മസ്കറ്റ്:
ഇതര ഗൾഫ് നാടുകളിൽനിന്നും ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് വിസ കിട്ടില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തിന്‍റെ അതിർത്തികളിലെ ചെക് പോസ്റ്റുകളിൽനിന്ന് ഇപ്പോൾ നിലവിലുള്ളതുപോലെ തന്നെ അർഹതപ്പെട്ടവർക്ക് വിസ ലഭിക്കും.
ചെക് പോസ്‌ററുകളിലെ തിരക്കും കാലതാമസവും ഒഴിവാക്കാൻ യാത്രികർ നേരത്തെ തന്നെ ഓൺലൈനായി ഇ-വിസ എടുത്തുവെച്ചാൽ അതിർത്തി വഴിയുള്ള യാത്ര സുഗമമാക്കുകയും ചെയ്യാം. ഇതുവഴി സമയം ലാഭിക്കാനും സാധിക്കുമെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി.
റോഡ് മാർഗം ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക്‌പോസ്റ്റുകളിൽനിന്ന് നൽകി വന്നിരുന്ന വിസ നിർത്തലാക്കിയെന്ന് ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജിസിസി രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉടമകൾക്കും ഇവിടങ്ങളിൽ താമസ പെർമിറ്റ് ഉള്ളവർക്കുമാണ് ഇത്തരത്തിൽ ചെക്‌പോസ്റ്റുകളിൽനിന്ന് ഒമാൻ വിസ എടുക്കാൻ അർഹത. യുഎഇ യിലെ അവധി നാളുകളിൽ ആയിരങ്ങളാണ് ഒമാനിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നത്.