Mon. Dec 23rd, 2024
ന്യൂഡൽഹി:

പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മാത്രം ലക്ഷ്യമിട്ട് അസമില്‍ തടങ്കല്‍ പാളയങ്ങളില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത വിധത്തില്‍ പുതിയ തടങ്കല്‍ പാളയങ്ങളാണ് അസമില്‍ ഉയരുന്നത്. വിസാ പ്രശ്‌നങ്ങളില്‍ പെട്ട യഥാര്‍ഥ വിദേശികളേക്കാളേറെ രേഖകള്‍ ശരിയല്ലാത്ത ഇന്ത്യക്കാരാണ് അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇപ്പോഴുമുള്ളത്.  വിസാ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്നും അവര്‍ക്കായി പ്രത്യേക തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കണമെന്നുമുള്ള കോടതി നിര്‍ദ്ദേശത്തിന്റെ മറ പിടിച്ചാണ് നിലവില്‍ അസമില്‍ മാത്രം 10 പടുകൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഉയരുന്നത്. നേരത്തെ തന്നെ ഐ.എം.ഡി.ടി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന ആറ് തടങ്കല്‍ പാളയങ്ങള്‍ വേറെയുമുണ്ട്. വിവിധ കാലങ്ങളിലായി 988 പേരെ ഇവിടെ തടവിലിട്ടിരുന്നു. എന്‍.ആര്‍.സി പട്ടികയുടെ ഒന്നാം ഘട്ടം പുറത്തു വന്നതിനു ശേഷമാണ് അസമില്‍ ഇപ്പോഴത്തെ തടങ്കല്‍ പാളയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.