Thu. Apr 25th, 2024
#ദിനസരികള്‍ 1034

 
ഞാനേറ്റവും കുറവ് വായിച്ചിട്ടുള്ളത് ബാലസാഹിത്യമായിരിക്കണം. നമ്മുടെ കുട്ടിമാസികകള്‍ വായിച്ചിട്ടില്ലെന്നല്ല, ഒരു പക്ഷേ അതേ വായിച്ചിട്ടുള്ളു എന്നതാണ് പോരായ്മ. കൂട്ടത്തില്‍ കുട്ടിക്കാലത്ത് വായിച്ചതായി ഓര്‍‌മ്മിക്കുന്ന ഒരു പുസ്തകം സുമോദ് പി മാത്യു എന്ന പതിനാലുവയസുകാരന്‍ എഴുതിയ കുട്ടികളുടെ രാമായണമാണ്. ഒരു കുട്ടി, രാമായണം തന്റെ സ്വന്തം വാക്കുകളിലേക്ക് മാറ്റിയെഴുതി എന്നതായിരുന്നു ആ വായനയ്ക്കു പ്രേരിപ്പിച്ച ഘടകം.

പക്ഷേ വായനയുടെ വഴികളിലൊരിക്കലും ആ പേരു പിന്നീട് ഞാന്‍ കേള്‍ക്കുകയുണ്ടായിട്ടില്ല എന്നുകൂടി സൂചിപ്പിക്കട്ടെ. അന്ന് ഞാന്‍ കൊണ്ടു നടന്ന് വായിച്ച പ്രസ്തുത പുസ്തകം എന്റെ ശേഖരത്തിലുണ്ടെന്നും തോന്നുന്നില്ല. എന്‍ ബി എസ് പ്രസിദ്ധീകരിച്ച ആ പുസ്തകം പിന്നിലെവിടെയോ ഞാന്‍ കൈവിട്ടുപോയി എന്നു തോന്നുന്നു.

ചെറുപ്പത്തിലേ മുതിര്‍ന്നവരുടെ പുസ്തകവുമായിട്ടായിരുന്നു കൂട്ട് എന്നത് ഇന്നൊരു നഷ്ടബോധമുണ്ടാക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അങ്ങനെ സംഭവിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. അന്ന് എന്റെ അമ്മാവന് കനപ്പെട്ട ഒരു പുസ്തക ശേഖരം തന്നെയുണ്ടായിരുന്നു.

അദ്ദേഹം തന്റെ ശമ്പളത്തില്‍ നിന്നും ഒരു പ്രധാനഭാഗംതന്നെ പുസ്തകം വാങ്ങിക്കുവാന്‍ മാറ്റി വെച്ചിരുന്നു. ഡി സിയുടെ ബുക്ക് ക്ലബിലും മറ്റും അദ്ദേഹം അന്നേ അംഗമായിരുന്നു. ചങ്ങമ്പുഴയുടെ വലിയ ആരാധകനായിരുന്ന അദ്ദേഹം അതേ പോലെയുള്ള വരികള്‍ കഷ്ടപ്പെട്ട് ചമച്ചു വെച്ചു. പ്രണയം തുളുമ്പിനില്ക്കുന്ന വരികള്‍.

പ്രണയസാമ്രാജ്യത്തിലെ പ്രതാപിയായ ചക്രവര്‍ത്തിയായിട്ടാണ് അദ്ദേഹം സ്വയം കയ്യടിച്ചു പോന്നത്. ചങ്ങമ്പുഴയെപ്പോലെ എസ് കെ പൊറ്റക്കാടിനേയും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് ദേശത്തിന്റെ കഥ. അതിലെ കവിതകള്‍ അദ്ദേഹം ഉച്ചത്തില്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നവയായിരുന്നു.

സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യം കാരണം എഴുത്തിലെ കുലപതികളെയെല്ലാം തന്റെ അലമാരയിലേക്ക് എത്തിക്കുവാന്‍ അദ്ദേഹം ശ്രദ്ധവെച്ചു. അതുകൊണ്ട് വായിക്കാന്‍ തുടങ്ങിയപ്പോഴേ അത്തരത്തിലുള്ള പുസ്തകങ്ങളുമായി ഇടപഴകാനായിരുന്നു എന്റെ വിധി. ആയതിനാല്‍ ബാലസാഹിത്യം വായന കുറഞ്ഞു.

