ന്യൂ ഡല്‍ഹി:
“കേസെടുക്കാന്‍ നഗരം കത്തിത്തീരണോ”? ഡല്‍ഹിയിലെ അനിഷ്ടസംഭവങ്ങളില്‍ എത്രയും പെട്ടെന്ന് നടപടി വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധര്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ച ചോദ്യമാണിത്. 1984 ലെ സിക്ക് വിരുദ്ധ കലാപം പോലെ മറ്റൊന്ന് ഉണ്ടാകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട മുരളീധര്‍, ഡല്‍ഹിയിലെ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെയും, പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് തന്റെ വീട്ടില്‍ കോടതി വിളിച്ച് ചേര്‍ത്താണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ജസ്റ്റീസ് മുരളീധറും ജസ്റ്റീസ് എജെ ബാംബാനിയും പോലീസിനോട് ഉത്തരവിട്ടത്. ഇതിന് ശേഷം, സാമൂഹ്യ പ്രവര്‍ത്തകന്‍ ഹർഷ് മന്ദർ,ഫാറ നഖ്‍വി എന്നിവർ ഡല്‍ഹി സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി മുരളിധര്‍ പരിഗണിച്ചു.
കപിൽ മിശ്ര നടത്തിയ പ്രസംഗം അദ്ദേഹം കോടതിയിൽ കാണുകയും, പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍, ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്നു ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് മുരളീധര്‍ ഹൈക്കോടതിയിലുണ്ടാവില്ല. പക്ഷെ, അമിത്ഷായുടെ ആഭ്യന്തര വകുപ്പിനെയും പോലീസിനെയും വിമര്‍ശിച്ച അദ്ദേഹം കോടതിയില്‍ ഉണ്ടായാലാണ് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വൈരുദ്ധ്യമാകുന്നത്.
അര്‍ദ്ധരാത്രിയിലെ അപ്രതീക്ഷിത സ്ഥലം മാറ്റം
രണ്ടാഴ്ച മുമ്പാണ് മുരളീധറിനെ ഡല്‍ഹിയില്‍നിന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റികൊണ്ടുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം പുറപ്പെടുവിച്ചത്. എന്നാല്‍, ഇന്നലെ അര്‍ദ്ധരാത്രിയോടെ ജോലിക്ക് ചേരാനുള്ള സമയം പോലും വ്യക്തമാക്കാത്ത വിജ്ഞാപനം ഇറങ്ങുകയായിരുന്നു.
മുരളീധറിനെ സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാര്‍ശ സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ തന്നെ വിവാദമായിരുന്നു. ഡല്‍ഹി കോടതി അഭിഭാഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതാണ്.
ഇന്നലെ വാദത്തിനിടെ, കേസ് പരാമര്‍സ ഘട്ടത്തിലായതിനാല്‍ ചീഫ് ജസ്റ്റിസാണ് പരിഗണിക്കേണ്ടതെന്നും ഇന്നത്തേക്കു മാറ്റണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് അവധിയിലാണെന്നും അടിയന്തര സ്വഭാവമുള്ളതിനാല്‍ ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ പാലിച്ച് തന്‍റെ ബഞ്ച് കേസ് പരിഗണിക്കുകയാണെന്നും ജസ്റ്റിസ് മുരളീധര്‍ മറുപടി നല്‍കി.
തുടര്‍ന്ന് അര്‍ദ്ധരാത്രി 12.30 ന് ജസ്റ്റിസ് എസ് മുരളീധറിന്‍റെ വസതിയിലാണ് അടിയന്തരമായി വാദം കേട്ടത്. അക്രമത്തില്‍ പരുക്കേറ്റവരെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായം ആവശ്യപ്പെട്ടിട്ടും എട്ടു മണിക്കൂര്‍ നേരത്തേക്ക് പോലീസ് അനങ്ങിയില്ലെന്ന വിവരം ജഡ്ജി തന്നെ ആശുപത്രിയിലേക്ക് നേരിട്ട് വിളിച്ച് ബോധ്യപ്പെടുകയായിരുന്നു.
” ആശുപത്രിയില്‍ 2 മൃതദേഹങ്ങളുണ്ട്, 22 പരുക്കേറ്റവരുമുണ്ട്, ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിട്ട് നാലു മുതല്‍ പോലീസിനെ വിളിക്കുകയാണ്”, ന്യൂ മുസ്തഫാബാദ് അല്‍ ഹിന്ദ് ആശുപത്രിയിലെ ഡോക്ടര്‍ ഫോണ്‍മാര്‍ഗം കോടതിയെ ബോധിപ്പിച്ചതിങ്ങനെയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അല്‍ ഹിന്ദ് ആശുപത്രിയിലുള്ളവരെ അര്‍ദ്ധരാത്രി തന്നെ ജിടിബി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി, പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
അനീതിക്കെതിരെ ശബ്ദിക്കുന്ന വായ മൂടിക്കെട്ടിയ നടപടികള്‍ ഇതിനു മുമ്പും നാം കണ്ടിട്ടുള്ളതാണ്. നീതിക്കും നിയമത്തിനും മേലെ പ്രഖ്യാപിത അജണ്ടകള്‍ക്ക് സ്ഥാനം നല്‍കുമ്പോള്‍ പ്രതിഷേധ സ്വരത്തിന്‍റെ ഉടമകളുടെ സ്ഥാനത്തിന് സ്ഥിരതയില്ലാതാകും.
