#ദിനസരികള്‍ 1040
അവിനാശിയില്‍ ഇന്നലെ നടന്ന കെഎസ്ആര്‍ടിസി ബസ്സപകടത്തില്‍ പൊലിഞ്ഞത് പത്തൊമ്പത് ജീവനുകള്‍. എതിരെ വന്ന കണ്ടെയ്നര്‍ ലോറി ഓടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണത്രേ അപകടത്തിന് കാരണം. കോയമ്പത്തൂര്‍ സേലം ആറുവരിപ്പാതയില്‍ എതിരെ വന്ന ലോറി നിയന്ത്രണം വിട്ട് ഏകദേശം നീറുമീറ്ററോളം ഓടിയിരുന്നു.
അതിനുശേഷമാണ് റോഡിന്റെ മറുവശത്തേക്ക് കുതിച്ചെത്തുന്നതും സുരക്ഷിതമെന്ന് പേരുകേട്ട കെഎസ്ആര്‍ടിസി വോള്‍വോ ബസ്സിനെ തകര്‍ത്തു കളയുന്നതും.
മരിച്ചവരില്‍ എല്ലാവരും തന്നെ ചെറുപ്പക്കാര്‍. അറുപതിലെത്തിയത് ഒരാള്‍ മാത്രം. ബാക്കിയെല്ലാവരും തന്നെ ഇരുപതുകളിലും മുപ്പതുകളിലും നാല്പതുകളിലുമുള്ളവര്‍.
ഏറെ സ്വപ്നങ്ങളുമായി വിവിധ തുറകളില്‍ ജീവിച്ചു പോകുന്നവര്‍. മികച്ചവരെന്ന് നാട് ആദരിച്ച കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍. അങ്ങനെ എത്രപേരാണ് ഒരാളുടെ അലസതയില്‍ അവസാനിച്ചു പോയത്? എത്ര കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത്?
കാത്തിരിക്കുന്ന ഭാര്യമാര്‍, അച്ഛനമ്മമാര്‍, മക്കള്‍, മറ്റുള്ളവര്‍ അങ്ങനെ ആരെയെല്ലാമാണ് ഈ അപകടങ്ങള്‍ ഒരിക്കലും അടങ്ങാത്ത വേദനയിലേക്ക് തള്ളിവിട്ടത്? ലോറിയുടെ ഡ്രൈവര്‍ മനപ്പൂര്‍വ്വം ചെയ്തുവെന്നല്ല. എന്നാല്‍ ദീര്‍ഘദൂര ഓട്ടക്കാരായ ലോറി ഡ്രൈവര്‍മാര്‍ ആവശ്യത്തിന് വിശ്രമിക്കണമെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്.
സമയത്തിന് സാമഗ്രികള്‍ എത്തിക്കാനുള്ള വ്യഗ്രതയില്‍ അതല്ലെങ്കില്‍ ഒന്നു തീര്‍ത്തിട്ട് അടുത്തത് വാരിപ്പിടിക്കാനുള്ള അത്യാഗ്രഹത്തില്‍ രണ്ടു മൂന്നും ദിവസമൊക്കെ തുടര്‍ച്ചയായി ഉറക്കമൊഴിച്ച് വാഹനമോടിക്കുന്നവരുണ്ട്. അത്തരം രീതികള്‍ അപകടത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു.
വഴി നിയമങ്ങളെക്കുറിച്ചം സാമാന്യ മാര്യാദകളെക്കുറിച്ചും നാമാരും തന്നെ ജാഗ്രതപുലര്‍ത്താറില്ലല്ലോ.
ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന തരത്തില്‍ തള്ളിക്കയറി ഒന്നാമനാകാനുള്ള ദയാരഹിതമായ മത്സരബുദ്ധി നിരത്തുകളെ കൊലക്കളമാക്കുന്നു. വഴികളില്‍ തങ്ങളാണ് രാജാക്കന്മാര്‍ എന്ന ഭാവത്തിലാണ് ഓരോരുത്തരും ഡ്രൈവിംഗ് സീറ്റുകളിലിരിക്കുന്നത്. വിട്ടുകൊടുക്കാന്‍ ആരും തയ്യാറാകത്ത അവസ്ഥ.
വാഹനങ്ങളുടെ മത്സരയോട്ടം വരുത്തി വെയ്ക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്ര വേണമെങ്കിലുമുണ്ട്. ഒരു തിരക്കുമില്ലലെങ്കിലും മുന്നില്‍ പോകുന്ന വണ്ടി ഒന്ന് വേഗത കുറച്ചാല്‍ അഥവാ എന്തെങ്കിലും കാരണംകൊണ്ട് നിറുത്തിപ്പോയാല്‍ എത്ര ഈര്‍ഷ്യയോടെയാണ് നാം ഹോണടിച്ച് ബഹളമുണ്ടാക്കുന്നതെന്ന് ആലോചിച്ചു നോക്കുക. ഒരു തിരക്കുമില്ലെങ്കിലും അത്തരം നേരങ്ങളില്‍ നമ്മളായിരിക്കും ലോകത്തില്‍ ഏറ്റവുമധികം തിരക്കുള്ളയാള്‍.
ഓരോ അപകടങ്ങളുണ്ടാകുമ്പോഴും നമ്മള്‍ ചില ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ട് നടത്താറുണ്ട്. പാതകളില്‍ സ്വീകരിക്കേണ്ട നിയമങ്ങളെക്കുറിച്ചും മര്യാദകളെക്കുറിച്ചുമൊക്കെ നമ്മുടെ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ വഴിയപകടങ്ങളിലെ ഭീതിദമായ ചിത്രങ്ങളെ നിരത്തി ഉദ്ഘോഷിക്കും. അതിന്റെ സമ്മര്‍ദ്ദത്തില്‍ അധികാരികള്‍ പെടുന്നനെ കുറച്ച് നടപടികളുമെടുക്കും.
എന്നാല്‍ കുറച്ചു പോകെ എല്ലാം വീണ്ടും പഴയപടിയാകും. അടുത്തൊരു അപകടമുണ്ടാകുന്നതുവരെ ഈ അലസത തുടരുകയും ചെയ്യും. ഒരു പക്ഷേ നിരത്തുകളില്‍ എന്തൊക്കെ നിയമങ്ങള്‍ നിറച്ചാലും ശിക്ഷകള്‍ കൊണ്ട് ഭീഷണിപ്പെടുത്തിയാലും ഇതൊന്നും പൂര്‍ണമായും അവസാനിച്ചു പോകുമെന്ന് ആരും കരുതുന്നില്ല.
മറിച്ച്, റോഡു സുരക്ഷയെക്കുറിച്ച് ഒരു അവബോധമുണ്ടാക്കുവാനും അതൊരൂ ശീലമായി മാറുവാനും കഴിയുന്ന സാഹചര്യങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത്. അതായത് റോഡിലെ മറ്റൊരു വാഹനം ഓടിക്കുന്നത് സ്വന്തം സഹോദരനാണെന്നും അയാളെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കാണെന്നുമുള്ള ധാരണയാണ് ഒരു ഡ്രൈവിംഗ് സംസ്കാരമായി ഈ സമൂഹത്തില്‍ വേരു പിടിക്കേണ്ടത്. അതിനാവശ്യമായ ബോധവത്കരണപ്രവര്‍ത്തനങ്ങളാണ് ഇനിയെങ്കിലും നാം സംഘടിപ്പിക്കേണ്ടത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.