Sun. Nov 24th, 2024
തിരുവനന്തപുരം:

സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീപ്പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന്  ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി. 2017 ഒക്ടോബറിലെ യുഡിഎഫ് ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. ഹര്‍ത്താല്‍ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരനായ ചങ്ങനാശേരി സ്വദേശി സോജന്‍ പവിയാനോസ് വാദിച്ചു. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നു എന്ന് ചെന്നിത്തല ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ചെറിയ പ്രശ്നങ്ങളുണ്ടായതു പൊലീസിന്റെയും അധികൃതരുടെയും സുരക്ഷാ, മുന്‍കരുതല്‍ നടപടികളിലെ വീഴ്ചകൊണ്ടാണെന്നും ആരോപിച്ചു. ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താല്‍ ജനം സ്വമേധയാ പങ്കെടുത്തു വിജയിപ്പിക്കുകയായിരുന്നുവെന്നും അറിയിച്ചു.