ഐ ലീഗ് ഫുട്ബോളിന് കോഴിക്കോട് കളമൊരുങ്ങുന്നു. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ് സി, നെരോക്ക എഫ് സിയെ നേരിടും. ഡ്യുറന്റ് കപ്പ് ജേതാക്കള്‍ എന്ന ഖ്യാതിയുമായി ഐ ലീഗിന് തയ്യാററെടുക്കുകയാണ് ഗോകുലം കേരള എഫ് സി. ടീമിന്റെ പരിശീലനം ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഇത്തവണയും കിരീടം നേടുകയാണ് ലക്‌ഷ്യം.
കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഗോകുലം. ട്രിനിഡാഡ് ആന്റ് ടൊബാഗോ താരം മാര്‍ക്കസ് ജോസഫാണ് നായകന്‍. അര്‍ജന്റീനയില്‍ നിന്നുള്ള ഫെര്‍ണാന്‍ഡോ സാന്റിയാഗോ വരേലയാണ് പരിശീലകന്‍.
25 അംഗ ടീമില്‍ 5 വിദേശ താരങ്ങളും 10 പേര്‍ മലയാളികളുമാണ്. മണിപ്പൂരില്‍ നിന്നുള്ള അഞ്ചും, തമിഴ്നാട് താരങ്ങളായ 3 പേരും ഗോവ, മിസോറാം എന്നിവിടങ്ങളില്‍ നിന്നും ഓരോ താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി എഫ് സി യാണ് നിലവിലെ ചാമ്പ്യന്മാര്‍. ഐ ലീഗ് ആരംഭിക്കുന്ന ശനിയാഴ്ച കൊല്‍ക്കത്തയില്‍ മോഹന്‍ബഗാന്‍ ഐസ്വാള്‍ എഫ് സി മത്സരവും നടക്കും.