Thu. Apr 25th, 2024
#ദിനസരികള്‍ 1039

 
“അകത്തേക്കും പുറത്തേക്കും തുറന്നടയുന്ന അമ്പരിപ്പിക്കുന്ന സഞ്ചാരപഥങ്ങളായിരുന്നു യേശുവിന്റേത്. ഗര്‍ഭസ്ഥ ശിശുവായിരിക്കേ ആ യാത്ര തുടങ്ങി. ഗര്‍ഭിണിയായ മറിയം സ്നാപക യോഹന്നാന്റെ അമ്മ എലിശ്വയെ സന്ദര്‍ശിക്കാന്‍ നൂറുമൈല്‍ പിന്നിട്ട് എല്‍കരീമിലെത്തി. അവിടെ ആറുമാസം താമസിച്ച് നസ്രേത്തിലേക്ക് മടങ്ങിപ്പോയി. പൂര്‍ണഗര്‍ഭിണിയായി നസറേത്തില്‍ നിന്ന് ബെത്‌ലഹേമിലേക്കുള്ള ദീര്‍ഘവും ക്ലേശകരവുമായ യാത്ര!

പിറന്ന ഉടനെ ഈജിപ്തിലേക്കുള്ള പലായനം. ആയിരം മൈലുകള്‍ സീനായ് മരുഭൂമിയിലൂടെയായിരുന്നു ആ യാത്ര. നാലുവയസ്സുവരെ ഈജിപ്തിലെ നൈല്‍ നദീതീരങ്ങളിലും പഴയ കെയ്റോ പട്ടണത്തിലും ചില ഗ്രാമങ്ങളിലും രഹസ്യമായി പാര്‍ത്ത് തിരിച്ച് നസറേത്തിലേക്ക്. നസറേത്തില്‍ യൌവനം വരെയുള്ള ബാല്യകൌമാരകാലങ്ങളെക്കുറിച്ച് സുവിശേഷങ്ങള്‍ ഏറെയൊന്നും പറയുന്നില്ല. എന്നാല്‍ അലക്സാണ്ട്രിയയിലെ പുരാതനമായ ഗ്രന്ഥശാലയിലേക്ക് യേശു വിദ്യാഭ്യാസത്തിനായി യാത്ര ചെയ്തിട്ടുണ്ടാകാം എന്ന ഊഹങ്ങളുണ്ട്.

ഭാരതത്തിലേക്കും യേശുവിനൊരു യാത്രയുണ്ടായിട്ടുണ്ട് എന്ന് അഭ്യൂഹങ്ങളുണ്ട്. പില്‍ക്കാലത്ത് യേശുവിന്റെ ജ്ഞാനസാന്ദ്രമായ ജീവിതത്തെ പണിതെടുത്തത് അത്തരം യാത്രകളാവാം. നസറേത്തില്‍ നിന്നും കഫര്‍ന്നഹോമിലേക്കും ഗലീല കടല്‍ത്തീരത്തേക്കും അനവധി മലനിരകളിലേക്കും പരസ്യജീവിതകാലത്ത് യേശു യാത്ര ചെയ്തിട്ടുണ്ട്.

ജെറുസലേമിലേക്കും യരീഹോയിലേക്കും പലവട്ടം നടന്നു. ജീവിതം മുഴുവന്‍ യാത്രകളായിരുന്നു. മരണത്തിലേക്കും ഒരു കാല്‍വരിയാത്ര. അത്ഭുതകരമായ മറ്റൊരു കാര്യം മരിച്ച് ഉയര്‍ത്തിട്ടും യേശു യാത്ര അവസാനിപ്പിച്ചില്ല എന്നതാണ്. എമ്മാവൂസിലേക്ക് ഉത്ഥിതനായ യേശുവിന്റെ യാത്രയിലാണ് സുവിശേഷം അവസാനിക്കുന്നത്.” യേശുവിന്റെ ജീവിതം തന്നെ യാത്രയുടെ പര്യായമായിരിക്കുന്നുവെന്ന് സ്ഥാപിക്കുവാനാണ് തമ്പിയുടെ എഴുത്തിനെ ഇത്രയും ദീര്‍ഘമായി അവതരിപ്പിച്ചത്.

