Tue. Nov 5th, 2024
ദുബായ്:

സമൂഹത്തില്‍ സഹിഷ്ണുത വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരം ഏര്‍പ്പെടുത്തി യുഎഇ. 50 ലക്ഷം ദിർഹം (ഏകദേശം 10 കോടിയോളം രൂപ) ആണ്  സമ്മാനത്തുകയായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് അവാർഡ്.

ദുബായ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസ് (ഐഐടി) അന്താരാഷ്ട്രതലത്തിലുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അവാർഡിന് പരിഗണിക്കുന്ന നാമനിർദേശങ്ങൾ ഞായറാഴ്ചമുതൽ സ്വീകരിച്ചുതുടങ്ങി.

ചിന്ത, സാഹിത്യം, കല, യുവാക്കളുടെ പദ്ധതികൾ, നവമാധ്യമം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായാണ് അവാർഡ് നല്‍കുന്നത്. ഓരോ വിഭാഗത്തിനും 10 ലക്ഷം ദിർഹംവീതം സമ്മാനമായി ലഭിക്കും. 30,000 അപേക്ഷകളും നാമനിർദേശങ്ങളുമാണ് ഐഐടി പ്രതീക്ഷിക്കുന്നത്. ഈവർഷം അവസാനംവരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിലായിരിക്കും ചടങ്ങ്.

അവാർഡിന്‍റെ ബോർഡ് ഓഫ് ട്രസ്റ്റികൾ അംഗീകരിച്ച മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി www.mbrtawards.ae ൽ രജിസ്റ്റർചെയ്ത് നാമനിർദേശങ്ങൾ നടത്താം. സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം സഹിഷ്ണുതയുടെ വക്താക്കളെ ആദരിക്കുക എന്നതാണ് സംരംഭത്തിന്‍റെ ലക്ഷ്യം.