നല്‍കുന്ന സഹായം അവസാനിപ്പിച്ചാല്‍ അവരുടെ കിരാതഭരണത്തിന് അറുതിയാകുമെന്ന് മസൗദ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുക പോലുമുണ്ടായി.

എന്നാല്‍ 2001 സെപ്റ്റംബര്‍ ഒമ്പതിന് അദ്ദേഹത്തെ താലിബാന്‍, ഒസാമ ബിന്‍ ലാദന്റെ അല്‍-ക്വയ്ദ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് ചാവേര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. അതിനാലാണ് സെപ്റ്റംബര്‍ ഒമ്പത് ‘മസൗദ് ഡേ’ എന്നറിയപ്പെടുകയും, ദേശീയ ഒഴിവു ദിവസമായി അഫ്ഗാനിസ്ഥാന്‍ ആചരിക്കുകയും ചെയ്യുന്നത്. 

അഫ്ഗാനിസ്ഥാനില്‍ മതിലില്‍ വരച്ച അഹമ്മദ് ഷാ മസൗദിന്‍റെ ചിത്രം

മസൗദിനെ കൊലപ്പെടുത്തിയതിന്റെ രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് (സെപ്റ്റംബര്‍ 11) അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനങ്ങള്‍ ഇടിച്ചുകയറ്റിയ വന്‍ ഭീകരാക്രമണം. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങല്‍ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുള്ള ലോക വ്യാപാര കേന്ദ്രം, വിര്‍ജീനിയയിലുള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌.

അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു. യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഭീകരാക്രമണമായിരുന്നു ഇത്.

ഇതിനു പിന്നാലെയാണ് വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ അഥവാ നാറ്റോയും അമേരിക്കയുമൊക്കെ അഫ്ഗാനിസ്ഥാനിലെത്തുന്നത്. 

മസൗദിന്റെ നോര്‍ത്തേണ്‍ അലയന്‍സിന്റെ സഹായത്തോടെ താലിബാനെ പരാജയപ്പെടുത്തിയ അന്നു മുതല്‍ അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനിലുണ്ട്. 19 വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് ഡോളറുകള്‍ മാത്രമല്ല, പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ മറ്റ് ഭീകരസംഘടനകളുമായുള്ള ഏറ്റുമുട്ടലില്‍ 2448 സൈനികരെയും അമേരിക്കയ്ക്ക് നഷ്ടമായി. 

ട്രംപ് വാഗ്ദാനം ചെയ്ത കരാര്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് അനാവശ്യ ചെലവ് ഒഴിവാക്കുമെന്നത് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത്,” പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുമ്പ് താലിബാനുമായി സമാധാനക്കരാര്‍ ഒപ്പുവച്ച് സൈന്യത്തെ പിന്‍വലിക്കും” എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. 

യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം വട്ടവും എത്താനുള്ള ഒരു മാര്‍ഗമാണ് ട്രംപിന് ഈ കരാര്‍. പാകിസ്ഥാനെയാണ് ട്രംപ് ഇതിനായി ആശ്രയിക്കുന്നത്. അമേരിക്ക പിന്‍വാങ്ങിക്കഴിഞ്ഞാല്‍ താലിബാനും അഷ്‌റഫ് ഗനി സര്‍ക്കാരുമായുള്ള ചര്‍ച്ചകളുടെ ഫലം എന്തായിത്തീരും എന്നതാണ് ഈ മേഖലയിലെ വിദഗ്ദരുടെ പ്രധാന ആശങ്ക. 

താലിബാന്‍ ഒരിക്കലും അഫ്ഗാനിലെ സിവില്‍ ഭരണകൂടങ്ങളെ അംഗീകരിച്ചിട്ടില്ല എന്നു മാത്രമല്ല നിരന്തരം ആക്രമണവും അഴിച്ചു വിട്ടിട്ടുണ്ട്. അഷ്‌റഫ്‌ ഗനിയും കഴിഞ്ഞ സര്‍ക്കാരിലെ അഫ്ഗാനിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ളയും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷവും പ്രധാനമാണ്.

അഹമ്മദ് ഷാ മസൗദിന്റെ ഉറ്റ അനുയായിയും ഉപദേശകനുമായിരുന്നു അബ്ദുള്ള. 2014-ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഘനി പ്രസിഡന്റ് ആയത് എന്ന ആരോപണം അബ്ദുള്ള അന്ന് തന്നെ ഉയര്‍ത്തിയെങ്കിലും അമേരിക്കയുടെയും മറ്റും മധ്യസ്ഥതയില്‍ ചീഫ് എക്സിക്യൂട്ടീവ് പദവിയിലേക്ക് ഒതുങ്ങുകയായിരുന്നു.

അഫ്ഗാനിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ളയും, അഫ്ഗാന്‍ പ്രസിഡണ്ട് അഷ്റഫ് ഗനിയും

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഗനി വിജയിച്ചതില്‍ അബ്ദുള്ളയ്ക്ക് അസ്വാരസ്യങ്ങള്‍ ഉണ്ട്. ഇത് സമാധാന കരാറിന് തടസ്സമാകാന്‍ സാധ്യതയുണ്ടെന്നും സിവില്‍ സര്‍ക്കാരില്‍ തന്നെ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ താലിബാന് മേല്‍ക്കൈ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മറ്റൊരു ആശങ്ക. 

സമാധാന കരാര്‍ ഇന്ത്യയുടെ സമാധാനം കെടുത്തുമോ?

