ന്യൂ ഡല്‍ഹി:
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും, നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം. വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരിലാണ് സംഭവം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഡല്‍ഹി സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് സംഘര്‍ഷം.
മോജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരസ്പരം കല്ലെറിയുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ജയ് ശ്രീറാം വിളിക്കുന്നതായും വീഡിയോയില്‍ കാണാം.
ഏറ്റുമുട്ടലിൽ രത്തന്‍ ലാല്‍ എന്ന പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും ചില ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
https://www.instagram.com/p/B88hBsUnnZU/
സംഘര്‍ഷം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷൻ നോർത്ത് ഈസ്റ്റ് ജില്ലയിലെ മൂന്ന് മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ് വിഹാർ എന്നിവയാണ് അടച്ചത്. പിങ്ക് ലൈനിന്റെ അവസാന മൂന്ന് സ്റ്റേഷനുകൾ ഇവയായതിനാൽ, റൂട്ടിലെ ട്രെയിനുകൾ ഇപ്പോൾ വെല്‍കം മെട്രോ സ്റ്റേഷനുകളിൽ അവസാനിക്കും.
സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഡൽഹിയിലെ സിഎഎ സമരക്കാരെ കൈകാര്യം ചെയ്യണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് സംഘര്‍ഷം കനത്തത്.
https://twitter.com/KapilMishra_IND/status/1231544492596981760
ഷാഹീന്‍ബാഗ് പ്രതിഷേധക്കാരെ മിനിപാകിസ്താനികള്‍ എന്ന് വിളിച്ചതിനാല്‍ കപില്‍ മിശ്ര നേരത്തെ തന്നെ വിവാദ പാത്രമായിരുന്നു. പിന്നാലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്നും കപില്‍ മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇന്ന് അക്രമങ്ങളെ അപലപിച്ചു കൊണ്ട് കപില്‍ ശര്‍മ്മ ട്വിറ്റ് ചെയ്തിട്ടുണ്ട്. “അക്രമം ഒന്നിനും പരിഹാരമാകുന്നില്ല, ഡല്‍ഹിയില്‍ സോഹോദര്യം നിലനിര്‍ത്താന്‍ പൗരത്വ നിയമത്തെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും അക്രമം അവസാനിപ്പിക്കണം” എന്നായിരുന്നു ട്വിറ്റ്.
https://twitter.com/KapilMishra_IND/status/1231887297559306242
നോർത്ത് ഈസ്റ്റ് ദില്ലിയിലെ 10 സ്ഥലങ്ങളിൽ ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങൾക്ക് തീ വച്ചതായും പൊലീസ് ചിലർക്കു നേരെ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഭജൻപുര പ്രദേശത്ത് പെട്രോൾ പമ്പിന് തീയിട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റുമുട്ടലിനിടെ ഷഹദാര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ശർമയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതെസമയം, ക്രമസമാധാന പാലനം നടത്താൻ ദില്ലി പോലീസ് കമ്മീഷണർക്ക് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ നിർദേശം നൽകിയിട്ടുണ്ട്.
“ഡല്‍ഹിയിലെ ചില ഭാഗങ്ങളിൽ സമാധാനവും ഐക്യവും അസ്വസ്ഥമാക്കുന്നതുമായി ബന്ധപ്പെട്ട വളരെ സങ്കടകരമായ വാർത്തകളാണ് വരുന്നത്. ക്രമസമാധാനം പുനസ്ഥാപിക്കാനും സമാധാനവും ഐക്യവും നിലനിർത്താനും ഞാൻ ബഹുമാനപ്പെട്ട എൽജിയോടും, കേന്ദ്ര ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു” ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ പ്രതികരണമായിരുന്നു ഇത്.
https://twitter.com/TanushreePande/status/1231902776806039553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1231902776806039553&ref_url=https%3A%2F%2Fscroll.in%2Flatest%2F954139%2Fdelhi-fresh-clashes-erupt-between-pro-and-anti-caa-groups-in-maujpur-two-metro-stations-closed
ഡല്‍ഹിയിലെ യമുന വിജർ പ്രദേശത്ത് രണ്ട് മണിക്കൂറോളമാണ് പ്രതിഷേധ സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടിയത്. ട്രംപും മോദിയും നാളെ കൂടിക്കാഴ്ച നടത്തുന്ന ഹൈദരാബാദ് ഹൗസില്‍ നിന്ന് 11 മൈൽ അകലെയാണ് യമുന വിജർ.
