Mon. Dec 23rd, 2024
കൊച്ചി:

പുതിയ ബാറുകള്‍ അനുവദിക്കരുതെന്ന ആവശ്യവുമായി ബാറുടമകളില്‍ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് എതിരായാല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. എന്നാല്‍, ഒരു വിഭാഗത്തിനെ മാത്രം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നു ബിജു രമേശ് ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിയ ഭൂരിഭാഗം ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൂടാതെ, പുതിയ 158 ബാറുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതിയും നല്‍കി. ഇതോടെ ബാറുകളുടെ എണ്ണം 535 ആണ്. നിരവധി ബാറുകള്‍ ത്രീസ്റ്റാറും ഫോര്‍ സ്റ്റാറും ആക്കി മാറ്റുന്നതിനുള്ള പണിപ്പുരയിലുമാണ്.

ബാറുകള്‍ കൂടുതലെത്തിയാല്‍ നിലവിലുള്ള പലതും പൂട്ടിപോകുമെന്നാണ് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചത്. പ്രസിഡന്‍റ് സുനില്‍കുമാര്‍ അടക്കമുള്ളവരാണ് ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്.

എഴുപത്തഞ്ചോളം ഹോട്ടലുകളാണ് ബാറിനുള്ള അപേക്ഷയുമായി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്. ഇതിനിടയില്‍ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാരിനെ സമീപിച്ചത് അസോസിയേഷനില്‍ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്.