Mon. Dec 23rd, 2024
#ദിനസരികള്‍ 1026

 
ഡോ.ലി വെന്‍ലിയാംഗ്. ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറാണ്. വ്യാഴാഴ്ച പുലര്‍‌‌ച്ചേ 2.40 ഓടെ അദ്ദേഹം അതേ അസുഖം ബാധിച്ച് മരണപ്പെട്ടു. ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് സാര്‍സ് പോലെയുള്ള ഒരു പകര്‍ച്ച വ്യാധിയുടെ സാന്നിധ്യത്തെക്കുറിച്ച് 2019 ഡിസംബര്‍ മാസത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നത്.

കരുതലെടുക്കണമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെ പക്ഷേ അധികാരികളോ സഹപ്രവര്‍ത്തകരോ വേണ്ടത്ര ഗൌരവത്തിലെടുത്തില്ലെന്നു മാത്രവുമല്ല, സോഷ്യല്‍ മീഡിയകള്‍ വഴി പരിഭ്രാന്തി പരത്താന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചു കൊണ്ട് പോലീസ് അദ്ദേഹത്തെ താക്കീതു ചെയ്യുകയുമുണ്ടായി. പക്ഷേ ഏറെത്താമസിയാതെ കാര്യങ്ങള്‍ വ്യക്തമായി. വുഹാനിലെ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ അദ്ദേഹം പറഞ്ഞ ലക്ഷണങ്ങളോടു കൂടിയ രോഗികളെക്കൊണ്ട് നിറഞ്ഞു.

ലോകം ഭയപ്പാടോടെ നോക്കിക്കാണുന്ന ഒരു മാരകമായ വ്യാധിയുടെ പ്രഭവ കേന്ദ്രമായി ഏറെത്താമസിയാതെ വുഹാന്‍ മാറി. 2020 ജനുവരി 12 ആയപ്പോഴേക്കും ഡോക്ടര്‍ ലിയും അതേ രോഗത്തിന്റെ പിടിയിലായി ചികിത്സ തേടി. ലി ഇപ്പോള്‍ താരമാണ്.

അദ്ദേഹത്തിന്റെ വാക്കുകളെ പരിഗണിച്ച് അന്വേഷണം നടത്താതെ അപമാനിക്കാന്‍ ശ്രമിച്ച അധികാരികളാകട്ടെ ഇപ്പോള്‍ മാപ്പു പറയുന്നു. ജീവന്‍ നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹം ഇപ്പോള്‍ ഒരു യഥാര്‍ത്ഥ ഹീറോയായി പരിഗണിക്കപ്പെടുന്നു.

ഡോക്ടര്‍ ലിയെക്കുറിച്ച് ഞാന്‍ പറയാന്‍ കാരണം തന്റെ അടുത്തെത്തുന്ന രോഗികളെ പരിശോധിച്ചിരുന്ന സമയങ്ങളില്‍ അദ്ദേഹം വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിരുന്നോ എന്ന ചോദ്യം ഉന്നയിക്കാനാണ്. കൃത്യമായ ഒരുത്തരം എന്റെ പക്കലില്ല. ഒരു പക്ഷേ ചൈന പോലെയുള്ള ഒരു രാജ്യത്ത് രോഗികളോട് പെരുമാറുന്ന ഒരു ഡോക്ടര്‍ സ്വീകരിക്കേണ്ട അടിസ്ഥാന കരുതലുകള്‍ അദ്ദേഹവും കൈക്കൊണ്ടിട്ടുണ്ടാകാം.

അതല്ലെങ്കില്‍ അസാധാരണ സമയങ്ങളൊന്നും അല്ലാത്തതുകൊണ്ടുതന്നെ മുന്‍കരുതലുകളെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിട്ടുണ്ടാകുകയുമില്ല. അതുകൊണ്ടായിരിക്കണം അദ്ദേഹത്തിനും അതേ അസുഖം തന്നെ ബാധിക്കാനും മരണപ്പെടാനും കാരണമായത്. വുഹാനില്‍ രോഗിയെ പരിചരിച്ചതുകൊണ്ടു മാത്രമല്ലാതെ അസുഖം പിടിപെടാമെന്ന സാധ്യത ഏറെയായതുകൊണ്ടുതന്നെ ചികിത്സാ സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതുകൊണ്ടാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത് എന്ന് അസന്നിഗ്ദ്ധമായി വാദിക്കുവാന്‍ കഴിയില്ല.

