Wed. Jan 15th, 2025
എറണാകുളം:

 
അറിവ് പൂക്കുന്ന അക്ഷര വേദിയില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി. കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനിഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും കൃതിയുടെ വേദിയില്‍ മുഖ്യമന്ത്രി ചോദിച്ചു.

സാധാരണയായി സെന്‍സസ്സിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം കേരളത്തില്‍ ചെയ്യാന്‍ തയ്യാറാണെന്നും അതിന്റെ രണ്ടാം ഘട്ടത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണക്കെടുപ്പ് ഇവിടെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ നിലപാട് കേരള സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും കോടതിയേയും അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇക്കാര്യത്തെ കുറിച്ച് ആശങ്ക വേണ്ടെങ്കിലും ഇന്ത്യയില്‍ മുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇപ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ ആരുടേയും ആഹ്വാനമില്ലാതെ അതിനെതിരെ രംഗത്തിറങ്ങിയതും യുവാക്കളാണ്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. യുവതക്ക് സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞുപോകുന്നു എന്ന പൊതുപരാതിയില്‍ കാര്യമില്ലെന്നും നാടിനു വേണ്ടി ഏത് ത്യാഗം സഹിക്കാനും സന്നദ്ധതയുള്ള യുവതലമുറയെയാണ് ചുറ്റും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam