ന്യൂ ഡൽഹി:
പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അഭിനന്ദിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. രാജ്യത്ത് ആദ്യമായാണ് വിഷയത്തിൽ അഭിനന്ദനപ്രമേയം പാസാക്കിയതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു. പ്രതിപക്ഷത്തെ കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി അംഗങ്ങൾ ഇറങ്ങിപ്പോയശേഷമാണ് പ്രമേയം പാസാക്കിയത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ ചരിത്രതീരുമാനത്തിന് ഗോവൻജനതയുടെ നന്ദിയാണ് പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്നും സാവന്ത് പറഞ്ഞു. 40 അംഗ സഭയിൽ സ്പീക്കർ ഉൾപ്പെടെ 27 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇവർക്കുപുറമെ സർക്കാരിനെ പിന്തുണക്കുന്ന രണ്ടു സ്വതന്ത്രരും സഭയിൽ ഹാജരുണ്ടായിരുന്നു.