Mon. Nov 25th, 2024
അഹമ്മദാഹാദ്:

മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ കോടികള്‍ വാരിയെറിഞ്ഞ് സ്വാഗതം ചെയ്ത് ഇന്ത്യ. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്.

ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അദ്ധ്യായമായി മാറാവുന്ന സന്ദര്‍ശനത്തിലേക്ക് നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്.

രാവിലെ 11.40നാണ് ട്രംപിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. സഹപ്രവര്‍ത്തകരുമായി മറ്റൊരു വിമാനം നേരത്തെയെത്തും. സുരക്ഷാ- യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ എത്തിക്കഴിഞ്ഞിരുന്നു. ട്രംപിന് യാത്ര ചെയ്യാനുള്ള ‘ബീസ്റ്റ്’ എന്ന അത്യാധുനിക ലിമോസിന്‍ കാറും ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള ‘മറീന്‍-വണ്‍’ ഹെലികോപ്റ്ററും എത്തിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവരാണ് വിമാനത്താവളത്തില്‍ ട്രംപിനെ വരവേറ്റത്. ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ഉച്ചയ്ക്ക് 12ന് റോഡ് ഷോ ആരംഭിക്കും.

28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും. ഗുജറാത്തിലെ നൃത്തസംഘമാകും ആദ്യത്തെ വേദിയിലുണ്ടാവുക. കന്‍റോണ്‍മെന്‍റ് ഭാഗത്താണ് മലയാളീ കലാകാരന്മാര്‍ക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത്.

1.30 ഓടെയാണ് ട്രംപ് മൊട്ടേര സ്റ്റേഡിയത്തില്‍ പ്രവേശിക്കുക. രാവിലെ ഒമ്പതു മുതല്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിച്ച് തുടങ്ങി. ഒരു ലക്ഷത്തിലേറെ വരുന്ന ജനക്കൂട്ടത്തെയാണ് ട്രംപും മോദിയും ചേര്‍ന്ന് അഭിസംബോധന ചെയ്യുന്നത്. വൈകിട്ട് 4.45 ഓടു കൂടി താജ്മഹല്‍ സന്ദര്‍ശനം നടത്തി, ട്രംപ് ഡല്‍ഹിയിലേക്ക് തിരിക്കും.

നിര്‍ണ്ണായക നയതന്ത്ര ചര്‍ച്ചകള്‍, ആകാംക്ഷയോടെ വികസിത രാജ്യങ്ങളും

ട്രംപിന്‍റെ പ്രഥമ ഇന്ത്യാ സന്ദര്‍നത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ചയാണ് നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നത്. ചൈന, പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങള്‍ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി വന്‍വ്യാപാരക്കരാറില്‍ ഒപ്പിടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അത് വിജയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ട്രംപ് പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില്‍ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. ഡൽഹിയുടെ വ്യോമസുരക്ഷയ്ക്കായുള്ള മിസൈൽ കവചത്തിനുമുള്ള കരാറുമുണ്ടായേക്കാം.

ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകളിൽ യുഎസ് താൽപര്യപ്പെടുന്ന ചില ഭേദഗതികൾക്കുള്ള പ്രാഥമിക കരാര്‍ ഒപ്പുവയ്ക്കുന്നതിനും ധാരണയായിട്ടുണ്ട്. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയുമായി ബന്ധപ്പെട്ടു മോദിയോടു ട്രംപ് വ്യക്തത തേടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ, നയതന്ത്ര രംഗത്ത് ആകാംക്ഷയേറെയാണ്.

ഇന്ത്യ, യുഎസിനോടു വേണ്ട രീതിയിൽ പെരുമാറുന്നില്ലെന്നതാണു വ്യാപാര കരാറുകളില്‍ നിന്ന് പിന്മാറാനുള്ള കാരണമായി യുഎസ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതിച്ചുങ്കവും പ്രശ്നമായി യുഎസ് ഉയർത്തിക്കാട്ടുന്നു.

