ന്യൂ ഡല്‍ഹി:
ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇ–സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ സംബന്ധിച്ച് സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച ഓർഡിനൻസിന് ബദലായിരിക്കും പുതിയ ബില്‍.
യുവാക്കളെ സ്വാധീനിക്കാൻ ഇ-സിഗരറ്റുകൾ ഫാഷനായി വിപണനം ചെയ്തു. ഇത് ഒടുവിൽ ലഹരിവസ്തുക്കളുടെ ആസക്തിയിലേക്ക് നയിക്കും. അതിനാൽ നിരോധനം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള മിക്ക പാർട്ടികളും ബില്ലിനെ പിന്തുണച്ചെങ്കിലും നിയമനിർമ്മാണത്തിനുള്ള ഓർഡിനൻസ് മാർഗം സ്വീകരിക്കാനുള്ള സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തു. ഓർഡിനൻസിനെ എതിർക്കാൻ അവർ കൊണ്ടുവന്ന പ്രമേയം ശബ്ദവോട്ടിലൂടെ പരാജയപ്പെട്ടു.
പ്രതിപക്ഷ അംഗങ്ങൾ മുന്നോട്ടുവച്ച നിരവധി ഭേദഗതികളും സഭ നിരസിച്ചിരുന്നു. ഇ-സിഗരറ്റിനായി ഉപയോഗിക്കുന്ന നിക്കോട്ടിൻ രാസവസ്തുക്കൾ ക്യാൻസറിനും ഹൃദയ രോഗങ്ങൾക്കും കാരണമാകും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇ-സിഗരറ്റിനെക്കുറിച്ച് ധവളപത്രം ഇറക്കി നിരോധിക്കുമെന്ന് പ്രതിപക്ഷത്തിന്‍റെ വാദങ്ങള്‍ക്ക് മറുപടിയായി ഹർഷ് വർധൻ പറഞ്ഞു.
ഇത്തരം പുകവലി ഉപകരണങ്ങളുടെ നിർമ്മാണം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വിതരണം, ഗതാഗതം, വിൽപ്പന, , പരസ്യങ്ങൾ എന്നിവ ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആദ്യതവണ, നിയമലംഘകർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തുടർന്നുള്ള കുറ്റങ്ങൾക്ക്, മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ 5 ലക്ഷം രൂപ പിഴയോ, രണ്ടും ചേര്‍ന്നതോ ലഭിക്കാം. ഇ-സിഗരറ്റ് സംഭരിക്കുന്നതിന് ആറുമാസം വരെ തടവോ 50,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയാണ് ശിക്ഷ.