Sat. Jan 18th, 2025

രാജ്യങ്ങള്‍ കടന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച് കൊറോണ. ചൈനയില്‍ വൈറസ് ബാധയേറ്റ് 150 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്താകമാനം മരണസംഖ്യ 2,592 ആയി.

ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ രാജ്യത്ത് 409 പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഹ്യൂബെ പ്രവിശ്യയിലാണ്. ഇതോടെ 77,150 ഓളം കേസുകളാണ് ചൈനയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചൈനയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് കൊറോണ വൈറസ് കൊവിഡ്-19 എന്നായിരുന്നു ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ് പറഞ്ഞത്. കൊറോണയെ പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും അദ്ദേഹം സമ്മതിച്ചു.

ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്

“ഇതിന് വേഗതയേറിയ വ്യാപനമാണ്. വ്യാപ്തിയേറിയ ബാധയാണ്. ഒപ്പം തടയാനും നിയന്ത്രിക്കാനും ഏറ്റവും ബുദ്ധിമുട്ടേറിയതും” ഷി ജിന്‍ പിങ് കൂട്ടിച്ചേര്‍ത്തു. ഷി യുടെ തുറന്നു പറച്ചില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിയന്ത്രണാതീതമായ രീതിയല്‍ കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ ലോകത്തിന്റെ ആശങ്ക മുഴുവന്‍ ചൈനയിലേക്ക് തിരിഞ്ഞിരുന്നു.

കര്‍ക്കശമായ മാധ്യമ, സാമൂഹിക മാധ്യമ നിയന്ത്രണത്തിലൂടെ ചൈനയുടെ ഖ്യാതികള്‍ മാത്രം മുഖ്യധാരയിലെത്തിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ അഹോരാത്ര ശ്രമങ്ങള്‍ക്ക് കൊറോണ തിരിച്ചടിയായിരുന്നു. ചൈനയില്‍ കൊറോണ പിടിപെടുന്നു എന്ന് ആദ്യം സൂചന നല്‍കിയ ഡോക്ടറെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞതും, കൊറോണയുടെ ദുരന്ത വശങ്ങളെ തുറന്നു കാട്ടിയ പലരെയും പോലീസ് അറസ്റ്റ് ചെയ്തതും ഇതിന്‍റെ ഭാഗമാണെന്നാണ് വായിച്ചെടുക്കാന്‍ സാധിക്കുന്നത്.

കൊറോണയെ പ്രതിരോധിക്കുന്നതില്‍ ചൈനീസ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായവും രൂപപ്പെട്ടിട്ടുണ്ട്. കര്‍ക്കശമായ മാധ്യമ നിയന്ത്രണങ്ങളും സാമൂഹ്യമാധ്യമ നിയന്ത്രണങ്ങളും ഈ അടിയന്തര ഘട്ടത്തിലും വെച്ചത് പലവിധത്തില്‍ കൊറോണയെ തടയുന്നതില്‍ വിലങ്ങായിട്ടുണ്ടെന്നാണ് ഇവരുടെ വാദം.

വുഹാനില്‍ നിന്ന് തുടങ്ങിയ വൈറസ് ബാധ, ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിലേക്കും മക്കാവുവിലേക്കും പടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ ചൈനയുടെ അയല്‍രാജ്യങ്ങളിലെല്ലാം ആദ്യ ഘട്ടത്തില്‍ തന്നെ എത്തിയിരുന്നു.

കൊറോണപ്പേടിയില്‍ ദക്ഷിണ കൊറിയ

കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്ത് വിട്ട കണക്കുകല്‍ പ്രകാരം ദക്ഷിണ കൊറിയയില്‍ 161 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇവിടുത്തെ രോഗ ബാധിതരുടെ എണ്ണം 763 ആയി.

വൈറസ് ബാധയേറ്റ് ഇതുവരെ ഏഴു പേര്‍ മരിച്ച സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ രാജ്യത്ത് കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ് രാജ്യത്ത്, ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തുടനീളമുള്ള കിന്‍റര്‍ ഗാര്‍ട്ടനുകളും സ്കൂളുകളും ഒരാഴ്ച കൂടി അവധിയാണ്. ചൈനയിൽ നിന്നുള്ള വരവ് രണ്ടാഴ്ച കർശനമായി നിരീക്ഷിക്കാനും ദക്ഷിണ കൊറിയ പദ്ധതിയിട്ടിട്ടുണ്ട്.