ആശങ്കയില്‍ കശ്മീര്‍ താഴ്വരയിലെ സിഖുകാര്‍

2000 മാര്‍ച്ച് 19ന് രാത്രി, കാശ്മീരില്‍ സൗത്ത് അനന്ദ്‌നാഗ് ജില്ലയിലെ ചത്തിസിങ്‌പോറ ഗ്രാമത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ 35 പേരെ സൈനിക വേഷത്തിലെത്തിയ തോക്കുധാരികള്‍ കൂട്ടക്കൊല ചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബില്‍ ക്ലിന്‍റണ്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ആ ദിവസം കാശ്മീര്‍ താഴ്വരയിലെ സിഖുകാര്‍ക്ക് മറക്കാനാവില്ല.

ബില്‍ ക്ലിന്‍റണ്‍

വിദേശത്തുനിന്നുള്ള ഉന്നത അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ എപ്പോഴെല്ലാം ഇന്ത്യ സന്ദര്‍ശിക്കുന്നുവോ അപ്പോഴെല്ലാം കശ്മീര്‍ താഴ്‌വരയിലെ സിഖുകാര്‍ ഭീതിയുടെ മുനമ്പിലാണ് കഴിയാറുള്ളതെന്ന് ഓള്‍ പാര്‍ട്ടീസ് സിഖ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജഗ്മോഹന്‍ സിങ് റെയ്‌ന വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചും അമേരിക്കയില്‍നിന്നുള്ളവരാകുമ്പോള്‍ ആ ഭീതി എല്ലാവരിലും ക്രമാതീതമായി ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ജഗ്മോഹന്‍ സിങ് റെയ്‌ന പത്ര സമ്മേളനത്തില്‍ (ഫയല്‍ ഫോട്ടോ)

2000ല്‍ ന്യൂനപക്ഷത്തിനു നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സൈന്യം തള്ളിക്കളഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെല്ലാം വിദേശ ചാരന്മാരാണെന്നായിരുന്നു ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും വാദിച്ചിരുന്നത്.

എന്നാല്‍, നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും കശ്മീരിന്റെ വിവിധ ഭാഗത്തുനിന്നും സൈന്യം പല സമയങ്ങളിലായി തെരഞ്ഞെടുത്ത സൈനികരല്ലാത്ത വ്യക്തികളാണ് കൊലയ്ക്ക് പിന്നിലെന്നും പിന്നീട് വ്യക്തമാവുകയായിരുന്നു.

“ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിലാണ് എല്ലാവരും. എന്നാല്‍, കശ്മീരിലെ സിഖുകാര്‍ പേടിച്ചരണ്ടാണ് കഴിയുന്നത്. എല്ലാവരിലും പേടികൊണ്ട് അരക്ഷിതമായ അവസ്ഥ കടന്നുകൂടിയിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം തങ്ങള്‍ക്ക് എന്തോ വലിയ ആപത്താണ് വരുത്താന്‍ പോകുന്നതെന്ന ഭയമാണ് ഒരോ നിമിഷത്തിലും അവരെ ഭരിക്കുന്നത്” ജഗ്മോഹന്‍ സിങ് റെയ്‌ന പറയുന്നു.

‘ട്രംപ് വന്നാല്‍ ഇന്ത്യയ്ക്കെന്ത് നേട്ടം’, ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി
എംപി സുബ്രഹ്മണ്യന്‍ സ്വാമി

ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്കെന്ത് നേട്ടമെന്ന ചോദ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ട്രംപ് എത്തുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്താനാണ് അല്ലാതെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനല്ല എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

“എന്റെ അഭിപ്രായത്തിനു നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാം. ചിലര്‍ ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് ഗുണകരമാകും എന്നൊക്കെ പറയും. നമ്മള്‍ വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങള്‍ക്കെല്ലാം പണം നല്‍കുന്നുണ്ട്. അല്ലാതെ ട്രംപ് സൗജന്യമായി തരുന്നതല്ല” സുബ്രഹ്മണ്യന്‍ സ്വാമി പറ‍ഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചു കൊണ്ട് നേരത്തെ തന്നെ സുബ്രഹ്മണ്യന്‍ സ്വാമി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സാമ്പത്തിക നയം സര്‍ക്കാര്‍ നവീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന നിലപാടാണ് സുബ്രഹ്മണ്യന്‍ സ്വാമി സ്വീകരിച്ചത്.

