കളമശ്ശേരി:
കളമശ്ശേരി വിടാകുഴ 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാന പ്രദേശവാസികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നു. വിടാകുഴ-അമ്പലപ്പടി റോഡിലൂടെ കടന്നുപോകുന്ന കനാലില്‍ നിറയെ കൂത്താടികളാണ്. കനാലിലൂടെയുള്ള നീരൊഴുക്ക് നിലച്ചിട്ട് വര്‍ഷങ്ങളായി. വെള്ളം ഒഴുകി പോകാതെ കെട്ടികിടക്കുന്നതിനാല്‍ കൊതുക് ശല്യവും പ്രദേശത്ത് രൂക്ഷമാണ്.
2015-16 കാലയളവില്‍ 6.5 ലക്ഷം രൂപ മുടക്കി പണിത കാനയാണിത്. കാനയുടെ പണി അശാസ്ത്രീയമാണെന്ന് അന്ന് തന്നെ പൊതുപ്രവര്‍ത്തകനായ ബോസ്കോ കളമശ്ശേരിയും പ്രദേശവാസികളും പറഞ്ഞിരുന്നു. വീതി നന്നേ കുറവായ കാനയിലൂടെ വെള്ളം ഒഴുകി പോകാത്തതും ഓവര്‍സിയറുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി കാനയിലൂടെ മലിനജലം ഒഴുകി പോകാതെ കെട്ടികിടക്കുകയാണ്. ഇക്കഴിഞ്ഞ 2019-ല്‍ പ്രദേശവാസികള്‍ക്ക് മലേറിയ, ഡെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ പിടിപെട്ടിരുന്നു.
ഇതേതുടര്‍ന്ന് ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. കാന വൃത്തിയാക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി. ജില്ലാ കളക്ടര്‍, ജില്ലാ ഹെല്‍ത്ത് സ്കോഡ്, കളമശ്ശേരി നഗരസഭ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും ബോസ്കോ കളമശ്ശേരി പറഞ്ഞു.
കളമശ്ശേരി നഗരസഭയില്‍ സമീപവാസികളുടെ ഒപ്പുശേഖരണം നടത്തിക്കൊണ്ട് താന്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി അവിശ്വസനീയമായിരുന്നുവെന്ന് ബോസ്കോ പറയുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നവണ്ണം കാനയിലെ മണ്ണ് നീക്കം ചെയ്തിരുന്നു.
കാനയില്‍ മണ്ണിടിഞ്ഞാണ് വെള്ളം ഒഴുകുന്നതിന് തടസ്സമാകുന്നതെന്നും നീക്കം ചെയ്താല്‍ പ്രശ്നം തീരുമെന്നുമായിരുന്നു കളമശ്ശേരി നഗരസഭയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍, ചെളി നീക്കം ചെയ്തിട്ടും യാതോരു മാറ്റവും ഉണ്ടായില്ലെന്നും നാട്ടുകാരും ബോസ്കോയും വോക്ക് മലയാളത്തോട് പറഞ്ഞു.
കോണ്‍ട്രാക്ടര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കിയ ബോസ്കോയുടെ കാല് തല്ലിയൊടിക്കുമെന്നും ഭീഷണിയുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.
പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിടാക്കുഴ-അമ്പലപ്പടി റോഡില്‍ ബോസ്കോയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്.