ചാന്ദ്‌ബാഗിൽ, പോലിസുകാര്‍ നടത്തിയ ലാത്തി ചാര്‍ജില്‍ ഒരു സ്ത്രീക്ക് തലയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാവിലെ 10: 20 ഓടെ “ആർഎസ്‌എസിൽ നിന്നുള്ളവർ പോലീസിനൊപ്പം വന്ന് പ്രതിഷേധ സ്ഥലത്ത് ഒരു ലാത്തി ചാർജ് ആരംഭിക്കുകയായിരുന്നെന്നാണ് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന ഷഹ്‌ദാബ് മാധ്യമങ്ങളോട് പറഞ്ഞത്.
പ്രധാന പ്രതിഷേധ പരിസരത്ത് 150 ഓളം സ്ത്രീകളും 200 ഓളം പുരുഷന്മാരുമുണ്ടായിരുന്നു. അരമണിക്കൂറിലധികം ലാത്തി ചാർജ് നടന്നതായി ആരോപണമുണ്ട്. സ്ത്രീകളടക്കം വിവേചനരഹിതമായി പരിക്കേൽപ്പിക്കുകയായിരുന്നു എന്നും ഷഹ്‌ദാബ് പറഞ്ഞു.
ജാഫ്രാബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ കല്ലേറിന്റെ ബാക്കിപത്രമാണ് ഇന്നുണ്ടായ സംഘര്‍ഷം. ശനിയാഴ്ച്ച രാത്രി മുതലാണ് ഷാബിന്‍ബാഗിന് സമാനമായ പ്രതിഷേധം ജഫ്രാബാദില്‍ ആരംഭിച്ചത്.
വൈകീട്ട് നാലുമണിയോടെ ഒരു സംഘമാളുകള്‍ കല്ലേറിയുകയായിരുന്നു. തുടര്‍ന്നാണ് ഇത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. സംഘര്‍ത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ ഞായറാഴ്ച രാവിലെ മുതലും, മോജ്പൂര്‍-ബാബര്‍പൂര്‍ സ്റ്റേഷനുകള്‍ വൈകിട്ട് മുതലും അടച്ചിട്ടിരിക്കുകയായിരുന്നു.
ഷഹീൻ ബാഗ് സമരത്തിന് സമാനമായി, കാരവാൽ നഗറിലെ ഖുറേജി ഖാസ്, നോർത്ത് ഈസ്റ്റ് ദില്ലിയിലെ ചന്ദ്ബാഗ്, സൗത്ത് ദില്ലിയിലെ ഹോസ് റാണി എന്നിവിടങ്ങളിലും ആളുകൾ കുത്തിയിരുപ്പ് സമരം നടത്തി. ഉത്തര്‍പ്രദേശിലും ഇന്നലെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
“ഈ കലാപം ഒരു മുൻ എംഎൽഎയും ബിജെപി നേതാവും പ്രേരിപ്പിച്ചതിന്റെ ഫലമാണ്. പോലീസിന്റെ ഇടപെടലിന് ഇപ്പോൾ വ്യക്തമായ തെളിവുകളുണ്ട്. മുൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണം, അക്രമം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ, അത് വ്യാപിക്കും” ബിജെപി നേതാവ് കപിൽ മിശ്രയെ പരാമർശിച്ച് അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എംപി അസദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു.
ഇന്നലെ നടന്ന സംഭവത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കപില്‍ മിശ്രയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നിരുന്നു.