Fri. Nov 22nd, 2024
ദില്ലി:

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്ക് കിഴക്കൻ ദില്ലിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘർഷത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിന്റെ സാന്നിധ്യത്തില്‍ ജനങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന നിരവധി ദൃശ്യങ്ങളാണ് നവ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ കണ്ണീർ വാതകവും പുക ഗ്രനേഡുകളും ഉപയോഗിച്ചതുകൂടാതെ പോലീസ് കല്ലെറിയുന്ന ദിശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലെറിയുന്നതിനിടയിൽ “ജയ് ശ്രീ റാം” എന്ന് വിളിക്കാനും ദേശീയ ഗാനം പാടാൻ ആവിശ്യപ്പെടുന്നതും എല്ലാം വീഡിയോകളിൽ വ്യക്തമാണ്. സംഘ‌ർഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ വടക്കുകിഴക്കന്‍ ഡല്‍ഹിയല്ലാതെ പത്ത് സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. എന്നാൽ സ്ഥിതിഗതികൾ  നിയന്ത്രണവിധേയമാണെന്നാണ്  ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറയുന്നത്.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

By Arya MR