Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

മറ്റു നഗരങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇനി സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ എളുപ്പം. പ്രത്യേകമായി സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ് കേന്ദ്രങ്ങളിലൂടെ ഇനി ഏത് നഗരത്തില്‍ നിന്നും വോട്ട് രേഖപ്പെടുത്താം.  ബ്ലോക്ക്ചെയിന്‍  സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ സംവിധാനം ഐഐടി മദ്രാസിലെ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്.

സര്‍വ്വീസ് വോട്ടുകള്‍ ഇലക്ട്രോണിക്കായി രേഖപ്പെടുത്താനുള്ള ഇടിപിബിഎസ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരുങ്ങുന്നതെന്ന് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്സേന പറഞ്ഞു. ഇതിന്‍റെ പ്രാഥമിക നടപടികള്‍ ഐഐടിയില്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

സന്ദീപ് സക്സേന

ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ക്ക് അവര്‍ ജോലി ചെയ്യുന്നനഗരത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്മാര്‍ട്ട് വോട്ടിങ് എങ്ങനെ?

സ്വന്തം മണ്ഡലത്തിലെ വോട്ട് മറ്റൊരു നഗരത്തില്‍ നിന്ന് ചെയ്യണമെങ്കില്‍ വോട്ടര്‍ ആദ്യമൊരു അപേക്ഷ സമര്‍പ്പിക്കണം. അങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്ന കേന്ദ്രത്തില്‍ നിന്ന് നിശ്ചിത ദിവസം, നിശ്ചിത സമയത്ത് വോട്ട് ചെയ്യാന്‍ വോട്ടര്‍ക്ക് അനുമതി ലഭിക്കും.

വോട്ടറെ തിരിച്ചറിയുന്നത് വെബ് ക്യാമറകളും, ബയോമെട്രിക് സംവിധാവനുമടങ്ങിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ നെറ്റ്‌വർക്ക് ആയിരിക്കും. രേഖപ്പെടുത്തുന്ന വോട്ട് ബ്ലോക്ക്ചെയിന്‍ എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുക.

വോട്ടെണ്ണലിനു മുമ്പ് ഈ ടോക്കണ്‍ പരിശോധിച്ച്, വോട്ട് എന്‍ക്രിപ്റ്റ് ചെയ്ത നിലയില്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്തും. തുടര്‍ന്ന് ബ്ലോക്ക്ചെയിന്‍ ടോക്കണ്‍ ഉപയോഗിച്ച് വോട്ടുകള്‍ ഡിക്രിപ്റ്റ് ചെയ്ത് എണ്ണിത്തിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

ബ്ലോക്ക്ചെയിന്‍; സുതാര്യമായ ഡാറ്റബേസ്

വാണിജ്യരംഗത്ത് അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിൻ. വൻതോതിൽ റെക്കോർഡുകൾ സൂക്ഷിച്ചു പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബ്ലോക്ക് ചെയിൻ സഹായിക്കും. ചെലവ് കുറയ്ക്കാനും ഈ സംവിധാനം അനുയോജ്യമാണ്.

ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റൽ റെക്കോർഡിനെ ബ്ലോക്ക് എന്നു പറയാം. പല ബ്ലോക്കുകൾ ചേർന്നു രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിൻ. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികൾക്ക് ഇതിൽ ചേരാം. ഡിജിറ്റൽ വിവരങ്ങൾ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും.

ഇടപാടുകൾക്ക് ഇടനിലക്കാർ വേണ്ട എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. ഏതെങ്കിലുമൊരു പങ്കാളിക്ക് നെറ്റ്‌വർക്കിൽ കയറി അതു നിയന്ത്രിക്കാൻ സാധ്യമല്ല. ഇതു തീർത്തും വികേന്ദ്രീകൃത നെറ്റ്‌വർക് ആണ്.‍ അതിനാല്‍ തിര‍ഞ്ഞെടുപ്പ് രേഖകള്‍ പോലെ തികച്ചും സ്വകാര്യമായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഈ സംവിധാനം പര്യാപ്തമാണ്.

ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിനു മൂല്യമേറിയതോടെയാണ് ഈ ടെക്നോളജി ചര്‍ച്ചാ വിഷയമാകാന്‍ തുടങ്ങിയത്. ഐബിഎം, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ബ്ലോക്ക്ചെയിന്‍ ടെക്നോളജിയെ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുമുണ്ട്.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാകാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ബ്ലോക്ക്ചെയിന്‍ ‍ടെക്നോളജി നടപ്പിലാക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്.  ബാങ്കിംഗ്, ഫിനാന്‍സ്, മാനുഫാക്ചറിംഗ്, റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് രംഗങ്ങളില്‍ ബ്ലോക്ക്ചെയിന്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ സാധിക്കും.

സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിരിന്‍ ലാബ്സ് എന്ന കമ്പനി, ബ്ലോക്ക്ചെയിന്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഫിന്നി എന്നായിരുന്നു ഈ ഫോണിന്‍റെ പേര്. 999 ഡോളര്‍(ഏകദേശം 68,000 രൂപ) ആയിരുന്നു ഫിന്നിയുടെ വില.

ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്ഫോമായ എഥീറിയമായിരിക്കും അടുത്ത ആപ്പിളെന്ന്, ആപ്പിള്‍ കമ്പനി രൂപീകരിച്ച മൂന്നു പേരില്‍ ഒരാളായ സ്റ്റീവ് വോസ്നിയാക് പറഞ്ഞിട്ടുണ്ട്. ഇതിലൂടെ അടുത്ത പ്രധാന ഐടി വിപ്ലവം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക്ചെയിന്‍ അടിസ്ഥാനമാക്കി ആദ്യ തിരഞ്ഞെടുപ്പ്

ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പായിരുന്നു ബ്ലോക്ക്ചെയിന്‍ ഉപയോഗിച്ച് നടത്തിയ ലോകത്തിലെ ആദ്യ തിര‍ഞ്ഞെടുപ്പ്. സ്വിസ് ബ്ലോക്ചെയിൻ വോട്ടിങ് കമ്പനിയായ അഗോറയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയത്.

വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുന്നെന്ന സിയറ ലിയോണിലെ പ്രതിപക്ഷ പാർട്ടികളുടെ ആരോപണവും വോട്ടിങ്ങിലെ സുതാര്യതയെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയും പരിഗണിച്ചായിരുന്നു, ബ്ലോക്ക്ചെയിന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ അഗോറയെ ചുമതലപ്പെടുത്തിയത്.

തിരഞ്ഞെടുപ്പില്‍ ആദ്യമായി ബ്ലോക്ക്ചെയിന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച യുഎസ് സംസ്ഥാനമെന്ന ഖ്യാതി വെസ്റ്റ് വിര്‍ജീനിയക്കാണ്. യുഎസ് പാര്‍ലമെന്‍റായ കോണ്‍ഗ്രസ്സിന്‍റെ ഇരു സഭകളിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പായിരുന്നു ചരിത്രം സൃഷ്ടിച്ചത്.

വെസ്റ്റ് വിര്‍ജീനിയന്‍ സ്വദേശികളും, എന്നാല്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന 140 പേര്‍ തിര‍ഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത് ബ്ലോക്ക്ചെയിന്‍ വോട്ടിങ് ആപ്പ് ഉപയോഗിച്ചായിരുന്നു. 54 മണ്ഡലങ്ങളില്‍ 24 എണ്ണത്തിലും ബ്ലോക്ക്ചെയിന്‍ അടിസ്ഥാനമാക്കിയായിരുന്നു വോട്ടിങ്. ഇതിനെ ചില കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വിദഗ്ധര്‍ വിശേഷിപ്പിച്ചത് ഭീകരമായ ആശയം (Horrific Idea) എന്നായിരുന്നു.

2016 ല്‍ നടന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ റഷ്യ ഇടപെടല്‍ നടത്തിയെന്ന ാരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ബ്ലോക്ക്ചെയിനിലധിഷ്ഠിതമായ പരീക്ഷണം നടത്തിയത്. ഫേഷ്യല്‍ റെക്കഗ്നിഷൻ, ഫിംഗര്‍ പ്രിന്‍റ് എന്നിവ ഉപയോഗിച്ചാണ് ബാലറ്റ് ഉറപ്പാക്കിയത്.

സാങ്കേതിക വിദ്യയുടെ അതിപ്രസരം ജനാധിപത്യ പരമായ പ്രക്രിയകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അത് രാജ്യത്തിന് നല്ലത് മാത്രമെ വരുത്തുകയുള്ളൂ. സമ്മതിദാന അവകാശത്തിന്‍റെ പ്രാധാന്യം വിളിച്ചോതാനും തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനും ബ്ലോക്ക്ചെയിന്‍ പോലുള്ള സാങ്കേതികവിദ്യകള്‍ക്ക് സാധിക്കുമെങ്കില്‍ ഇന്ത്യയും ഈ രംഗത്ത് ചരിത്രമെഴുതും.