നീതി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയേകുന്ന ശബ്ദം
1984 ല്‍ ചെന്നൈയില്‍ അഡ്വക്കേറ്റായാണ് മുരളീധറിന്റെ നിയമജീവിതം ആരംഭിക്കുന്നത്. 1987 ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും എത്തി. ഭോപ്പാല്‍ വാതക ദുരന്തത്തിലും നര്‍മ്മദ അണക്കെട്ടിന് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നടത്തിയ നിയമഇടപെടലുകള്‍ ശ്രദ്ധേയമാണ്.
നിയമകമ്മീഷന്റെ പാര്‍ട്ട് ടൈം അംഗമായ മുരളീധര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ലാണ് അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്.
1984 ലെ സിഖ് കലാപത്തിലെ പ്രതി സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും, ഭീമ കൊറൊഗാവ് കേസില്‍ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയുടെ റിമാന്‍ഡ് പിന്‍വലിച്ചതുമൊക്കെ ജഡ്ജിയായി നിയമിതനായതിനു ശേഷം മുരളീധറിന്‍റെ ശ്രദ്ധേയമായ ഇടപെടലുകളില്‍ ചിലതായിരുന്നു.
സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമല്ലാതാക്കിയ ബഞ്ചിലും മുരളീധര്‍ അംഗമായിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പൊതുതാല്‍പര്യ ഹരജി രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഹരജിയാണെന്നു വിധി പറഞ്ഞതും ജസ്റ്റീസ് മുരളീധറായിരുന്നു. സുപ്രീം കോടതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കു പിന്നിലും അദ്ദേഹമുണ്ടായിരുന്നു.
കലാപങ്ങളിലെ ഇരകള്‍, അരികുവത്കരിക്കപ്പെടുന്ന സമൂഹം, മാനസിക-ശാരീരിക വൈകല്യമുള്ളവര്‍, വിചാരണത്തടവുകാര്‍ തുടങ്ങി നീതി തേടുന്ന നിരാലംബര്‍ക്ക് താങ്ങായാണ് എസ് മുരളീധരനെ ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളത്.
“നീതിന്യായ വ്യവസ്ഥയുടെ വായ മൂടുന്ന ഭരണകൂടം”, പ്രതികരണവുമായി പ്രതിപക്ഷം
രാജ്യ തലസ്ഥാനത്തിന് അക്രമം നിയന്ത്രണാതീതമായപ്പോഴും, മൗനം പാലിച്ച മുഖ്യ പ്രതിപക്ഷം ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വരുന്നുണ്ട്.
ജസ്റ്റിസിനെ സ്ഥലം മാറ്റിയ നടപടി അങ്ങേയറ്റം ദുഃഖകരവും നാണം കെട്ടതുമാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ കേസ് പരിഗണിച്ചിരുന്ന ന്യായാധിപനെ സ്ഥലം മാറ്റിയതില്‍ അതിശയോക്തി ഇല്ലെന്നും, ലക്ഷക്കണക്കിന് ആളുകള്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറി. നീതിന്യായ വ്യവസ്ഥയുടെ വാമൂടി കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം നിന്ദ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ലോയയെ അനുസ്മരിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സ്ഥലം മാറ്റത്തിന് വിധേയനാകാത്ത ധീരനായ ജഡ്ജ് ലോയയെ ഓര്‍ക്കുന്നു എന്നായിരുന്നു ട്വീറ്റിന്‍റെ തുടക്കം.
അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് ലോയ മരണപ്പെടുന്നത്. ലോയയുടെ മരണത്തില്‍ സംശയമുന്നയിച്ച് കുടുംബം രംഗത്തെത്തുകയും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്, പക്ഷേ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. എന്ത് പ്രകോപനം ഉണ്ടായാലും സംയമനവും അനുകമ്പയും പുലര്‍ത്തണമെന്നും ഏറെ വൈകിയാണെങ്കിലും കോണ്‍ഗ്രസ്സ് നേതാവായ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
വ്യക്തമായ കാരണം പറയാതെയാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയതെന്നും അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഈ സംഭവം തുറന്നുകാട്ടുന്നതെന്നുമായിരുന്നു കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരിയുടെ വിമര്‍ശനം.
ജസ്റ്റിസ് മുരളീധറിനെ ഏകപക്ഷീയമായി സ്ഥലം മാറ്റി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ക്രൂരമായ ശ്രമത്തിനെതിരെ നീതിക്കും നിയമത്തിനും ഉയര്‍ന്ന സ്ഥാനം നല്‍കുന്ന എല്ലാ ജഡ്ജിമാരും അഭിഭാഷകരും ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി കലാപത്തില്‍ കാഴ്ച്ചക്കാരനായി നിന്ന ആഭ്യന്തരമന്ത്രി അമിത് ഷായെ പിരിച്ചുവിടണമെന്നായിരുന്നു കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചത്. മറ്റു നേതാക്കള്‍ക്കൊപ്പം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു സോണിയയുടെ പ്രതികരണം.
ദല്‍ഹിയില്‍ 34 പേരുടെ മരണത്തിനിടയാക്കിയ കലാപം പൊട്ടിപുറപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അമിത് ഷായും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. രാജ്യത്തെ സംരക്ഷിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരണങ്ങള്‍ സമയോചിതമായി രേഖപ്പെടുത്താത്തതിന്‍റെ പഴി കോണ്‍ഗ്രസ്സിന് പുതുമയല്ല. മുഖ്യ പ്രതിപക്ഷം എന്ന നിലയില്‍ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പൊട്ടിപ്പുറപ്പെട്ട അതക്രമരാഹിത്യത്തെ ചെറുക്കാന്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ മരണസംഖ്യ പത്തില്‍ കവിയാതെ ചെറുവിരലനക്കില്ല എന്നത് വാശിയാണ്, അത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അങ്ങനെ തന്നെ.