Fri. Nov 22nd, 2024
ദുബായ്:

പരമ്പരാഗത കലാരൂപങ്ങളും കരിമരുന്നുപ്രയോഗവുമടക്കം 48-ാമത് ദേശീയദിനം  വൻ ആഘോഷമാക്കാന്‍ ദുബായ് ഒരുങ്ങി. യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരെയെല്ലാം ആഘോഷത്തിന്‍റെ ഭാഗമാക്കുമെന്നും പരിപാടികളിൽ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തത്തിന് പൂർണപിന്തുണ നല്‍കുമെന്നും ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് (ഡിഎഫ്ആർഇ) സിഇഒ അഹമ്മദ് അൽഖജ പറഞ്ഞു.

ആഘോഷപരിപാടികളെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ www.nationaldaydubai.com എന്ന വെബ്‌സൈറ്റിൽ കാണാം. പൊതുജനങ്ങൾക്ക് ചില പരിപാടികൾ കാണാനുള്ള ടിക്കറ്റുകൾ ഈ വെബ്‌സൈറ്റ് വഴിയാണ് ലഭ്യമാവുക. അനുസ്മരണദിനമായ 30-ന് ആഘോഷപരിപാടികൾ ഉണ്ടാകില്ലെന്നും ഡിഎഫ്ആർഇ അറിയിച്ചു.

ലാമെറിലും അൽ സീഫിലും 29, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സംഗീതപരിപാടികൾ അരങ്ങേറും. യുഎഇ യിലെ പ്രാദേശികതാരങ്ങൾ അണിനിരക്കുന്ന സംഗീതപരിപാടിയുടെ പ്രവേശനം സൗജന്യമാണ്.

ഡിസംബർ ഒന്നിനും രണ്ടിനും ലാമെർ ദുബായിൽ രാത്രി 8.30-നും ഡിസംബർ രണ്ടിന് ദി പോയന്റ്, അൽസീഫ് എന്നിവിടങ്ങളിൽ രാത്രി എട്ട് മണിക്കും, ദി ബീച്ച്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ രാത്രി ഒമ്പത് മണിക്കും കരിമരുന്ന് പ്രയോഗം നടക്കും.

ബുർജ് ഖലീഫയിൽ പ്രത്യേക എൽഇഡി ലൈറ്റ് ഷോയും, പെയിന്റിങ്, കരകൗശലനിർമാണം തുടങ്ങി കുട്ടികൾക്ക് മാത്രമായി പ്രത്യേക പരിപാടികളും നടക്കും. ഇത്തിഹാദ് മ്യൂസിയത്തില്‍  ഫൗണ്ടിങ് ഫാദേഴ്‌സ് എക്സിബിഷൻ എന്ന പേരില്‍ യുഎഇയുടെ സമ്പന്നപാരമ്പര്യത്തെക്കുറിച്ചും, ചരിത്രത്തിലെ സുപ്രധാന കാലഘട്ടങ്ങളെക്കുറിച്ചും സന്ദർശകർക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചിത്രപ്രദർശനവും ഉണ്ടാകും. വിമാനത്താവളത്തിലും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.