Mon. Dec 23rd, 2024
#ദിനസരികള്‍ 1044

 
സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രമ്പ് കുറിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ഗംഭീര സന്ദര്‍ശനത്തിന്റെ ഓര്‍‌മ്മയ്ക്ക് എന്നാണ്. ട്രമ്പിന്റെ ഈ കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ മുന്‍‌ഗാമി, ഒബാമ, ഇത്തരമൊരു സന്ദര്‍ശന വേളയില്‍ കുറിച്ചിട്ടതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. “മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അന്നു പറഞ്ഞത് ഇന്നും സത്യമായി നിലകൊള്ളുന്നു. ഗാന്ധിജിയുടെ ചൈതന്യം ഇന്നും ഇന്ത്യയില്‍ സജീവമായി നിലനില്ക്കുന്നു. ലോകത്തിനാകെയുള്ള സമ്മാനമാണിത്.” എന്നാണ് അന്ന് ഒബാമ കുറിച്ചത്.

ഈ താരതമ്യത്തിന് പ്രസക്തിയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം ഒബാമയേയും ട്രമ്പിനേയും താരതമ്യപ്പെടുത്തുക എന്നുള്ളതുതന്നെ തികച്ചും അപരാധമാണ്. സന്ദര്‍ഭവശാല്‍ രാജാപ്പാര്‍ട്ടു കെട്ടേണ്ടി വന്ന ഒരു പമ്പരവിഡ്ഢി മാത്രമാണ് ട്രമ്പ് എന്ന കാര്യം ലോകത്തിന് അറിവുള്ളതാണ്. വിവരക്കേടും വംശവെറിയുമെല്ലാം കൂടിച്ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഒരാളെ ഒരിക്കലും മനുഷ്യപക്ഷത്തു നിന്നും ചിന്തിക്കുന്ന, ഗാന്ധിയുടെ മഹത്വത്തെക്കുറിച്ച് ബോധ്യമുള്ള ഒബാമയെപ്പോലെയുള്ള ഒരാളുമായി താരതമ്യപ്പെടുത്തിക്കൂടാ.

ഒരിക്കലും അവര്‍ ഒരേ തൂവല്‍ പക്ഷികളാകുന്നില്ല. മറിച്ച് ഇന്ത്യയിലെ പ്രധാനമന്ത്രി എന്തുകൊണ്ടും അത്തരത്തിലുള്ള വിശേഷണത്തിന് സര്‍വ്വഥാ യോഗ്യനാണ്. താന്‍ ട്രംമ്പിന്റെ സുഹൃത്താണെന്ന് മോദിയും മോദി തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണെന്ന് ട്രമ്പും പരസ്പരം ആശ്ലേഷിക്കാറുണ്ട്. ചേരേണ്ടത് കൃത്യമായി ചേര്‍ന്നിരിക്കുന്നുവെന്നല്ലാതെ ആ സൌഹൃദത്തില്‍ നമുക്ക് ഒട്ടും തന്നെ അസ്വാഭാവികത തോന്നേണ്ട സാഹചര്യമേയില്ല.

ഗാന്ധിസ്മാരകങ്ങളില്‍ എത്രയും വിഖ്യാതമായ ഒരിടത്ത് സന്ദര്‍ശനം നടത്തുന്ന ഒരു രാജ്യത്തിന്റെ തലവന് ലോകസമാധാനത്തിനുവേണ്ടി നിലകൊണ്ട ഗാന്ധിയുടെ സന്ദേശം ഓര്‍മ്മിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അതെത്ര ദയനീയമാണെന്ന് ഒന്നോര്‍ത്തു നോക്കുക. പകരം അയാള്‍ ഓര്‍‌ത്തെടുത്തത് ഗാന്ധിവഴികള്‍ക്ക് എതിരായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരിയുടെ സൌഹൃദത്തെയാണ്. എന്നുമാത്രവുമല്ല, ഗാന്ധിഘാതകരെന്ന് ചരിത്രം രേഖപ്പെടുത്തിയവരുടെ പിന്‍മുറക്കാരനായ ഒരാളെയാണ് താന്‍ ഇവിടെ സൌഹൃദത്തിന്റെ പേരില്‍ രേഖപ്പെടുത്തി വെയ്ക്കുന്നത് എന്നും അമേരിക്കയുടെ പ്രഥമപൌരനറിയാത്തതല്ല.

ഫലത്തില്‍ അയാള്‍ ഗാന്ധിയെ നിഷേധിച്ചുകൊണ്ട് മോദിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ആലിംഗനം ചെയ്യുകയാണ് ചെയ്യുന്നത്. അതായത് ഗാന്ധിയല്ല, മോദിയാണ്, അഹിംസയല്ല ഹിംസയാണ് തനിക്ക് ഇണങ്ങുന്നതെന്നാണ് ട്രമ്പ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഗാന്ധി വിരുദ്ധരായ രണ്ടാളുകള്‍ ഗാന്ധിസ്മൃതികള്‍ ഇരമ്പി നില്ക്കുന്ന ഇടങ്ങളില്‍ ചേര്‍ന്നു നിന്നു എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ആശയങ്ങളുമായി ഐക്യപ്പെടുന്നുവെന്നോ ഐക്യപ്പെടണമെന്നോ നാം കരുതിപ്പോകരുത്.

മാത്രവുമല്ല ഗാന്ധിയുടെ ചിന്തകളെ പിന്പറ്റിക്കൊണ്ട് മോദിയോ ട്രമ്പോ എന്തെങ്കിലും പറയുന്നതല്ലേ ഒരു പക്ഷേ ഏറ്റവും ദയനീയമാകുക? അതായിരിക്കും ഗാന്ധിക്ക് ഏറെ അപമാനകരമാകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒരിക്കലും ഒരു കാരണവശാലും ഗാന്ധിയുമായി ഇണങ്ങിപ്പോകാത്ത ആളുകള്‍ തങ്ങള്‍ ഗാന്ധി ഭക്തരാണെന്ന് പ്രഖ്യാപിക്കുന്നതില്‍പ്പരം കാപട്യമുണ്ടോ?

അതുകൊണ്ട് വളരെ എളുപ്പം, ഗാന്ധിയല്ല മോഡിയാണ് എന്റെ പ്രിയപ്പെട്ടവന്‍ എന്ന് ട്രമ്പ് സത്യസന്ധമായി പറഞ്ഞു. ചേരേണ്ടത് ചേരേണ്ടിടത്ത് ചേര്‍ന്നതിനാല്‍ നാം ആ നിലപാടിനെ ശ്ലാഖിക്കുകയാണ് ചെയ്യേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.