Wed. Jan 22nd, 2025
#ദിനസരികള്‍ 1037

 
“ഒരു കളിപ്പാട്ടം ഉപയോഗിച്ച് ഒരു കുട്ടിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതു പൊട്ടിക്കുക എന്നതാണ്. അടുത്ത നല്ല കാര്യം അതു നിര്‍മ്മിക്കുകയും. സ്വതന്ത്രമായി കുട്ടികള്‍ക്ക് നിര്‍മ്മിക്കുകയും പൊട്ടിക്കുകയും ചെയ്യാവുന്ന കളിപ്പാട്ടങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം. നമ്മുടെ കാലത്തും കടന്നുപോയ തലമുറയിലുമുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന ഉപയോഗിച്ചിരുന്ന സാധാരണ കളിപ്പാട്ടങ്ങള്‍ തന്നെയാണ് ചെലവു കുറഞ്ഞ അല്ലെങ്കില്‍ ചെലവേയില്ലാത്ത ഇത്തരം കളിപ്പാട്ടങ്ങള്‍.” മേലുദ്ധരിച്ചത് സുദര്‍ശന്‍ ഖന്നയുടെ ഉണ്ടാക്കി രസിക്കാന്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ എന്ന അതീവ രസകരമായ പുസ്തകത്തില്‍ നിന്നാണ്.

ശാസ്ത്ര സാഹിത്യ പരിഷത്ത് മാനന്തവാടിയില്‍ നടത്തിയ പുസ്തകോത്സവത്തില്‍ നിന്നാണ് ഞാനിതു കണ്ടെടുത്തത്. സാധാരണ ഏതൊരു പുസ്തകം വാങ്ങിക്കുമ്പോഴും അതെനിക്ക് ആവശ്യമുള്ളതുതന്നെയാണോ എന്ന് രണ്ടു തവണയെങ്കിലും ആലോചിച്ചുറപ്പിച്ചിട്ടാണ് കൈയ്യിലെടുക്കാറുള്ളത്. ഈ പുസ്തകം കണ്ടപാടെ മറ്റൊന്നുമാലോചിച്ചില്ല. കൂടെക്കൂട്ടി. നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് എഴുപത്തിയഞ്ചുരൂപയാണ് വില. നൂറ്റിയിരുപത്തിയഞ്ചു പേജുകളാണ് ഉള്ളത്.

നാലുഭാഗങ്ങളായിട്ട് ഈ പുസ്തകത്തെ തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്ത് ശബ്ദവും സംഗീതവും ഇരുപത്തിയൊമ്പതോളം കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാനുള്ള രീതികകളാണ് ഗ്രന്ഥകര്‍ത്താവ് സരസമായി വിവരിക്കുന്നത്. ഭാഗത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ സംഗീതാത്മകമായ ശബ്ദത്തെ ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങളാണ് ഇവ. കടലാസ് പുല്ലാങ്കുഴല്‍, ഇല പുല്ലാങ്കുഴല്‍, കടലാസ് വിസില്‍ ഇല വിസില്‍, തീപ്പെട്ടിച്ചെണ്ട, പേപ്പര്‍ കുഴല്‍ കിലുകിലുക്കി, കടലാസ് പടക്കം, ടെലിഫോണ്‍ മണി, തീപ്പെട്ടി ഫോണ്‍, ബഹിരാകാശ പേടകം മൂളുന്ന വിട്ടില്‍ എന്നിങ്ങനെ നിരവധി സാധന സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

