Fri. Apr 19th, 2024

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറാനൊരുങ്ങുന്ന ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 24ന് ഇന്ത്യയിൽ എത്തുകയാണ്. ഏകദേശം മൂന്നര മണിക്കൂർ നീളുന്ന ട്രംപിന്റെ സന്ദർശനത്തിനായി മിനിറ്റിന് 55 ലക്ഷം രൂപയാണ് ഗുജറാത്തിൽ ചെലവഴിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ വകുപ്പുകളും അർബൻ ഡെവലപ്മെന്റ് കോർപറേഷനുമാണ് ഇതിനായുള്ള ചിലവിന്റെ ഭൂരിഭാഗവും വഹിക്കുന്നത്.

റോഡുകളുടെ നിർമ്മാണം, നവീകരണം, സ്റ്റേഡിയത്തിൽ എത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചിലവ്, മോടിപിടിപ്പിക്കലുകൾ, സാംസ്കാരിക പരിപാടികൾ എന്നിങ്ങനെയാണ് ചിലവുകൾ വിഭജിക്കപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളം മുതൽ ഗാന്ധിനഗർ വരെയുള്ള ചേരിപ്രദേശങ്ങൾ മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ മതിൽ കെട്ടി മറയ്ക്കാനുള്ള നടപടികളും ഇതിനോടനുബന്ധിച്ച് നടന്നുവരികയാണ്.

ട്രംപിന്റെ ഇന്ത്യാസന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നടത്തി വരുന്ന ഇത്തരം പ്രവർത്തനങ്ങളെ ഒരു മൂന്നാം ലോക രാജ്യത്തിന്റെ അപകർഷതയിൽ അധിഷ്ഠിതമായ പ്രകടനപരതയായാണ് ഞാൻ മനസ്സിലാക്കുന്നത്. വ്യക്തമായ വികസന – സാമ്പത്തിക നയങ്ങളുടെ അഭാവത്തിൽ എങ്ങനെയും അധികാരത്തിൽ തുടരുക എന്ന ഉദ്ദേശമാണ് ഇക്കാലമത്രയും രാജ്യം ഭരിച്ചവരെല്ലാം വച്ചുപുലർത്തിയിരുന്നത്. അതിന്റെ തെളിവാണ് രാജ്യത്ത് പെരുകിവരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും കർഷക ആത്മഹത്യകളുമെല്ലാം.

എന്നാൽ, രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയാക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഒന്നാം എൻ ഡി എ സർക്കാർ അതിനുള്ള ശ്രമങ്ങളൊന്നും ഇന്നേവരെ നടത്തിയിട്ടില്ല. ഭരണത്തിലെ അപ്രമാദിത്യം മാത്രം ലക്ഷ്യം വെക്കുന്ന ഒരു രാഷ്ട്രീയ സംഘടനക്ക് അതിനുള്ള പ്രാപ്തി ഇല്ലാതാകുന്നത് തികച്ചും സ്വാഭാവികവുമാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ എങ്ങനെയും ലോകശ്രദ്ധയിൽ കൊണ്ടുവരിക എന്ന തീർത്തും അപക്വമായ അജണ്ട, തീവ്ര ദേശീയതയുടെ വക്താക്കൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

പട്ടേൽ പ്രതിമയും പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമടക്കം അതിനായുള്ള കേവലമായ ശ്രമങ്ങളാണ്. ഒരു മൂന്നാം ലോക രാജ്യത്തിന്റെ, വൻതുക മുടക്കിയുള്ള ഇത്തരം പ്രദർശന സംരംഭങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ പരിഹാസ്യത മാത്രമായിത്തീരുമെന്ന് തിരിച്ചറിയാനുള്ള യുക്തി പോലും ഭരണകൂടത്തിന് ഇല്ലാതായിപ്പോകുന്നു.

മലയാളത്തിലെ പ്രശസ്ത സിനിമയായ ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തോട് കൂട്ടി വായിച്ചാൽ നമുക്ക് കാര്യങ്ങൾ കൂടുതൽ ലളിതമായി മനസ്സിലാക്കാനാവും. യമുനാറാണി എന്ന സിനിമ നടി അയൽപക്കത്തെത്തുന്നതും അവരെ ഗൃഹ സന്ദർശനത്തിനായി വിളിച്ചുവരുത്തുന്നതുമായും ബന്ധപ്പെട്ട സന്ദർഭങ്ങളാണ് ഈ സിനിമയിലെ പ്രധാന ആകർഷണം. ഒരു ഇടത്തരം കുടുംബം സിനിമാ നായികയ്ക്കു മുൻപിൽ ഉപരിവർഗ്ഗമായി വേഷം മാറുന്നതിനെ ഈ സിനിമ ഹാസ്യം കലർത്തിയാണ് അവതരിപ്പിക്കുന്നത്.

ഇത്തവണ ഓസ്കർ സമ്മാനത്തിന് അർഹമായ ‘പാരസൈറ്റ്’ എന്ന സിനിമ പ്രശ്നവൽക്കരിക്കുന്നതും വർഗ്ഗ വൈരുദ്ധ്യങ്ങളെ തന്നെയാണ്. സമാനമായ വിഷയത്തെ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുകയായിരുന്നു മേൽപ്പറഞ്ഞ മലയാള സിനിമ.

ചേരികൾ മറച്ചും കോടികൾ മുടക്കിയും മിനുക്കുപണികൾ നടത്തി മോദിസർക്കാർ ലോകത്തിനു മുൻപിൽ മികവു തെളിയിക്കാൻ ശ്രമിക്കുന്ന ശ്രമങ്ങൾ രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിലെ ഒരു ബ്ലാക്ക് ഹ്യൂമർ മാത്രമായി വരുംകാല ചരിത്രം അടയാളപ്പെടുത്തുമെന്ന് ഉറപ്പിച്ചു പറയാം.


സനൽ ഹരിദാസ്, തൃശ്ശൂർ സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.