പാകിസ്ഥാന്‍റെ മദ്ധ്യസ്ഥതയിലാണ് ഈ കരാര്‍ നടക്കുന്നത് എന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കകള്‍ക്ക് ഇടം നല്‍കുന്നത്. കരാറിനെക്കുറിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി, “അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ എന്നോട് പറഞ്ഞത് പാക്കിസ്ഥാനും അമേരിക്കയുമായുള്ള ബന്ധം ശക്തമാകുന്നത് കാബൂള്‍ വഴിയാണ് എന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനം നിറവേറ്റിക്കഴിഞ്ഞു” എന്നാണ് പറഞ്ഞത്. ഇതും ആശങ്കകള്‍ക്ക് വഴിവെക്കുന്നു. 

ഷാ മുഹമ്മദ് ഖുറേഷി, പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

അമേരിക്കയുടെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പങ്കാളിയായി പാക്കിസ്ഥാന്‍ മാറുന്നതിനുള്ള സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അഫ്ഗാന്‍ താലിബാനെ ചെല്ലും ചെലവ് കൊടുത്തു വളര്‍ത്തിയതും അവര്‍ക്ക് പിന്തുണ നല്‍കുന്നതും ഇപ്പോള്‍ അവരെ സമാധാന ചര്‍ച്ചകള്‍ക്കായി എത്തിച്ചതും പാക്കിസ്ഥാനാണ് എന്നതിനാല്‍ അവരുടെ ഈ ആവശ്യത്തിന് നേര്‍ക്ക് അമേരിക്കയ്ക്ക് കണ്ണടക്കാനും ആവില്ല. 

ട്രംപ് അഹമ്മദാബാദിലെത്തിയപ്പോള്‍ പാക്കിസ്ഥാനെ വിശേഷിപ്പിച്ചതും തങ്ങള്‍ക്ക് അവരുമായി ശക്തമായ ബന്ധമുണ്ട് എന്നാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയായിരുന്നില്ല. 

ഇന്ത്യക്ക് വ്യാപാര താത്പര്യങ്ങളടക്കം ഏറെയുള്ള സ്ഥലമാണ് അഫ്ഗാനിസ്ഥാന്‍. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ കൈയയച്ച് സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, പാക്കിസ്ഥാനെതിരെ ശക്തമായ ഒരു സിവിലിയന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാവേണ്ടത് ഇന്ത്യയുടേയും ആവശ്യമാണ്. എന്നാല്‍, താലിബാന്‍ കൂടി ചിത്രത്തില്‍ വരുന്നതോടെ പാക്കിസ്ഥാന് ഈ രാജ്യത്ത് മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.

അമേരിക്ക പിന്‍വാങ്ങുന്നതോടെ, അമേരിക്കയ്ക്ക് എതിരെ പോരാടിക്കൊണ്ടിരുന്ന വിവിധ ഭീകര സംഘടനകള്‍ അവിടെ സമാധാനം വരുന്നതോടെ പാക്കിസ്ഥാനിലേക്കും അതുവഴി കാശ്മീര്‍ മേഖലയിലേക്കും കടക്കാനുള്ള സാധ്യതയാണ് മറ്റൊരു പ്രധാന ആശങ്ക. പാക്-അഫ്ഗാന്‍ മേഖലയിലുള്ള മറ്റ് ഭീകര സംഘടനകളുടെ മുഴുവന്‍ നേതൃത്വവും താലിബാന് ഉണ്ടോ എന്ന കാര്യം ഇന്നും വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ആശങ്കയേറും.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ കാശ്മീര്‍ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകാനാണ് സാധ്യത. അതിനാല്‍, പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഈ അതിര്‍ത്തി മേഖലയിലെ ഭീകരര്‍ കാശ്മീരിലേക്ക് എത്താനുള്ള സാധ്യത സുരക്ഷാ വിദഗ്ധര്‍ തള്ളിക്കയുന്നില്ല. 

പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ലോകത്തെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ്. അതുകൊണ്ടു തന്നെ താലിബാനേക്കാള്‍ അവര്‍ മുന്‍തൂക്കം നല്‍കുന്നത് ഈ സംഘടനയ്ക്കാണ്. ഐഎസിന് ഇന്ത്യയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. 

ജയ്‌ഷെ-ഇ-മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ വിട്ടുകിട്ടണം എന്ന ആവശ്യമുന്നയിച്ച് പാക്കിസ്ഥാനില്‍ നിന്നുള്ള ഹര്‍ക്കത്ത്-ഉല്‍- മുജാഹിദീന്‍ തീവ്രവാദികള്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയപ്പോള്‍ ബന്ദികളെ മോചിപ്പിക്കാന്‍ താലിബാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് തുടക്കത്തില്‍ വിശ്വസിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.

മസൂദ് അസ്ഹര്‍

റാഞ്ചികള്‍ക്ക് നേരെ ഇന്ത്യന്‍ സര്‍ക്കാര്‍ യാതൊരു ആക്രമണവും നടത്തുന്നില്ല എന്നുറപ്പാക്കാന്‍ അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് താലിബാന്‍ ചെയ്തത്. ഈ വിമാന റാഞ്ചല്‍ ഇന്ത്യയെ ഇന്നും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇതൊക്കെ തന്നെയാണ് താലിബാനെ അംഗീകരിക്കാന്‍ ഇന്ത്യ വിമുഖത കാട്ടുന്നതിലുള്ള കാരണവും. 

നാളെ നടക്കുന്ന കരാര്‍ ഒപ്പുവയ്ക്കലില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി. കുമാരന്‍ പങ്കെടുക്കും എന്നാണ് കരുതുന്നത്. ആഗോള രാഷ്ട്രീയം മാറിമറിയുന്ന ഈ കാലത്ത് ഇന്ത്യക്ക് താലിബാന്‍ ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. താലിബാന്‍ സമാധാനത്തിന്‍റെ പാതയില്‍ വരുമ്പോള്‍ അത് തങ്ങളെ എങ്ങനെ ബാധിക്കുമെന്നു തന്നെയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്.