ഇതുവരെ ആര്‍ക്കും രോഗബാധയില്ലെന്ന് ഉത്തര കൊറിയ

ഉത്തര കൊറിയ, റഷ്യ, മംഗോളിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജ്കിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ, നേപ്പാള്‍, മ്യാന്‍മര്‍, ലാവോസ്, വിയറ്റ്‍നാം എന്നിവയാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഇതില്‍ ഉത്തര കൊറിയ ഒഴികെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഉത്തര കൊറിയയില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം രാജ്യത്തെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്‍തത്. സര്‍ക്കാരിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റോഡോങ് സിന്‍മുനിന്‍റെ റിപ്പോര്‍ട്ട്.

ഉത്തര കൊറിയന്‍ സര്‍ക്കാരിന്‍റെ അവകാശവാദത്തെ പിന്തുണച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അതേ ദിവസം തന്നെ പ്രസ്‍താവനയും ഇറക്കിയിരുന്നു. ഉത്തര കൊറിയയില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ ജനീവയില്‍ പുറത്തിറക്കിയ ഈ പ്രസ്‍താവനയില്‍ പറയുന്നത്.

അതെ സമയം, വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെങ്കിലും ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ സ്യൂട്ടുകള്‍ ധരിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഔദ്യോഗിക മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നുമുണ്ട്.

വൈറസ് പടരുന്നത് തടയാനായി ചൈനയിലേക്കുള്ള വിമാന സര്‍വീസുകളും ട്രെയിനുകളും നിര്‍ത്തിവെക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. നയതന്ത്ര പ്രതിനിധികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെത്തുന്ന എല്ലാവരെയും കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പ്രവേശിപ്പിക്കുന്നത്.

കിം ജോങ് ഉന്‍

രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ ഒരു മാസം നിരീക്ഷണത്തില്‍ സൂക്ഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളെല്ലാം 14 ദിവസമാണ് വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നത്. 2.5 കോടിയാണ് ഉത്തര കൊറിയയിലെ ആകെ ജനസംഖ്യ.

ചൈനയുമായി 1500 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഉത്തര കൊറിയക്കുള്ളത്. ഉത്തര കൊറിയയുടെ 90 ശതമാനം വ്യാപാരവും ചൈനയുമായാണ്. എന്നാല്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതോടെ ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ പൂര്‍ണമായി അടച്ചു. അതിര്‍ത്തിയില്‍ നിരീക്ഷണത്തിന് സഹായിക്കാനായി റെഡ് ക്രോസ്, 500 വൊളന്‍റിയര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഏകാധിപതിയായ കിം ജോങ് ഉന്‍ ജനങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വിവര കൈമാറ്റത്തിനും ശക്തമായ നിയന്ത്രണമുണ്ട്. സര്‍ക്കാരിന്‍റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയല്ലാതെ ഒരു വിവരവും പുറത്ത് വരരുത് എന്നതാണ് നിര്‍ദ്ദേശം.

അന്താരാഷ്ട്ര സംഘടനകള്‍ക്കൊന്നും രാജ്യത്തെ രേഖകളോ വിവരങ്ങളോ പരിശോധിക്കാന്‍ അനുവാദവുമില്ല. അതായത്, ജനങ്ങളും ലോകവും അറിയണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത് എന്ന് സാരം.

അമേരിക്കയിലെ ജോണ്‍ ഹോപ്‍കിന്‍സ് സര്‍വകലാശാല 2019-ല്‍ പ്രസിദ്ധീകരിച്ച ആഗോള ആരോഗ്യ സുരക്ഷാ സൂചിക (ഗ്ലോബല്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഇന്‍ഡെക്സ്) പ്രകാരം പകര്‍ച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവില്‍ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ. ആരോഗ്യ സുരക്ഷയില്‍ 193ാം റാങ്കായിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ചോദ്യം ചെയ്‍ത് കൊണ്ട് പലരും രംഗത്ത് വരുന്നുണ്ട്.

ഉത്തര കൊറിയയിലെ ആരോഗ്യ സംവിധാനങ്ങള്‍ ഒട്ടു മികച്ചതല്ലെന്നാണ് അന്താരാഷ്ട്ര ആരോഗ്യ വിദഗ്‍ധര്‍ അഭിപ്രായപ്പെടുന്നത്. തലസ്ഥാനമായ പ്യോങ്‍യാങ്ങില്‍ മാത്രമാണ് ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളുള്ളത്. ആകെ ജനസംഖ്യയുടെ 43 ശതമാനം പോഷകാഹാര കുറവ് നേരിടുന്നവരാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

