Thu. Dec 19th, 2024

എറണാകുളം:

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇത് പണിക്കാലം. ആശുപത്രി പരിസരത്ത് എല്ലായിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ട്രോമ കെയര്‍ സെന്‍ററിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെയും പണി ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.

ഹെെടെന്‍ഷന്‍ ഭൂഗര്‍ഭ കേബിളുകള്‍ വലിക്കാനായി ഗാര്‍ഡന്‍ വെട്ടിപ്പൊളിച്ച് അതിന്‍റെ പണിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ക്യാന്‍സര്‍ ബ്ലോക്കിന്‍റെ നിര്‍മാണവും ആരംഭിക്കാനിരിക്കുകയാണ്.

ട്രോമ കെയര്‍ സെന്‍റിന്‍റെ നിര്‍മാണം ജനുവരി 31നകം പൂര്‍ത്തിയാക്കുമെന്നാണ് ഇന്‍കെല്‍ ഉറപ്പുനല്‍കിയിരുന്നതെങ്കിലും അത് ഫെബ്രുവരി 15ന് മാത്രമെ പൂര്‍ത്തിയാക്കുകയുള്ളുവെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നതെന്ന് ആര്‍എംഒ പിജെ സിറിയക് പറഞ്ഞു.

സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്നും, ഓഗസ്റ്റ് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും  അദ്ദേഹം പറഞ്ഞു. എട്ട് നിലകളിലായാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മാണം നടക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam