കളമശ്ശേരി:
കളമശ്ശേരി കെെപ്പടമുകള്‍ പ്രദേശത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്ത് ഭൂമാഫിയയുടെ ഒത്താശയോടുകൂടി സ്ഥല ഉടമ ഏക്കറുകണക്കിന് വരുന്ന പാടം മണ്ണിട്ട് നികത്തുന്നു. ഇരുട്ടിന്‍റെ മറവിലാണ് ലോറികളില്‍ ടണ്‍ കണക്കിന് മണ്ണെത്തിച്ച് കുറച്ച് ഭാഗം നികത്തിയിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് പ്രദേശത്ത് പാടം നികത്താന്‍ ഊര്‍ജിതമായ നീക്കം സ്ഥലഉടമ തുടങ്ങിയത്. കളമശ്ശേരി നഗരസഭ 20-ാം വാര്‍ഡിലെ ഏഴരഏക്കറോളം വരുന്ന പാടശേഖരമാണ് സ്വകാര്യ വ്യക്തിയായ എഎം അബൂബക്കറും കുടുംബവും ചേര്‍ന്ന് മണ്ണിട്ട് നികത്തുന്നത്.
റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ രണ്ട് തവണ ഇദ്ദേഹത്തിന്‍റെ വീട്ടിലുള്‍പ്പെടെ സന്ദര്‍ശിച്ച് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
എന്നാല്‍, വീണ്ടും മണ്ണ് നികത്തല്‍ തുടരുകയാണ്. അബൂബക്കറിന്‍റെ മകളുടെ പേരിലാണ് ഈ സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രദേശത്ത് മണ്ണിടല്‍ തുടരുന്നതിനാല്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് ഏറെ അനുഭവപ്പെടുന്ന പ്രദേശമാണിതെന്നും അധികൃതര്‍ തടഞ്ഞിട്ട് പോലും മണ്ണ് നികത്തല്‍ തുടരന്നത് രാഷ്ട്രീയക്കാരെ സ്വാധീനിച്ചിട്ടാണെന്നും നാട്ടുകാരനായ അനൂപ് പറയുന്നു.
കഴിഞ്ഞ പ്രളയകാലത്ത് കെെപ്പടമുകള്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. നിരവധി വീടുകളിലാണ് ആ സമയത്ത് വെള്ളം കയറിയത്.