വൈറസ് ബാധ കണ്ടെത്താനുള്ള പരിശോധന നടത്താന്‍ സൗകര്യമുള്ള ലാബുകള്‍ ഉത്തര കൊറിയയിലുണ്ടോ എന്നതില്‍ സംശയമുണ്ടെന്നാണ് ദക്ഷിണ കൊറിയയിലെ യോന്‍സെയ് യൂണിവേഴ്‍സിറ്റിയിലെ അന്താരാഷ്ട്ര ആരോഗ്യ രക്ഷാ കേന്ദ്രം ഡയറക്ടര്‍ ഡോ. ജോണ്‍ ലിന്‍റന്‍ പറയുന്നത്. ഉത്തര കൊറിയ സന്ദര്‍ശിച്ചപ്പോള്‍ താന്‍ നേരിട്ട് മനസ്സിലാക്കിയതാണ് ഈ കാര്യങ്ങളെന്നാണ് ലിന്‍റന്‍റെ വാദം.

ഐക്യരാഷ്ട്രസഭയുടെയും യുഎസിന്‍റെയും കടുത്ത ഉപരോധങ്ങളാണ് ഉത്തര കൊറിയുടെ സാമ്പത്തികരംഗത്തെ ഞെരുക്കുന്നത്. സാമ്പത്തിക തകര്‍ച്ച കാരണം ഉത്തര കൊറിയയിലെ ആരോഗ്യ രംഗം ഉള്‍പ്പെടെ എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്.

യൂറോപ്പും കോവിഡ്-19 പിടിയില്‍

കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ഇറ്റലിയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച മൂന്നാമത്തെ വ്യക്തിയുടെ മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 130 ലധികം കേസുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.

50000 ആളുകളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും ആരുമായും സമ്പർക്കം പുലർത്തരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ഒത്തുകൂടുന്ന കായിക മൽസരങ്ങളും, നിരവധി ക്ലബ് ഫുട്ബോൾ മത്സരങ്ങളും നീട്ടിവച്ചിട്ടുണ്ട്. പലയിടങ്ങളിലും സ്‌കൂളുകളും ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്.

അതെ സമയം, കൊറോണ വൈറസ് പടർന്നിട്ടും ഫ്രാൻസും ഇറ്റലിയും തമ്മിലുള്ള ഗതാഗത അതിർത്തികൾ അടച്ചുപൂട്ടേണ്ട ആവശ്യമില്ലെന്ന് ഫ്രഞ്ച് ജൂനിയർ ഗതാഗത മന്ത്രി ജീൻ ബാപ്റ്റിസ്റ്റ് ഡിജെബാരി പറഞ്ഞു. “അതിർത്തികൾ അടയ്ക്കുന്നതിൽ അർത്ഥമില്ല, കാരണം വൈറസിന്റെ വ്യാപനം ഭരണപരമായ അതിർത്തികളിൽ മാത്രമായി പരിമിതപ്പെടുന്നില്ല,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇറാനുമായുള്ള അതിര്‍ത്തി അടച്ച് രാജ്യങ്ങള്‍

ഇറാനില്‍ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തുര്‍ക്കിയും പാകിസ്താനും അര്‍മേനിയയും ഇറാനുമായുള്ള അതിര്‍ത്തി അടച്ചു. ഒപ്പം അഫ്ഗാനിസ്താനും ഇറാനിലേക്ക് യാത്ര വിലക്കു വെച്ചിട്ടുണ്ട്. നേരത്തെ ഇറാഖും ഇറാനുമായുള്ള അതിര്‍ത്തി അടച്ചിരുന്നു.

ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ജോര്‍ദ്ദാന്‍ പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തുര്‍ക്‌മെനിസ്താന്‍, അസര്‍ബൈജാന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തി അടച്ചിട്ടില്ല.

ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 50 ഓളം പേരാണ് ഇറാനില്‍ കൊറോണ മൂലം മരണപ്പെട്ടത്. ഇറാനിയന്‍ വിശുദ്ധ നഗരമായ ഖൊമില്‍ യാത്ര ചെയ്തവരാണ് കൊറോണ ബാധിച്ചതില്‍ ഭൂരിഭാഗവും. രാജ്യത്തെ 14 പ്രവിശ്യകളിലെ സ്‌കൂളുകളും സര്‍വകലാശാലകളിലും പ്രത്യേക നിര്‍ദ്ദേശ പ്രകാരം അടച്ചിട്ടിരിക്കുകയാണ്. ഒപ്പം സിനിമാ പ്രദര്‍ശനങ്ങള്‍ക്കും വിലക്കുണ്ട്. ഇതിനു പുറമെ യുഎഇയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടു പേര്‍ ഇറാനിയന്‍ പൗരന്‍മാരാണ്.