എന്നാല്‍ ലോകത്താകമാനം പരിഭ്രാന്തി പരത്തുകയും ജനത കഴിയുന്നത്ര മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്ന ഈ സമയത്ത് നമ്മുടെ ഡോക്ടര്‍മാര്‍ എത്രമാത്രം അക്കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന ചോദ്യം ഉന്നയിക്കേണ്ട സമയമാണിത് എന്നു തോന്നുന്നു. കാരണം ഇപ്പോഴും നമ്മുടെ ആശുപത്രികളില്‍ പോയാല്‍ ഒരു മാസ്കുപോലും ധരിക്കാതെ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരെ കാണാം എന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.

പ്രത്യക്ഷമായ ഒരുദാഹരണം ചൂണ്ടിക്കാണിക്കാം
കുറെ തെമ്മാടികളുടെ ബോംബേറില്‍ അഞ്ചുവയസ്സുകാരിയായ അസ്ന എന്ന കുട്ടിയുടെ കാലു നഷ്ടപ്പെട്ട കഥ നമുക്കറിയാം. 2000 സെപ്തംബര്‍ 27 ആം തീയതി ചെറുവാഞ്ചേരിയിലെ വീട്ടു മുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ബോംബു പൊട്ടി അവളുടെ ഒരു കാല്‍ നഷ്ടമാകുന്നത്. ആ കുഞ്ഞ് പഠിച്ച് വളര്‍ന്ന് ഒരു ഡോക്ടറായി ഇന്നലെ പാട്യം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതലയേറ്റു.

കേരളത്തിന് ഏറെ അഭിമാനം തോന്നിയ നിമിഷമാണതെന്ന കാര്യത്തില്‍ സംശയമില്ല. ജീവിതത്തിനു മുന്നില്‍ തളരാതെ പിടിച്ചു നിന്ന ആ കുഞ്ഞിന്റെ ഇച്ഛാശക്തിയില്‍ മനുഷ്യരായവര്‍ അഭിമാനിക്കുക തന്നെ ചെയ്യും. അസ്നയുടെ തിരിച്ചു വരവിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കുക സ്വാഭാവികമാണല്ലോ.

മാത്രവുമല്ല നാം എത്രയൊക്കെ അനുമോദിച്ചാലും അതൊട്ടുംതന്നെ അധികമാകുകയുമില്ല എന്ന കാര്യത്തിലും എനിക്ക് സംശയമില്ല.
എന്നാല്‍ അസ്ന ഈ കൊറോണക്കാലത്ത് ഒരു മാസ്കുപോലും ധരിക്കാതെ രോഗികളെ പരിശോധിക്കുന്നത് നമ്മുടെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മൂന്നു കൊറോണ രോഗികളുള്ള നമ്മുടെ നാട്ടില്‍ കടുത്ത മുന്‍കരുതലുകളെടുക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും അലസമായി ഒരു ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നത് എന്തു സന്ദേശമാണ് പ്രചരിപ്പിക്കുക?

ഇത് കേവലം ഒരു ഡോക്ടറുടെ മാത്രം പ്രശ്നമല്ല മറിച്ച്, നമ്മുടെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ പൊതുവേ അവലംബിച്ചിരിക്കുന്ന അലംഭാവത്തിന്റെ ഒരു നേര്‍ച്ചിത്രമാണ്. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട ഡോക്ടര്‍മാരോട് ഒരപേക്ഷയുണ്ട്. ചികിത്സ നല്കുന്നതിനോടൊപ്പംതന്നെ ആവശ്യമായ മുന്‍കരുതലുകളെടുക്കാനും മാതൃകകള്‍ സൃഷ്ടിക്കുവാനും നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്.

ലോകാരോഗ്യ സംഘടന നിര്‍‌‍ദ്ദേശിച്ചിരിക്കുന്നതിനെക്കാളും കേരളം ഡോക്ടര്‍ – രോഗി അനുപാതത്തില്‍ ഏറെ മുന്നിലാണെങ്കിലും (1:400) മരിച്ചതിനു ശേഷമല്ല ജീവിച്ചിരിക്കുമ്പോള്‍ ഹീറോയാകാനാണ് നാം ശ്രമിക്കേണ്ടത് എന്ന് മറക്കാതിരിക്കുക. അത്രമാത്രം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.