Fri. Nov 22nd, 2024
ന്യൂഡൽഹി:

ഫീസ് വർദ്ധനവ്‌, ഹോസ്റ്റൽ കർഫ്യു, ഡ്രസ്സ് കോഡ് തുടങ്ങിയ മാറ്റങ്ങളോടെ പുറത്തിറങ്ങിയ പുതിയ ഹോസ്റ്റൽ മാനുവലിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയിൽ കൂടുതലായി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരം കഴിഞ്ഞ ദിവസം എ.ഐ.സി.ടി.ഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ) യിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങ് ഉപരോധത്തോടെയാണ് ദേശിയ പ്രാധാന്യത്തോടെ ശ്രദ്ധിക്കപ്പെട്ടത്.

വിദ്യാർത്ഥി പ്രാതിനിധ്യമില്ലാതെ നടത്തിയ മീറ്റിംഗിലൂടെ പാസ്സാക്കിയ പുതിയ ഹോസ്റ്റൽ മാനുവലിൽ ഹോസ്റ്റൽ റൂം വാടക മാസം 10 രൂപയെന്നതിൽ നിന്ന് 300 രൂപയിലേക്ക് മാറ്റിയെന്നത് കൂടാതെ വൈദ്യുതി, വെള്ളം, ഇൻറ്റർ നെറ്റ് തുടങ്ങിയ സൗകര്യങ്ങൾക്ക് കൂടിയുള്ള ഭീമമായ തുക ഇനി വിദ്യാർത്ഥികളടയ്ക്കണം. നിലവിൽ അടക്കുന്ന മെസ്സ് ബില്ലിനോടൊപ്പം ഈയിനത്തിൽ മാസം മൂവായിരത്തിൽ കൂടുതൽ രൂപയോളം ഓരോ വിദ്യാർത്ഥികളും അടയ്ക്കേണ്ടി വരും.

 

ഇന്നലെ (13-11 -2019) നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ ഫീസ് വർദ്ധന വലിയ തോതിൽ കുറച്ചുവെന്നും കൂടാതെ E.W.S വിദ്യാർത്ഥികൾക്ക് (ഇവിടെ എസ് സി, എസ് ടി, ഒബിസി ക്യാറ്റഗറി പരാമർശത്തിലേയില്ല) ഹോസ്റ്റൽ ഫീസിൽ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും സമരമവസാനിപ്പിച്ച് വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മടങ്ങണമെന്നുമുള്ള മാനവ വിഭവ ശേഷി വകുപ്പ് വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യത്തിന്റെ ട്വീറ്റ് ക്യാമ്പസ്സിന് പുറത്തുള്ളവരിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നു.

എന്നാൽ ഹോസ്റ്റൽ വാടക 100 രൂപ മാത്രം കുറച്ചു കൊണ്ടും ഒറ്റത്തവണ മാത്രം അടക്കേണ്ട റീഫണ്ടബിൽ കോഷൻ ഡെപ്പോസിറ്റ് പഴയ നിരക്കിലേക്ക് മാറ്റിയതുമല്ലാതെ മാസം തോറും 3000 രൂപയിൽ കൂടുതൽ അധിക ഫീസ് അടക്കേണ്ടിവരുന്ന പുതിയ നയത്തിൽ മാറ്റങ്ങളൊന്നും തന്നെയില്ല.

 

 

 

പുതിയ മാനുവൽ മുഴുവനായി പിൻവലിക്കും വരെ സമരം ശക്തമായി തന്നെ തുടരുമെന്നാണ് അഡ്മിൻ ബ്ലോക്ക് ഘരാവോ ചെയ്തുകൊണ്ടും ചുമരെഴുത്തുകളിൽ ഏർപ്പെട്ടുകൊണ്ടും ഇന്നലെ നടന്ന ഉപരോധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.

പുതിയ മാനുവലിൽ പറയുന്നതു പ്രകാരം ഫീസ് ഇളവ് ലഭിക്കുന്നതിനുള്ള മാനദണ്ഡം ദാരിദ്ര്യ രേഖ (ചില ഫീസുകൾ മാത്രം ബി പി എൽ വിദ്യാർത്ഥികൾക്ക് ഭാഗികമായ ഇളവ്) ആണെന്നുള്ളതും, ഇവിടെയും എസ് സി, എസ് ടി, ഒബിസി വിഭാഗ പ്രകാരമുള്ള ഫീസ് ഇളവിനെ പറ്റി യാതൊരു പരാമർശവും ഇല്ല എന്നുള്ളതും പ്രശ്നങ്ങളുടെ ഗൗരവത്തെ കാണിക്കുന്നു.

 

 

ജെഎൻയു ടീച്ചേർസ് അസ്സോസിയേഷനും വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് . അമിത ഫീസുകളോടെ പ്രൈവറ്റ് വിദ്യാഭ്യാസ മേഖല ഉയർന്നു വരുന്ന അവസരത്തിൽ, ഒരുപക്ഷെ മാസം 10 രൂപ മാത്രം ഹോസ്റ്റൽ മുറിക്ക് ചിലവാക്കാൻ കയ്യിലുള്ളവരും കൂടി ഉൾപ്പെടുന്നതല്ലേ ഈ രാജ്യം എന്ന ആശയമാണ് ജെഎൻയു എന്ന പൊതുവിദ്യഭ്യാസ സ്ഥാപനം.

ഹോസ്റ്റൽകർഫ്യൂ, വസ്ത്രധാരണത്തിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ വിദ്യാർത്ഥി വിരുദ്ധനയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതോടൊപ്പം വളരെ കുറഞ്ഞ ചിലവിൽ ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുകയെന്ന ആശയത്തിന് വേണ്ടിയുള്ളതാകുന്നതുകൊണ്ടു കൂടിയാണ് ഈ വിദ്യാർത്ഥി സമരം അത്രയും സുന്ദരമാകുന്നത്.