യുഎസ് പ്രസിഡന്റിന്റെ സന്ദർശനം കൊണ്ട് ഇന്ത്യ വൻ ശക്തിയായി മാറുന്നത് എങ്ങനെയെന്ന ചോദ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെയും രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്, ഹൃദയത്തിന്റെ ഭാഷയല്ല സംസാരിക്കുന്നതെന്ന രീതിയിൽ അദ്ദേഹമൊരു പരോക്ഷവിമര്‍ശനവും നടത്തി.

ഉദ്ധവ് താക്കറെ
പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടതു പാര്‍ട്ടികള്‍ 

ട്രംപിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അഹമ്മദാബാദില്‍ പ്രതിഷേധ പരിപാടികള്‍ നടത്തണമെന്ന് സിപിഐഎമ്മും സിപിഐയും പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ട്രംപ് മോദിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ക്കാര്‍ മോദി സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുകയാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

സീതാറാം യെച്ചൂരി, സിപിഐഎം ജനറല്‍ സെക്രട്ടറി

സ്വതന്ത്ര വിദേശനയം പിന്തുടരുന്നതിനു പകരം സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണ് എന്നത് ഗൗരവമേറിയ കാര്യമാണ്. അതേസമയം അമേരിക്ക അതിന്റെ ആധിപത്യ നയങ്ങള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അഭിപ്രായപ്പെട്ടു.

ഡി രാജ, സിപിഐ ജനറല്‍ സെക്രട്ടറി

ട്രംപിന്റെ ഇന്ത്യാസന്ദര്‍ശന ദിനത്തില്‍ പ്രതിഷേധമാചരിക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചു. ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കുള്ള മരണവാറണ്ടാണ് ട്രംപിന്റെ സന്ദര്‍ശനം വരുത്തിവെക്കുകയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ഏറെനാളായി അമേരിക്കൻ ഭരണകൂടം ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഒന്നാം യുപിഎ ഗവണ്‍മെന്‍റ് പ്പു വച്ച ആണവ കരാറോട് കൂടി ഇന്ത്യൻ വിദേശനയത്തിൽ അമേരിക്കൻ സാമ്രാജ്യത്വ വിധേയത്വം പ്രകടമാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.

‘സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക’ എന്ന മുദ്രാവാക്യം ഉയർത്തി അമേരിക്കൻ പ്രസിണ്ടന്റിന്റ സന്ദർശനത്തിനെതിരെ ഫെബ്രവരി 24 ന് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുമെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനുള്ള വാർഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടിയാണ് ഗുജറാത്ത്, ട്രംപ് ഷോയ്ക്ക് മാത്രമായി ചെലവഴിക്കുന്നത് എന്നാണ് അനൗദ്യോഗിക കണക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുള്ള ഫ്ലെക്സുകളാണു നഗരത്തിലെങ്ങും.

ചേരി പ്രദേശങ്ങളടക്കം നഗരത്തിന്റെ ദൈന്യമുഖം ട്രംപിൽനിന്നു കെട്ടിമറച്ച്, മിനുക്കിയ മുഖം മാത്രം പുറത്തുകാട്ടി നിൽക്കുകയാണു നഗരം. ട്രംപ് സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ സ്കൂളുകൾക്കും ഓഫിസുകൾക്കും ഇന്ന് അവധിയാണ്.