എന്നാല്‍ ഇപ്പോഴാകട്ടെ ഞാന്‍ പഴയകാല ബാലസാഹിത്യ കൃതികള്‍ തേടിപ്പിടിച്ചു വായിക്കുന്നു, രസിക്കുന്നു. ബാലസാഹിത്യ കൃതികള്‍ വായിക്കാനെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇപ്പോള്‍ കഥകളും കവിതകളും ഇഷ്ടപ്പെടുന്ന ഒരുവള്‍ കൂടിയുണ്ട്.

ഉറങ്ങാനും ഉണ്ണാനും കഥകള്‍ കേള്‍‌ക്കണമെന്ന് വാശിപിടിക്കുന്ന അവള്‍ക്കു വേണ്ടിക്കൂടിയായാണ് ഞാനിക്കാലത്ത് ബാലസാഹിത്യപര്യടനങ്ങള്‍ നടത്തുന്നത്. എന്നിട്ട് അത് അവളുടെ ഭാഷയിലേക്ക് മൊഴിമാറ്റി പറഞ്ഞുകൊടുത്ത് നഷ്ടബാല്യങ്ങളിലേക്ക് കൂപ്പുകുത്തുന്നു. അങ്ങനെ വായിക്കാനെടുത്തുവെച്ച ബാലസാഹിത്യ കൃതികളില്‍ രസകരമായ ഒന്ന് കുമാരനാശാന്റെ കുട്ടിക്കവിതകള്‍ എന്ന പുസ്തകമാണ്. ആശാന്റെ പേരെടുത്ത വലിയ കൃതികളായ ലീലയും ഭിക്ഷുകിയും കരുണയും നളിനിയും സീതയും പ്രരോദനവും വീണപൂവുമൊക്കെ വായിച്ചു പോയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുട്ടിക്കവിതകള്‍ ചിലതൊഴിച്ച് വലിയ തോതിലൊന്നും വായിച്ചിട്ടില്ല.

ജനിച്ചപ്പോഴേ വലുതായിപ്പോയ ഒരാള്‍ക്ക് കുട്ടിക്കവിത വായിക്കാനെവിടെ നേരം എന്ന അഹങ്കാരം. അല്ലാതെന്ത്?
എന്തായാലും പുസ്തകം തുറന്നു. പ്രഭാത പ്രാര്‍ത്ഥന. വായിച്ചു നോക്കി.

സകലാശ്രയമായി രാത്രിയും
പകലും നിന്നെരിയും പ്രദീപമേ
ജഗീദീശ ജയിക്ക ശാശ്വതം
നിഗമം തേടിന നിന്‍ പദാംബുജം –

ജഗദീശ്വരനോടുള്ള പ്രാര്‍ത്ഥനയാണ്. ശ്രീനാരായണന്റെ ദൈവദശകത്തോട് വിദൂരച്ഛായ പുലര്‍ത്തുന്ന വരികള്‍.

അരുണോദയമായി, പൂക്കള്‍ പോല്‍
വിരിയുന്നു കരുണോല്‍ക്കരം വിഭോ
തിരിയെത്തെളിയുന്നു ഹന്ത നീ
തിര നീക്കുന്നൊരു ലോകരംഗവും – എന്നാണ് കവിത തുടരുന്നത്.

എല്ലാ തരത്തിലുള്ള വേര്‍തിരുവുകളേയുമില്ലാതാക്കി ഈശ്വരനെ ഒരു മൂല്യമായി സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ്. ലോകരംഗത്ത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന കരുണാമയനായ ഒരു കര്‍ത്താവായി ദൈവം ഇവിടെ തിരനീക്കിയെത്തുന്നു. ജീവ ജാലങ്ങളില്‍ തുല്യ പ്രതിപത്തിയുള്ള ദൈവത്തിന് പക്ഷേ ഇന്നു നാം അണിയിച്ചു കൊടുക്കുന്ന പരിവേഷം തികച്ചും വ്യത്യസ്തവും സങ്കുചിതവുമാണല്ലോയെന്ന് ആലോചിച്ചു പോയി. മതങ്ങള്‍ വീതിച്ചെടുത്ത അത്തരം ദൈവങ്ങള്‍ മനുഷ്യനെ വിഭജിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇന്നു തേടുന്നതെന്നുമാത്രം.

ഈ വല്ലിയില്‍ നിന്നും ചെമ്മേ – പൂക്കള്‍
പോകുന്നിതാ പറന്നമ്മേ
തെറ്റീ നിനക്കുണ്ണീ ചൊല്ലാം – നല്‍പൂ
മ്പാറ്റകളല്ലോയിതെല്ലാം എന്നു തുടങ്ങുന്ന വിഖ്യാത കവിതയാണ്. ഒരു കാര്യം ഉറപ്പാണ്. കുട്ടിക്കാലത്ത് ഞാനീ കവിത വായിച്ചിട്ടില്ല. പക്ഷേ അമ്മയും അമ്മമ്മയും അച്ഛനുമൊക്കെ പാടി കേട്ടിട്ടുണ്ട് എന്ന കാര്യം വ്യക്തം. പിന്നീട് പലപ്പോഴായി ഈ കവിത കേട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വരികളെല്ലാം ഏകദേശവും കാണാപ്പാഠമാണ്.

നാമിങ്ങറിയുവതല്പം – എല്ലാം
ഓമനേ ദൈവസങ്കല്പം എന്നവസാനിക്കുന്ന കുട്ടിയും തള്ളയും എന്ന കവിതയിലും ദൈവം വന്നെത്തി നോക്കുന്നുണ്ട് എന്നതുകൂടി ശ്രദ്ധിക്കുക.

ചൊല്ലുകെന്തു ചെറുപക്ഷി നീ കളി
ച്ചുല്ലസിപ്പതിതുപോലെയിപ്പോഴും
അല്ലല്‍ നീയറികയില്ലയോ? നിന
ക്കില്ലയോ പറകെഴുത്തു പള്ളിയും? എന്നു തുടങ്ങുന്ന കൊച്ചുകിളി വളരെ രസകമായ ഒന്നാണ്.

സ്കൂളുകളില്‍ ഏതൊക്കെയോ ക്ലാസുകളില്‍ ഇവയെല്ലാംതന്നെ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും വായിക്കുമ്പോള്‍ ഏറെ രസകരമായിത്തോന്നുന്നു. എന്നാലും കുഞ്ഞുങ്ങളെ ഉപദേശിക്കാനുള്ള വ്യഗ്രതയും ദൈവത്തെ സകലചരാചരത്തിന്റേയും അധിനായകനായി സ്ഥാപിച്ചെടുക്കാനുള്ള കരുതലും ഇക്കാലങ്ങളിലെ ബാലസാഹിത്യ കൃതികളിലും നിലനില്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചുവെന്നതാണ് ആശാന്റെ കുട്ടിക്കവിതകളിലൂടെ കടന്നു പോയപ്പോള്‍ എടുത്ത ഒരു തീരുമാനം.

ദൈവത്തെ കടത്തി വിടാത്ത, മനുഷ്യനേയും പടപൊരുതി വിജയിച്ചു കേറുവാനുള്ള അവന്റെ പോരാട്ട വീര്യത്തേയും അഭിമാനത്തോടെ നോക്കിക്കാണുന്ന കൃതികള്‍ വേണം നാം കുട്ടികളിലേക്ക് എത്തിക്കുവാന്‍ എന്നാണ് എന്റെ ചിന്ത. എല്ലാം വിധിക്കും ദൈവത്തിനും വിട്ടുകൊടുത്തുകൊണ്ട് സമാശ്വസിക്കുന്ന പ്രകൃതമുള്ളവരെ സൃഷ്ടിക്കുയല്ല വേണ്ടത് മറിച്ച് വിധിയേയും ദൈവത്തേയും തട്ടിമാറ്റി മനുഷ്യനെന്ന മൂല്യത്തെ പകരം സ്ഥാപിച്ചെടുക്കുന്ന ജാഗ്രതയാണ് നാം ബാലസാഹിത്യ കൃതികളിലൂടെ കുട്ടികളിലേക്ക് എത്തിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. അത്തരത്തിലുള്ള കൃതികള്‍ മാത്രമേ ഞാന്‍ എന്റെ കുഞ്ഞിനു പരിചയപ്പെടുത്തുകയുള്ളു എന്ന തീരുമാനമാണ് രക്ഷിതാക്കള്‍ക്കുണ്ടാകേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.