Tue. Apr 16th, 2024
#ദിനസരികള്‍ 1033

 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നമ്മുടെ ചേരികള്‍ കാണാതിരിക്കുന്നതിനുവേണ്ടി വഴികളിലുടനീളം മതിലുകള്‍ കെട്ടി മറയ്ക്കുന്നുവത്രേ! റോഡുകള്‍ ചെത്തി മുഖം മിനുക്കിയും വശങ്ങളില്‍ പനകളും മറ്റും വെച്ചു പിടിപ്പിച്ചും മതിലുകള്‍ കെട്ടി ചേരികള്‍ മറച്ചുമാണ് അഹമ്മദാബാദ്, ട്രമ്പിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതായത് ട്രമ്പ് മധുരമനോജ്ഞഭാരതമേ കാണൂ, രാജ്യത്തിന്റെ യഥാര്‍ത്ഥമുഖം കാണില്ല.

ഇതുതന്നെയാണ് മോദി 2014 മുതല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക എന്ന്. യഥാര്‍ത്ഥ്യങ്ങളെ മറച്ചു വെച്ചു കൊണ്ട് അവയ്ക്കുമുകളില്‍ തിളക്കമുള്ള പടുതകള്‍ വിരിച്ച് മറ്റൊരു ഇന്ത്യയെ അവതരിപ്പിക്കാനാണ് മോദിയും കൂട്ടരും ഇക്കാലമത്രയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അത് മോഡിയുടെ കാലത്തുമാത്രമായിട്ടുള്ളതല്ല, അടല്‍ ബിഹാരി വാജ്പേയിയും ഇന്ത്യ തിളങ്ങുന്നു എന്ന പേരില്‍ സമാനമായ പ്രചാരണ പ്രവര്‍ത്തനം നടത്തിക്കൊണ്ടാണ് 2004 ല്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതും നാം മറന്നുകൂടാ. മോദിയിലേക്ക് എത്തുമ്പോഴേക്കും യാതൊരു തരത്തിലുള്ള നൈതികതയും തൊട്ടുതെറിക്കാത്ത ഒന്നായി അതുമാറിയിരിക്കുന്നുവെന്നു മാത്രം.

ഇന്ന് എല്ലാ മേഖലകളേയും കളവാണ് നയിക്കുന്നത്. സത്യാനന്തര സമൂഹത്തിന്റെ വലിയൊരു പ്രത്യേകതയെന്നത് ഇത്തരത്തിലുള്ള നുണകള്‍ അഥവാ കളവുകള്‍ വസ്തുതയെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുകയും അതിന് വലിയ തോതില്‍ ഏറ്റുവിളിക്കാര്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണല്ലോ. നുണകളുടെ പെരുക്കങ്ങളില്‍ ജീവിച്ചു പോകുന്നവരുടെ കണക്കുകളെടുത്താല്‍ മോദിയുടെ അനുയായികള്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

പൌരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിലും തടങ്കല്‍ പാളയങ്ങളുടെ കാര്യത്തിലും പുല്‍വാമ ആക്രമണത്തിലും ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയപ്പോഴുമുണ്ടായ പ്രതിഷേധങ്ങളെ മോദി നേരിട്ടത് നുണകളെ നിരത്തി സത്യത്തെ മറച്ചു വെച്ചുകൊണ്ടായിരുന്നു. 1988 കാലത്ത് താ‍ന്‍ ഈ മെയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന പ്രസ്താവനയും അതിനെത്തുടര്‍ന്ന് ന്യായീകരിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ വെപ്രാളങ്ങളും നാം ഏറെ കണ്ടതാണ്. പതിനഞ്ചു ലക്ഷം രൂപ വീതം ജനങ്ങളുടെ അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നും നോട്ടുനിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കുമെന്നൊക്കെയുള്ള വീരവാദങ്ങളെ നമുക്ക് മറക്കാനാകുമോ?

അങ്ങനെയങ്ങനെ ഒരു ട്രൂത്തോമീറ്ററിനും ഒപ്പമെത്താന്‍ സാധിക്കാത്ത വിധത്തില്‍ നുണകളെ പ്രചരിപ്പിച്ചുകൊണ്ട് മോദി അതിവേഗം സഞ്ചരിക്കുകയാണ്. ഇങ്ങനെ വസ്തുതകളെ പൊള്ളയായ വാഗ്വൈഭവം കൊണ്ട് മറച്ചു പിടിച്ച് സ്വന്തം ജനതയെ പറ്റിക്കുന്ന അതേ രീതി തന്നെയാണ് ട്രമ്പിനെ സ്വീകരിക്കുന്നതിനും ഒരുക്കുന്നത്. പക്ഷേ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളായതുകൊണ്ട് ആരാണ് അക്കാര്യത്തില്‍ മികച്ചവന്‍ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ.

എന്നാല്‍ രാജ്യം എല്ലാ തലത്തിലും വെറുങ്ങലിച്ചു നില്ക്കുന്ന ഈ സാഹചര്യത്തില്‍ കോടാനുകോടി പട്ടിണിപ്പാവങ്ങളുടെ കഷ്ടതകളെ താത്കാലികമായ തിളക്കങ്ങള്‍ കൊണ്ട് മൂടിവെയ്ക്കാനുള്ള വൃഥാശ്രമങ്ങളെ ലോകം തിരിച്ചറിയുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.