Fri. Nov 22nd, 2024
ന്യൂസിലാന്റ്:

പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്സാപ്പിലൂടെ പുസ്തമെഴുതി ലോകശ്രദ്ധ പിടിച്ചു പറ്റിയ കുർദിഷ്- ഇറാനിയന്‍ അഭയാർത്ഥിയും, മാധ്യമ പ്രവര്‍ത്തകനുമായ ബെഹ്‌റൂസ്‌ ബൂചാനി ന്യൂസിലാന്റിലെത്തി. ഓസ്ട്രേലിയയുടെ കുടിയേറ്റ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും തിരിച്ച് പപ്പുവ ന്യൂ ഗിനിയയിലേക്കില്ലെന്നും ബൂചാനി വ്യക്തമാക്കി. അഭയാര്‍ത്ഥി എന്നതിലുപരി ഒരു വ്യക്തിയായിരിക്കാന്‍ ‍താന്‍ ആഗ്രഹിക്കുന്നു എന്നും ബൂചാനി പറ‍ഞ്ഞു.

ആറു വര്‍ഷം മുമ്പാണ് ബൂചാനി തടവുകാരനായി പപ്പുവ ന്യൂ ഗിനിയിലെ മാനസ്ദ്വീപിലെത്തിയത്. തടവറയില്‍ തന്റെ അനുഭവങ്ങള്‍ പ്രാദേശികഭാഷയായ ഫര്‍സിയില്‍ എഴുതി, വാട്‌സ് ആപ്പിലൂടെ ഓസ്‌ട്രേലിയയിലെ പരിഭാഷകന് അയച്ചു കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ‘നോ ഫ്രണ്ട് ബട്ട് ദി മൗണ്ടെയ്ന്‍സ്: റൈറ്റിങ് ഫ്രം മാനുസ് പ്രിസണ്‍’ എന്ന പുസ്തകം പുറത്തിറങ്ങുന്നത്.

ഒടുവിൽ സാഹിത്യത്തിന് ഓസ്ട്രേലിയയിൽ നൽകുന്ന ഉന്നത പുരസ്കാരമായ വിക്ടോറിയൻ പുരസ്കാരം ബൂചാനിയുടെ പുസ്തകത്തിന് ലഭിച്ചു. ഓസ്‌ട്രേലിയയുടെ കര്‍ക്കശ കുടിയേറ്റനയങ്ങളുടെ നിശിത വിമര്‍ശകനാണ് ബൂചാനി. അദ്ദേഹം ന്യൂസിലാന്റിൽ അഭയം തേടിയത്, ഓസ്ട്രേലിയയില്‍ കടുത്ത രാഷ്ടീയ സമ്മര്‍ദ്ദം സൃഷ്ടിക്കാനിടയുണ്ട്.