പച്ചാളം:
കൊച്ചി നഗരസഭ പട്ടികവിഭാഗം വനിതകള്‍ക്കായി പച്ചാളത്ത് നിര്‍മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലം നീളുന്നു. അഞ്ച് നില കെട്ടിടത്തിന്‍റെ നിര്‍മാണം നഗരസഭ പൂര്‍ത്തിയാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചിട്ടുള്ള വെെദ്യുതീകരണം ലിഫ്റ്റ് തുടങ്ങിയവയുടെ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
തൊണ്ണൂറു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഈ കെട്ടിടത്തിന്‍റെ നിര്‍മാണം 2017 മെയ്മാസത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. അകത്തെ പണികളാണ് ഇനി ബാക്കിയുള്ളത്. ബാത്ത്റൂമിന്‍റെയും കിച്ചണിന്‍റെയും ഉള്‍പ്പെടെ ജോലികളൊക്കെ പൂര്‍ത്തിയാക്കിയെങ്കിലും മൊത്തം പൊടി പിടിച്ചുകിടക്കുകയാണ്.
2018 ഫെബ്രുവരി 28നാണ് കൊച്ചി നഗരസഭ ലിഫ്റ്റിനും വെെദ്യുതികരണത്തിനും ആവശ്യമായ പണികള്‍ പൂര്‍ത്തിയാക്കാന്‍ 83 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന്‍റെ തൃശൂര്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ അടച്ചത്.
കെട്ടിടത്തിന്‍റെ മറ്റ് പണികളെല്ലാം നഗരസഭ പൂര്‍ത്തിയാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പിന്‍റെ പണി ഇഴഞ്ഞുനീങ്ങുകയാണ്. ഈ അഞ്ചുനില കെട്ടിടത്തിന് മൂന്നുകോടി രൂപയാണ് ജനകീയാസൂത്രണത്തിലെ എസ്എസ്ടി ഫണ്ടില്‍ നിന്ന് കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് പദ്ധതിക്കായി മാറ്റിവെച്ചത്. പൊതുമരാമത്ത് വകുപ്പിന്‍റെ പണി പൂര്‍ത്തിയാക്കിയാല്‍ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം ഉടന്‍ നടത്താന്‍ കഴിയും.