ന്യൂഡൽഹി:
വോട്ടിംഗ് യന്ത്രത്തെ വിശ്വസിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തുക സാധ്യമല്ല. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തിനെതിരെ നിരവധി പരാതികളുയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇടയ്ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും തെരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാറോ പേനയോ പോലെ സ്വതന്ത്രമായി നിലനിൽക്കുന്നവയാണ് വോട്ടിംഗ് യന്ത്രങ്ങൾ. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ വോട്ടിംഗ് യന്ത്രം വഴിയുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയിലിപ്പോൾ പുനരാലോചനയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.