Sun. Nov 17th, 2024

ഗാസ സിറ്റി:

ഗാസയില്‍ ഇസ്രയേലിന്‍റെ ശക്തമായ വ്യോമാക്രമണം രണ്ടാം ദിവസത്തിലേക്ക് കടന്നു. 18 പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് മിസൈലുകൾ പതിച്ചത്.

ഗാസയിൽനിന്നു തെക്കൻ ഇസ്രയേലിലേക്കു പാലസ്തീൻ ഇസ്‌ലാമിക് ജിഹാദ്  (പിഐജെ) റോക്കറ്റാക്രമണവും തുടർന്നു. ഇസ്രയേൽ പക്ഷത്ത് ആളപായമില്ല.

ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ പിഐജെ മുതിർന്ന കമാൻഡർ ബഹാ അബുൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഗാസയിൽനിന്ന് ഇന്നലെ 250 റോക്കറ്റുകൾ ഇസ്രയേലിനു നേരെ തൊടുത്തുവെന്നു സൈന്യം അറിയിച്ചു.

വടക്കൻ ടെൽ അവീവ് വരെയെത്തിയ റോക്കറ്റ് ആക്രമണത്തില്‍ 2 പേർക്കു പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് ഇസ്രയേൽ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. റോക്കറ്റാക്രമണം നിർത്തും വരെ അടങ്ങിയിരിക്കില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം.

ഗാസ ഭരിക്കുന്ന ഹമാസ് സംഘർഷത്തിൽ ഇടപെട്ടിട്ടില്ല. എന്നാൽ, ആക്രമണം തുടരുമെന്ന് ഇറാൻ പിന്തുണയുള്ള പിഐജെ വ്യക്തമാക്കി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഗാസയോടു ചേർന്ന ഇസ്രയേൽ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിനും വിലക്കുണ്ട്.