ലക്ഷ്യമറിയാതെ ഉഴന്നു നടന്ന ഒരു കാലത്തേയും സുദൃഡ ചിത്തനായി ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുവെച്ച യേശുവിനേയും നമുക്ക് കണ്ടെത്താനാകും. ആശങ്കകളില്‍ നിന്ന് പാരമാര്‍ത്ഥിക സത്യത്തിലേക്ക് ജ്ഞാനസ്നാനം ചെയ്തെടുത്ത കൃസ്തുവായപ്പോഴേക്കും യേശു മികച്ച ഒരു പോരാളിയായിക്കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് എന്തു ചെയ്യണമെന്ന് ശങ്കിച്ചു നില്ക്കുന്ന യേശുവിനെ നാം കാണുന്നേയില്ല, മറിച്ച് സാഹചര്യങ്ങളെ മനസ്സിലാക്കി ഇടപെടുകയും തന്റെ ദൌത്യമെന്തെന്ന് തിരിച്ചറിയുകയും ചെയ്യുന്ന സ്ഥിതപ്രജ്ഞനെയാണ് നാം കാണുക. ആ സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ വിവിധ ജ്ഞാന കേന്ദ്രങ്ങളിലേക്ക് – അലക്സാണ്ട്രിയ, ഇന്ത്യ എന്നിങ്ങനെ – നടത്തിയ യാത്രകള്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

യേശു നടന്നെത്തിയ വഴികള്‍ ഇന്ന് വിശുദ്ധ പാതകളാണ്. ആ വഴികളിലാകവേ ഇപ്പോള്‍ ദേവാലയങ്ങള്‍ തലയുയര്‍ത്തി നില്ക്കുന്നു. ആയിരക്കണക്കിനാളുകള്‍ ആ വഴികളിലൂടെ ദിനേന സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ വൈകാരികവും മതാത്മകവുമായ ചില സങ്കല്പനങ്ങളെ പിന്‍പറ്റിയുള്ള അത്തരം യാത്രകള്‍ തീര്‍ത്ഥാടനങ്ങളെന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്.

അക്കൂട്ടരെ സംബന്ധിച്ച് യേശു നടന്ന വഴികളിലൂടെയുള്ള യാത്ര ഒരു ചടങ്ങു മാത്രമാകുന്നു. എന്നാല്‍, ആ വഴികളില്‍ നിന്നും യേശുവിന്റെ വിയര്‍പ്പും കണ്ണുനീരും കണ്ടെത്താനും ഞാന്‍ മനുഷ്യനു വേണ്ടി വന്നവനാണ് എന്ന് പ്രഖ്യാപനത്തിലെ മാനവികതയെ തൊട്ടറിയാനും തുടര്‍ച്ചയാകാനും ആര്‍‌ക്കൊക്കെ കഴിയുന്നുവെന്ന കാതലായ ചോദ്യമാണ് എന്ന് ഈ സന്ദര്‍ഭത്തില്‍ നാം ഉന്നയിക്കുക. പീഡാസഹനത്തിന്റെ അവസാനയാത്രയില്‍ പതിമൂന്നിടങ്ങളിലും നിലത്തു വീണ ചോര ഇപ്പോഴും ആര്‍‌ത്തലച്ചു വിലപിക്കുന്നത് മനുഷ്യനു വേണ്ടിയാണെന്നത് നാം കേള്‍ക്കാതെ പോകരുത്.

എന്തായാലും ആ വഴികള്‍, വിശ്വാസികളെ ആര്‍ത്തരാക്കുന്ന തലങ്ങള്‍ വ്യത്യസ്തമാണെങ്കിലും യേശു ചരിത്രലിടപെടുകയും അധികാര കേന്ദ്രങ്ങള്‍‌ക്കെതിരെ ചാട്ടയെടുക്കുകയും അശരണരേയും ആലംബഹീനരേയും ചേര്‍ത്തു പിടിച്ചുകൊണ്ട് തന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുകയും ചെയ്ത കലുഷിതമായ ഒരു കാലഘട്ടത്തെ വിസ്മയഭരിതനായ സഞ്ചാരിയുടെ മുന്നില്‍ അനാവരണം ചെയ്യുകതന്നെ ചെയ്യും. അങ്ങനെയാണ് യേശുവിനേയും അദ്ദേഹത്തിന്റേയും രാഷ്ട്രീയത്തേയും നമുക്ക് തിരിച്ചു പിടിക്കാനാകുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.