കാലാതീത ഉപകരണങ്ങള്‍ എന്ന ഭാഗത്ത് അമ്പും വില്ലും ബുള്ളറ്റ് ഷൂട്ടര്‍, തെറ്റാലി, തീപ്പെട്ടിത്തോക്ക്, കവണ സ്പിന്നിംഗ് വീല്‍, തക്കിളി എന്നിങ്ങനെയുള്ളവയുടെ നിര്‍മ്മാണമാണ്. ചലനത്തിന്റെ മാസ്മരികത എന്ന മൂന്നാം ഭാഗം, കടലാസ് ഫാന്‍, ഇല ഫാന്‍, കാറ്റ് ചക്രം, കാറ്റാടി, കുഞ്ഞു പട്ടം, പമ്പരം ഫാന്‍, പറക്കുന്ന കടലാസുകള്‍, പാരച്യൂട്ട്, ത്രാസ് നേരെയാകുന്ന ബലൂണ്‍, സിഗററ്റ് കൂട് വണ്ടി, പറക്കും തളിക ഓടും പാവ എന്നിവയെ പരിചയപ്പെടുത്തുന്നു. അവസാനത്തേതും നാലാമത്തേതുമായ ഭാഗത്തിന്റെ പേര് ചെറിയ അത്ഭുതങ്ങൾ എന്നാണ്. ഈ ഭാഗത്ത് ഞെക്കു കത്തി, വായുവില്‍ കൈയ്യടി, കുസൃതി പന്ത്, പോരാളി പെന്‍സിലുകള്‍, ജീവനുള്ള കടലാസ്, ക്ലോക്ക്, തെറിക്കുന്ന പന്ത് കൂട്ടിലെ തത്തമ്മ നൃത്തമാടുന്ന കണ്ണുകള്‍ എന്നിങ്ങനെ നിരവധി സാമഗ്രികളാണ്.

പുസ്തകവുമായി വീട്ടിലെത്തിയ പാടെ കടലാസ്സെടുത്ത് ഒരിക്കല്‍ ചെയ്തതും എന്നാല്‍ മറന്നുപോയതുമായ ചില സാധനങ്ങളെ നിര്‍മ്മിച്ചു നോക്കി. കടലാസ് എങ്ങനെ മടക്കണമെന്നും വെട്ടണമെന്നുമൊക്കെ ശ്രദ്ധയോടെ ചെയ്തപ്പോള്‍ ഏതോ കാലത്ത് പിന്നിലുപേക്ഷിച്ചു പോയ കുട്ടിക്കാലത്തെ വീണ്ടെടുത്ത പോലെ ഒരു “ത്രില്ലടിക്കല്‍”. കാണാതെ പോയ കളിപ്പാട്ടത്തെ കണ്ടെത്തിയ ഒരു കുഞ്ഞിന്റെ സന്തോഷം.

അനുബന്ധമായി ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അത് വിവിധ പ്രായത്തിലുള്ള കുട്ടികള്‍ നിര്‍മ്മിക്കേണ്ട കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള നിര്‍‌ദ്ദേശങ്ങളാണ്. അങ്ങനെ കൃത്യമായ ഒരു അതിര്‍ വരമ്പിടേണ്ടതില്ലെങ്കിലും പത്തു വയസ്സുവരെയുള്ള കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ഏതൊക്കെ കളിപ്പാട്ടങ്ങള്‍ കൂടുതലായി രസിക്കും എന്ന് ചൂണ്ടിക്കാണിക്കുന്നു. വേണ്ട നിര്‍മ്മാണ വസ്തുക്കളെക്കുറിച്ചും സവിസ്തരമായ പ്രതിപാദിച്ചിട്ടുണ്ട് എന്നത് സംഘടിപ്പിക്കേണ്ടവയെ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയുന്നു.

അവസാനം കളിപ്പാട്ടങ്ങള്‍ക്കു പിന്നിലെ ശാസ്ത്ര സത്യങ്ങളെക്കുറിച്ചും ലേഖകന്‍ എഴുതുന്നു. പ്രധാനമായും ഊര്‍ജ്ജതന്ത്രവുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ കുട്ടികളില്‍ ശാസ്ത്ര താല്പര്യമുണ്ടാക്കിയെടുക്കാനും സാഹചര്യമൊരുക്കുന്നു. വളരെ ശാസ്ത്രീയമായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം ഒരേ സമയം തന്നെ കളിയും കാര്യവുമാകുന്നു. ശാസ്ത്രലോകത്തിലേക്കുള്ള ഒരു വാതായനമാണ് നമുക്ക് മുന്നില്‍ ഇതിലൂടെ തുറന്നു വരുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം കുട്ടിക്കാലത്തിന്റെ ഹര്‍‌ഷോന്മാദങ്ങളിലേക്ക് നമ്മെ ആനയിക്കാനും സുദര്‍ശന്‍ ഖന്നയുടെ ഈ രചനക്ക് കഴിയുന്നു. അദ്ദേഹത്തിന് നന്ദി പറയുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.