കൊച്ചി:
ഉത്തരാഖണ്ഡില്‍ ഓര്‍ഗാനിക് കാര്‍ഷിക നയം ഉടന്‍ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ആയുഷ്, ആയുഷ് വിദ്യാഭ്യാസമന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു. തദ്ദേശീയമായ ഓര്‍ഗാനിക് ഉത്പ്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഓര്‍ഗാനിക് ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നയം അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ആയുര്‍വേദം ഉള്‍പ്പെടെയുള്ള വെല്‍നസ് മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ആയുഷ്, ആയുഷ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ഉത്തരാഖണ്ഡ് വെല്‍നസ് സമ്മിറ്റ്-2020 റോഡ് ഷോയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓര്‍ഗാനിക് ഉത്പ്പന്നങ്ങളുടെ നിര്‍മാണ കേന്ദ്രമായ ഉത്തരാഖണ്ഡിനെ വെല്‍നസ്, ടൂറിസം രംഗത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഉത്തരാഖണ്ഡ് വെല്‍നസ് സമ്മിറ്റ് 2020 സംഘടിപ്പിക്കുന്നത്.